
മുംബൈ: ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ കൈകാര്യം ചെയ്യുന്നതിൽ ഗുരുതരമായ ചട്ടലംഘനങ്ങൾ നടത്തിയതിന് സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനിക്ക് രണ്ട് കോടി രൂപ പിഴ ചുമത്തി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ). അർഹമായ ക്ലെയിമുകൾ മതിയായ കാരണമില്ലാതെ നിരസിക്കുകയും പോളിസിയിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി അനുവദിക്കേണ്ട തുകയിൽ കുറവ് വരുത്തുകയും ചെയ്തതടക്കമുള്ള വീഴ്ചകളാണ് നടപടിക്ക് ആധാരം.
2022 ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെ നടത്തിയ പരിശോധനയിലാണ് കമ്പനിയുടെ പ്രവർത്തനങ്ങളിലെ ക്രമക്കേടുകൾ ഐ.ആർ.ഡി.എ.ഐ കണ്ടെത്തിയത്. ഇതിന്റെ തുടർനടപടിയായി 2024 ഡിസംബറിൽ കാരണം കാണിക്കൽ നോട്ടീസ് നൽകി. 2025 ജൂണിൽ കമ്പനിയുടെ വിശദീകരണം നേരിട്ട് കേട്ട ശേഷമാണ് പിഴ ചുമത്താനുള്ള തീരുമാനമെടുത്തത്.
കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ഇൻഷുറൻസ് ക്ലെയിമുകൾ ഉൾപ്പെടെ ന്യായീകരിക്കാനാകാത്ത കാരണങ്ങൾ നിരത്തി നിരസിച്ച സംഭവങ്ങളും പരിശോധനയിൽ കണ്ടെത്തി. ചട്ടലംഘനങ്ങൾ അധികൃതർ ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് തർക്കത്തിലായിരുന്ന ചില ക്ലെയിമുകൾ പിന്നീട് തീർപ്പാക്കാൻ കമ്പനി തയ്യാറായതും ഇൻഷുറൻസ് അതോറിറ്റി ഗൗരവത്തോടെയാണ് കണ്ടത്. കമ്പനിയുടെ ക്ലെയിം പരിശോധനാ നടപടികളിൽ വീഴ്ചയുണ്ടെന്ന ആശങ്കയ്ക്കും ഇത് വഴിവെച്ചു.
ക്ലെയിമുകൾ നിരസിക്കുകയോ തുക വെട്ടിക്കുറയ്ക്കുകയോ ചെയ്യുമ്പോൾ അതിന്റെ കൃത്യമായ കാരണങ്ങൾ പോളിസി ഉടമകളെ അറിയിക്കുന്നതിലും കമ്പനി വീഴ്ച വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ആവശ്യമായ വിശദീകരണം ലഭിക്കാത്തതിനാൽ ഇൻഷുറൻസ് കമ്പനിയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യാനുള്ള ഉപഭോക്താക്കളുടെ അവസരവും പരിമിതപ്പെടുന്നു.
ചട്ടങ്ങൾ പാലിക്കാത്തതിന് ഒരു കോടി രൂപയും ന്യായീകരണമില്ലാതെ ഇൻഷുറൻസ് ക്ലെയിം തുക വെട്ടിക്കുറച്ചതിന് മറ്റൊരു ഒരു കോടി രൂപയുമാണ് പിഴ ചുമത്തിയത്. ആകെ രണ്ട് കോടി രൂപയുടെ പിഴയാണ് സ്റ്റാർ ഹെൽത്തിന് നൽകേണ്ടിവരിക.










