
കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിച്ച 2019-ലെ വാഹനാപകടക്കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരായ വിചാരണ നടത്താൻ മറ്റൊരു കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തിയതിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി കേരള ഹൈക്കോടതി. കേസ് പരിഗണിക്കുന്ന കോടതിയിലെ പ്രോസിക്യൂട്ടറെ പ്രോസിക്യൂഷൻ നടത്താൻ അനുവദിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് ജസ്റ്റിസ് സി. ജയചന്ദ്രൻ നിർദേശിച്ചു.
വിചാരണയ്ക്കായി അഭിഭാഷകൻ സന്തോഷ് കുമാറിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന അപേക്ഷ സർക്കാർ നിരസിച്ചതിനെതിരെ ബഷീറിന്റെ ഭാര്യ ജസീല നൽകിയ ഹർജിയിലാണ് നടപടി. അപേക്ഷ നിരസിച്ച സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നും സന്തോഷ് കുമാറിനെ നിയമിക്കാൻ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.
ഒക്ടോബർ 27-ന് ഹർജി പരിഗണിച്ചപ്പോൾ, സന്തോഷ് കുമാറിനെ നിയമിക്കുന്നതുസംബന്ധിച്ച് ഭരണതലത്തിൽ ചർച്ച മാത്രമാണ് നടന്നതെന്നും സർക്കാർ ഉത്തരവോ തുടർനടപടിയോ ഉണ്ടായിട്ടില്ലെന്നും സ്റ്റേറ്റ് അറ്റോർണി അറിയിച്ചു.
ഈ മാസം ആദ്യം കേസിന്റെ വിചാരണ സ്റ്റേ ചെയ്ത ഹൈക്കോടതി, ജസീലയുടെ അപേക്ഷ നിരസിച്ച തീരുമാനത്തിലേക്ക് നയിച്ച രേഖകൾ ഹാജരാക്കാൻ നിർദേശിച്ചിരുന്നു. തുടർന്ന് മുദ്രവെച്ച കവറിൽ രേഖകൾ കോടതിയിൽ സമർപ്പിച്ചു. എന്നാൽ, വാദം കേൾക്കുന്ന ഘട്ടത്തിൽ രേഖകൾ പരിശോധിക്കാമെന്ന് വ്യക്തമാക്കിയ കോടതി അന്ന് അവ പരിശോധിച്ചില്ല. വിചാരണയ്ക്കുള്ള സ്റ്റേ നീട്ടിയ കോടതി ഹർജി നവംബർ 27-ലേക്ക് മാറ്റി.
വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റിയതിനെതിരെയും മികച്ച പ്രവർത്തനപരിചയവും കുറ്റമറ്റ സേവനചരിത്രവുമുള്ള മുതിർന്ന പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തണമെന്നാവശ്യപ്പെട്ടും ജസീല നേരത്തേ നൽകിയ ഹർജി ഓഗസ്റ്റിൽ ഹൈക്കോടതി തീർപ്പാക്കിയിരുന്നു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനത്തിൽ മാത്രമായി ആവശ്യം പരിമിതപ്പെടുത്തിയതിനെത്തുടർന്ന് വിചാരണ മാറ്റിയ ഉത്തരവ് കോടതി ശരിവെച്ചിരുന്നു.
അന്ന് സന്തോഷ് കുമാറിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാൻ സർക്കാർ തത്ത്വത്തിൽ തീരുമാനിച്ചിട്ടുണ്ടെന്ന സംസ്ഥാനത്തിന്റെ നിലപാട് കോടതി രേഖപ്പെടുത്തിയിരുന്നു. ഔദ്യോഗിക നിയമനവിജ്ഞാപനം പുറപ്പെടുവിക്കാനുണ്ടെന്ന അറിയിപ്പിനെത്തുടർന്ന് വിചാരണ ഒരുമാസത്തേക്ക് മാറ്റിവെക്കുകയും ചെയ്തു.
എന്നാൽ, തന്റെ നിവേദനങ്ങൾ തീർപ്പാക്കുമ്പോൾ സർക്കാർ വ്യത്യസ്ത നിലപാട് സ്വീകരിച്ചെന്നാണ് ജസീലയുടെ പരാതി. ഇതേത്തുടർന്നാണ് അവർ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.










