
ബെംഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിൽ വിനോദയാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശിനിയായ ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. മൃതദേഹം കണ്ടെത്തിയ സാഹചര്യങ്ങളിൽ സംശയങ്ങൾ നിലനിൽക്കുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ശ്രീനന്ദയെ കാണാതായ ദിവസം തന്നെ പിന്നീട് മൃതദേഹം കണ്ടെത്തിയ പ്രദേശം പൊലീസ് ഉൾപ്പെടെ പരിശോധിച്ചിരുന്നുവെന്ന് വല്യച്ഛൻ ശശിധരൻ പറഞ്ഞു. അന്നുതന്നെ കണ്ടെത്താനാകാത്ത മൃതദേഹം നാല് ദിവസങ്ങൾക്ക് ശേഷം ലഭിച്ചതിൽ സംശയം ഉണ്ടെന്നാണ് കുടുംബത്തിന്റെ നിലപാട്. കൂടാതെ, മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമില്ലെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു.
മാണിക്കധാര വെള്ളച്ചാട്ടത്തിൽ നിന്ന് കയറിവരുന്നയിടത്താണ് വാഹനം പാർക്ക് ചെയ്തിരുന്നത്. മൃതദേഹം മറുവശത്തായിരുന്നു. എന്നാൽ ഇവിടേക്ക് ശ്രീനന്ദ പോയിട്ടില്ലെന്നും, കാണാതായത് വ്യൂപോയിന്റിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്കാണ്. കടയുടമയെ പൊലീസ് ചോദ്യം ചെയ്തില്ല. പ്രദേശവാസികളിൽനിന്നു വിവരം തേടിയില്ലെന്നും കുടുംബം ആരോപിക്കുന്നു.
പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ രമേഷ്–രോഹിണി ദമ്പതികളുടെ മകളാണ് ശ്രീനന്ദ. ഈ മാസം 4ന് കുടുംബാംഗങ്ങൾ ഉൾപ്പെടെ 40 പേരടങ്ങിയ സംഘം ചിക്കമഗളൂരുവിലെ ബാബാബുഡാൻ ഗിരികുന്നിലെ മാണിക്കധാര വെള്ളച്ചാട്ടം സന്ദർശിക്കാൻ പോയതായിരുന്നു.











