
ഇലോണ്‍ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് ഇന്ത്യയിലേക്കെത്തുന്നു. സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ ഉടന്‍ അനുമതി ലഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണ്. മസ്കിന്റെ ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‌ലയ്ക്ക് പിന്നാലെ സ്റ്റാര്‍ലിങ്കും ഇന്ത്യയിലേക്കെത്തുമെന്ന് ഇതോടെ ഉറപ്പായി. ഇക്കണോമിക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തില്‍ ബ്രോഡ്‌ബാന്‍ഡ് സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റ് സേവനം ആരംഭിക്കാനാണ് സ്റ്റാർ ലിങ്ക് പദ്ധതിയിടുന്നത്. ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്‍ററിന്റെ അന്തിമ അനുമതിക്കായാണ് സ്റ്റാര്‍ലിങ്കിന്‍റെ മാതൃകമ്പനിയായ സ്പേസ് എക്സ് കാത്തിരിക്കുന്നത്. ഉപഗ്രഹ ഇന്‍റര്‍നെറ്റ് ആരംഭിക്കും മുമ്പ് ടെലികോം മന്ത്രാലയത്തില്‍ നിന്ന് സാറ്റ്‌ലൈറ്റ് ലൈസന്‍സും സ്പെക്ട്രവും സ്റ്റാര്‍ലിങ്ക് സ്വന്തമാക്കേണ്ടതുണ്ട്. അതേസമയം, സ്‌പെക്‌ട്രം വിതരണത്തിന് ലേലം വേണമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.











