08:09am 03 November 2026
NEWS
ആർഎസ്എസ് റൂട്ട് മാർച്ചിൽ ഗണവേഷത്തിൽ ശ്രീധർ വെമ്പു; സോഹോ സ്ഥാപകന്റെ ചിത്രങ്ങൾ വൈറൽ
03/11/2026  06:57 AM IST
nila
ആർഎസ്എസ് റൂട്ട് മാർച്ചിൽ ഗണവേഷത്തിൽ ശ്രീധർ വെമ്പു; സോഹോ സ്ഥാപകന്റെ ചിത്രങ്ങൾ വൈറൽ

 

ചെന്നൈ: ആർഎസ്എസിന്റെ പരമ്പരാഗത ഗണവേഷമായ വെള്ള ഷർട്ടും കാക്കി പാന്റും ധരിച്ച് റൂട്ട് മാർച്ചിൽ പങ്കെടുത്ത് സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു. തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലെ ശങ്കരൻകോവിലിൽ നടന്ന ആർഎസ്എസ് മാർച്ചിലാണ് ശതകോടീശ്വരനായ ശ്രീധർ വെമ്പു അണിനിരന്നത്. ബിജെപി നേതാവ് അനന്തൻ അയ്യസ്വാമിയാണ് മാർച്ചിൽ പങ്കെടുക്കുന്ന ശ്രീധർ വെമ്പുവിന്റെ ചിത്രങ്ങൾ എക്സിലൂടെ പുറത്തുവിട്ടത്.

ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ സംഘടിപ്പിക്കുന്ന രണ്ടാംഘട്ട ഘോഷയാത്രയുടെ ഭാഗമായിരുന്നു ശങ്കരൻകോവിലിലെ റൂട്ട് മാർച്ച്. ഒക്ടോബർ 25, നവംബർ 1 തീയതികളിൽ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ മാർച്ച് നടത്താൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകിയിരുന്നു. പ്രാദേശിക പൊലീസിന്റെ കർശന നിർദേശങ്ങളും നിയന്ത്രണങ്ങളും പാലിച്ചായിരുന്നു പരിപാടികൾ.

മാർച്ചിൽ തുടക്കം മുതൽ അവസാനം വരെ പങ്കെടുത്ത ശ്രീധർ വെമ്പു പിന്നീട് നടന്ന പൊതുസമ്മേളനത്തിലും സംസാരിച്ചു. ആത്മനിർഭരതയുടെയും രാജ്യത്തിന്റെ സ്വയംപര്യാപ്തതയുടെയും പ്രാധാന്യവും രാഷ്ട്രനിർമാണത്തിൽ യുവാക്കൾ വഹിക്കേണ്ട പങ്കും അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

റൂട്ട് മാർച്ചിന് ആദ്യം പ്രാദേശിക പൊലീസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും ആർഎസ്എസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അനുകൂല ഉത്തരവുണ്ടായത്. ജസ്റ്റിസ് വി. ലക്ഷ്മി നാരായണന്റെ ബെഞ്ച് ചില നിബന്ധനകളോടെയാണ് മാർച്ചിന് അനുമതി നൽകിയത്. 2022 മുതൽ വിവിധ സ്ഥലങ്ങളിൽ റൂട്ട് മാർച്ച് നടത്തുന്നതിന് നേരിടേണ്ടിവന്ന വിലക്കുകൾ ചൂണ്ടിക്കാട്ടിയായിരുന്നു സംഘടന കോടതിയെ സമീപിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img