
കൊളംബോ: ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിന് യാത്രാമധ്യേ മിന്നലേറ്റതിനെ തുടർന്ന് അടിയന്തരമായി കൊളംബോ വിമാനത്താവളത്തിൽ തിരിച്ചിറക്കി. ശ്രീലങ്കയിൽനിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പുറപ്പെട്ട വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. വിമാനത്തിലുണ്ടായിരുന്ന 207 യാത്രക്കാരും 16 ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
മിന്നലേറ്റതിന് പിന്നാലെ വിമാനത്തിൽ വലിയ ശബ്ദം കേൾക്കുകയും ഒരു എൻജിനിൽനിന്ന് തീപ്പൊരികൾ ഉയരുകയും ചെയ്തുവെന്ന് ‘ഡെയ്ലി മിറർ’ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ വിമാന ജീവനക്കാർ സ്ഥിതിഗതികൾ വേഗത്തിൽ നിയന്ത്രണവിധേയമാക്കിയതോടെ ആശങ്ക ഒഴിഞ്ഞു.
വിമാനം പറന്നുയരുന്ന സമയത്തും പിന്നീട് തിരിച്ചിറങ്ങുന്നതിനിടയിലും എൻജിനിൽനിന്ന് തീപ്പൊരികൾ ഉയരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. മിന്നലേറ്റതിനെ തുടർന്ന് എൻജിനിന് ചെറിയ കേടുപാടുകൾ സംഭവിച്ചതായി പൈലറ്റുമാർ യാത്രക്കാരെ അറിയിച്ചു.
സുരക്ഷ മുൻനിർത്തി സിഡ്നിയിലേക്കുള്ള യാത്ര റദ്ദാക്കി വിമാനം കൊളംബോയിലേക്ക് തിരിച്ചുവിടുകയായിരുന്നു. തുടർന്ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയതെന്ന് വാർത്താ ഏജൻസിയായ എഎൻഐയും റിപ്പോർട്ട് ചെയ്തു.










