03:57pm 21 June 2026
NEWS
നാളെ കന്നഡ സംഘടനകളുടെ സംസ്ഥാന ബന്ദ്; കർണാടകത്തിൽ ജനജീവിതം സ്തംഭിച്ചേക്കും
21/03/2025  11:20 AM IST
വിഷ്ണുമംഗലം കുമാർ
നാളെ കന്നഡ സംഘടനകളുടെ സംസ്ഥാന ബന്ദ്; കർണാടകത്തിൽ ജനജീവിതം സ്തംഭിച്ചേക്കും

കന്നഡ ഭാഷ- സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മ നാളെ കർണാടക ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. നീണ്ട ഇടവേളക്ക് ശേഷമാണ് കർണാടകത്തിൽ ഒരു സംസ്ഥാന ബന്ദ് വന്നെത്തുന്നത്. ഏതാനും ദിവസം മുമ്പ് ബെളഗാവിയിൽ ഒരു കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷൻ കണ്ടക്ടറെ മറാട്ടി സംസാരിക്കാത്തതിന്റെ പേരിൽ ഒരു സംഘം മറാട്ടിക്കാർ മർദ്ദിച്ചിരുന്നു. മഹാരാഷ്ട്രയുമായി കർണാടകം അതിർത്തി പങ്കിടുന്ന ബെളഗാവി ജില്ലയിൽ മറാട്ടി ഭാഷ സംസാരിക്കുന്നവർ നിരവധിയുണ്ട്. കടുത്ത മറാട്ടവാദികൾ ഈ ജില്ലയിൽ പലേടത്തും സംഘർഷം സൃഷിക്കാറുണ്ട്. അത് കന്നഡ- മറാട്ടി ഭാഷാകലഹമായി പരിണമിക്കുകയും ചെയ്യും. കണ്ടക്ടറെ മർദ്ദിച്ച സംഭവം സംസ്ഥാനമൊട്ടാകെ പ്രതിഷേധം ഉളവാക്കിയിരുന്നു. കന്നഡിഗരുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്ന സംഭവങ്ങൾ അടിയ്ക്കടി ഉണ്ടാകുന്നതിൽ കന്നഡ ഭാഷാപ്രേമികളും സാംസ്‌കാരിക പ്രവർത്തകരും അസ്വസ്ഥരാണ്. കന്നഡിഗരുടെ അഭിമാനം ഉയർത്തിപ്പിടിച്ച് ഈ പ്രശ്നം പൊതുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിനാണ് പ്രമുഖ ഭാഷാവാദിയായ വട്ടൽ നാഗരാജിന്റെ നേതൃത്വത്തിൽ കന്നഡ സംഘടനകൾ ഒത്തുചേർന്ന് നാളെ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ബന്ദ് ആചരിക്കാൻ ആഹ്വാനം ചെയ്തിട്ടുള്ളത്. എല്ലാ മേഖലയിലും പെട്ട ട്രാൻസ്‌പോർട്ട് ജീവനക്കാർ ബന്ദിൽ പങ്കെടുക്കുന്നുണ്ട്, ബസ്സ്‌, ഓട്ടോറിക്ഷകൾ, ടാക്സി കാബുകൾ ഒന്നും തന്നെ റോഡിലിറങ്ങില്ല. ബംഗളുരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ ജനജീവിതം സ്തംഭിച്ചേക്കും. വിദ്യാലയങ്ങളിൽ പരീക്ഷകൾ നടക്കുന്നതിന്റെ തിരക്കിനിടയിലാണ് ബന്ദ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് തുടങ്ങുന്ന എസ് എസ് എൽ സി പരീക്ഷ നാളെ ഇല്ലെങ്കിലും പല സ്കൂളുകളിലും മറ്റു പരീക്ഷകളുണ്ട്. കന്നഡ സംഘങ്ങൾ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ശനിയാഴ്ച പ്രവൃത്തി ദിവസമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയേക്കും. വ്യാപാര- വ്യവസായ സ്ഥാപനങ്ങളും തുറന്നുപ്രവർത്തിക്കാനിടയില്ല.  "ബെളഗാവിയിൽ കന്നഡിഗരുടെ നെഞ്ചത്ത് കയറുകയാണ് പ്രദേശികവാദികൾ. അവർ അവിടെ അവരുടെ നേതാവായ സാംബജിയുടെ പ്രതിമ സ്ഥാപിച്ചു. മഹാജൻ കമ്മിറ്റി റിപ്പോർട്ട് അംഗീകരിക്കാൻ അവർ കൂട്ടാക്കുന്നില്ല. അൽമാട്ടി അണക്കെട്ടിന്റെ ഉയരം കൂട്ടാൻ അനുവദിക്കുന്നില്ല. കുഴപ്പം സൃഷ്ടിച്ച് ജനജീവിതം ഇടയ്ക്കിടെ സംഘർഷഭരിതമാക്കുന്നു. ഇതിനൊക്കെ ഒരവസാനം കാണേണ്ടേ?" മുൻ എം എൽ എയായ വട്ടൽ നാഗരാജ് ചോദിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img