
കർണാടകത്തിൽ ബിജെപി തളർന്നുകിടക്കുകയാണ്. പാർട്ടിയെ തകർച്ചയിൽ നിന്ന് കരകയറ്റാനുള്ള പരിശ്രമങ്ങൾ ഉണ്ടാകുന്നില്ല. താത്കാലിക സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്ര യ്‌ക്ക് കാര്യക്ഷമമായും ഫലപ്രദമായും പ്രവർത്തിക്കാൻ സാധിക്കുന്നില്ല. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ യഡിയൂരപ്പയുടെ മകനാണ് വിജയേന്ദ്ര. അദ്ദേഹത്തെ പ്രസിഡന്റ് ആക്കുന്നതിന് പല നേതാക്കളും എതിരാണ്. അതിനാൽ ദേശീയ നേതൃത്വത്തിന് തീരുമാനമെടുക്കാനാവുന്നില്ല. പൊതുസ്വീകാര്യനായ മറ്റൊരു നേതാവിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് കണ്ടെത്താൻ കഴിയുന്നുമില്ല. പ്രതിപക്ഷ നേതാവ് ആർ അശോകിന്റെ പ്രകടനം അണികളെ തൃപ്തിപ്പെടുത്തുന്നില്ല എന്ന പ്രശ്നവുമുണ്ട്. നേതൃത്വപരമായ പ്രശ്നങ്ങളാൽ സിദ്ധരാമയ്യ ഗവണ്മെന്റിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ജനവികാരം അനുകൂലമാക്കാൻ കഴിയാത്തതും പോരായ്മയാണ്. നിയമസഭയ്ക്കകത്തും മുഖ്യപ്രതിപക്ഷമായ ബിജെപി ദുർബ്ബലമാണ്. മൂന്നാം കക്ഷിയായ ജെഡിഎസ്സ് ബിജെപിയോടൊപ്പമാണെങ്കിലും അതിന്റെ മികവ് അനുഭവപ്പെടുന്നില്ല. യഡിയൂരപ്പയും കുമാരസ്വാമിയും നിയമസഭയിൽ ഇല്ലാത്തതിന്റെ പോരായ്മ പ്രകടമാണ്. യഡിയൂരപ്പ ബിജെപിയുടെ പാർലമെന്ററി ബോർഡ് അംഗവും കുമാരസ്വാമി കേന്ദ്രമന്ത്രിയുമാണ്. സംസ്ഥാനത്ത് പാർട്ടിയുടെ നിയന്ത്രണം 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തെ തുടർന്ന്, ഒരിക്കൽ അവഗണിച്ച യഡിയൂരപ്പയ്‌ക്ക് തന്നെ അമിത് ഷാ വിട്ടുകൊടുത്തിട്ടുണ്ടെങ്കിലും കാര്യങ്ങൾ മെച്ചപ്പെടുന്നില്ല. ബീഹാറിൽ പ്രചാരണം നടത്താൻ യഡിയൂരപ്പയെ ദേശീയനേതൃത്വം ക്ഷണിച്ചിട്ടുണ്ട്. ഡൽഹിയിലെത്തിയ യഡിയൂരപ്പ പ്രധാനമന്ത്രിയെയും പാർട്ടി ദേശീയ അധ്യക്ഷൻ കൂടിയായ കേന്ദ്രമന്ത്രി ജെ പി നദ്ദയെയും സന്ദർശിച്ച് കർണാടക വിഷയം ചർച്ച ചെയ്തിരുന്നു. ബീഹാർ തെരഞ്ഞെടുപ്പിന് ശേഷം ദേശീയനേതൃത്വം കർണാടകത്തിലെ പ്രശ്നങ്ങൾ ഗൗരവത്തോടെ പരിശോധിക്കുമെന്ന് സൂചനയുണ്ട്. യഡിയൂരപ്പയുടെയും വിജയേന്ദ്രയുടെയും കടുത്ത വിമർശകനായ മുൻ കേന്ദ്രമന്ത്രി ബസനഗൗഡ പാട്ടീൽ യത് നാളിനെ ദേശീയനേതൃത്വം പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. പക്ഷെ വിഭാഗീയത അവസാനിച്ചിട്ടില്ല. രമേഷ് ജാർക്കിഹോളി, പ്രതാപ് സിംഹ, മുൻ കേന്ദ്ര സഹമന്ത്രി സിദ്ദേശ്വര തുടങ്ങിയവർ യഡിയൂരപ്പയ്ക്കും വിജയേന്ദ്രയ്ക്കും എതിരാണ്. വിഭാഗീയത പരിഹരിച്ച് സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി മുൻകൈയെടുക്കുമോ എന്നാണ് അണികളും നിരീക്ഷകരും ഉറ്റുനോക്കുന്നത്.
Photo Courtesy - Google











