07:43am 21 September 2026
NEWS
ജഗതിയെ ചേർത്തുപിടിച്ച് താരങ്ങൾ; 13 വർഷത്തിനു ശേഷം അമ്മ യോഗത്തിൽ പങ്കെടുത്തു
23/06/2025  09:23 AM IST
സുരേഷ് വണ്ടന്നൂർ
ജഗതിയെ ചേർത്തുപിടിച്ച് താരങ്ങൾ; 13 വർഷത്തിനു ശേഷം അമ്മ യോഗത്തിൽ പങ്കെടുത്തു

കൊച്ചി: മലപ്പുറത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലും വിശ്രമത്തിലുമായിരുന്ന പ്രിയതാരം ജഗതി ശ്രീകുമാർ 13 വർഷത്തിനു ശേഷം താരസംഘടനയായ 'അമ്മ'യുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തു. ചന്ദനനിറമുള്ള ഷർട്ടും കറുത്ത പാന്റും ധരിച്ച് വീൽചെയറിൽ നിറചിരിയോടെയെത്തിയ ജഗതിയെ താരങ്ങൾ ചേർത്തുപിടിച്ച് സ്നേഹം പങ്കുവെച്ചു.
അമ്മ പ്രസിഡന്റ് മോഹൻലാൽ അദ്ദേഹത്തിന്റെ കൈയിൽ പിടിച്ച് സ്നേഹപൂർവം സ്വാഗതം ചെയ്യുകയും ചെവിയിൽ കുശലം പറയുകയും ചെയ്തു. മോഹൻലാലിനെ കൈയുയർത്തി ജഗതി തലോടുകയും ചെയ്തു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ജഗതിയെ സ്വീകരിക്കാനെത്തിയിരുന്നു.

യോഗത്തിൽ മുൻനിരയിൽ വീൽചെയറിൽ അദ്ദേഹത്തെ ഇരുത്തി. മുതിർന്നവരും യുവാക്കളുമായ അഭിനേതാക്കൾ അടുത്തെത്തി ചേർത്തുപിടിച്ച് സ്‌നേഹവും ആദരവും പ്രകടിപ്പിച്ചു. നിറഞ്ഞ ചിരിയിലൂടെ അദ്ദേഹം എല്ലാവരോടും പ്രതികരിച്ചു. 2012 മാർച്ച് 10ന് മലപ്പുറം ജില്ലയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം ദേശീയപാതയിലുണ്ടായ വാഹനാപകടത്തിനു ശേഷം ഇത് ആദ്യമായാണ് ജഗതി അമ്മയുടെ യോഗത്തിൽ പങ്കെടുക്കുന്നത്. അമ്മയുടെ അഡ്ഹോക് കമ്മിറ്റി ഭാരവാഹികൾ പ്രത്യേകം ക്ഷണിച്ചാണ് യോഗത്തിനായി അദ്ദേഹത്തെ കൊച്ചിയിൽ എത്തിച്ചത്. യോഗം നടന്ന കലൂരിലെ ഹോട്ടലിൽ ശനിയാഴ്ച തന്നെ ജഗതി കുടുംബസമേതം എത്തിയിരുന്നു. ഇന്നലെ രാവിലെ 11ന് മകനൊപ്പം കൺവെൻഷൻ സെന്ററിലെ യോഗ ഹാളിലേക്ക് എത്തി.

ശ്രീനിവാസൻ എത്തി, മധു ഓൺലൈനിൽ

ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലും വിശ്രമത്തിലുമായി തൃപ്പൂണിത്തുറ കുരീക്കാട്ട് താമസിക്കുന്ന നടൻ ശ്രീനിവാസനും അമ്മ യോഗത്തിനെത്തി. വേദിക്ക് മുന്നിൽ ജഗതി ശ്രീകുമാറിനരികിലാണ് ശ്രീനിവാസൻ ഇരുന്നത്. അമ്മയിലെ ഏറ്റവും മുതിർന്ന അംഗമായ മധു ഓൺലൈനിൽ തത്സമയം സംസാരിച്ചു. അമ്മയുടെ വളർച്ചയെ തടയാൻ അകത്തുള്ള ചിലർ ശ്രമിച്ചിട്ടും കഴിഞ്ഞിട്ടില്ലെന്ന് മധു പറഞ്ഞു. സംഘടനാബലവും സ്വാർത്ഥലാഭമില്ലാത്ത നേതൃത്വവുമാണ് അമ്മയുടെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യപ്രശ്‌നങ്ങൾ മൂലം നേരിട്ടെത്താൻ കഴിഞ്ഞില്ലെങ്കിലും സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മധു വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img