മഹാകുംഭമേളയിൽ തിക്കിലുംതിരക്കിലുംപെട്ട് നിരവധി മരണം

പ്രയാഗ്രാജ്: മഹാകുംഭമേളയിൽ തിക്കിലുംതിരക്കിലുംപെട്ട് നിരവധിപേർ മരിച്ചെന്ന് റിപ്പോർട്ട്. 15 പേർ മരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മഹാകുംഭ മേളയിലെ വിശേഷ ദിവസമായ മൗനി അമാവാസി ദിനത്തോടനുബന്ധിച്ച് നടക്കുന്ന അമൃത് സ്നാനത്തിനിടെയാണ് അപകടമുണ്ടായത്. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.
ബാരിക്കേഡുകൾ തകർത്തു ജനക്കൂട്ടം മുന്നോട്ടു വന്നതോടെ തിരക്ക് നിയന്ത്രണാതീതമായി. സ്ത്രീകൾ ബോധരഹിതരായി വീണതോടെ ഇവരെ മഹാ കുംഭമേള മൈതാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റവരെ ബെയ്ലി ആശുപത്രിയിലേക്കും സ്വരൂപ് റാണി മെഡിക്കൽ കോളജിലേക്കും മാറ്റി. അപകടത്തെ തുടർന്ന് മൗനി അമാവാസി ദിനത്തിലെ അമൃത് സ്നാനം അവസാനിപ്പിച്ചതായി അഖില ഭാരതീയ അഖാര പരിഷത്ത് പ്രസിഡന്റ് മഹന്ത് രവീന്ദ്ര പുരി അറിയിച്ചു.
അപകടത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥതിഗതികൾ വിലയിരുത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി അദ്ദേഹം ഫോണിലൂടെ സംസാരിച്ചു. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് സ്വീകരിക്കാൻ നിർദേശിക്കുകയും ചെയ്തു.











