
അന്തരിച്ച പ്രശസ്ത നടി ശ്രീദേവി അഭിനയിച്ച് 2017-ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമാണ് 'MOM'. രവി ഉദിയവാർ സംവിധാനം ചെയ്ത ഈ ചിത്രത്തിന് എ.ആർ.റഹ്മാനാണ് സംഗീതം നൽകിയത്. ഏകദേശം 30 കോടി ബഡ്ജറ്റിൽ നിർമ്മിച്ച ഈ ചിത്രം 150 കോടിയിലധികം കളക്ഷൻ നേടി എന്നാണ് അപ്പോൾ പുറത്തുവന്നിരുന്ന റിപ്പോർട്ടുകൾ. തമിഴിലും ഈ ചിത്രം റിലീസായിരുന്നു. ശ്രീദേവിയുടെ ഭർത്താവായ ബോണി കപൂർ സഹ നിർമ്മാതാവായി ഒരുക്കിയ ഈ ചിത്രം ശ്രീദേവി നായികയായി അഭിനയിച്ച അവസാനത്തെ ചിത്രം കൂടിയാണ്. മരണാനന്തരം അവർക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡും ഈ ചിത്രം മുഖേന ലഭിച്ചു.ഇപ്പോൾ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ഇതിൽ ശ്രീദേവിയുടെ രണ്ടാമത്തെ മകൾ ഖുഷി കപൂർ നായികയായി എത്തുമെന്ന് ബോണി കപൂർ തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് സംബന്ധമായി ബോണി കപൂർ നടത്തിയിരിക്കുന്ന പ്രസ്താവനയിൽ ''ഖുഷി അഭിനയിച്ച 'ആർക്കീസ്', 'ലവെയ്പ്പ', 'നഡാനിയൻ' എന്നീ ചിത്രങ്ങൾ ഞാൻ കണ്ടു. ഈ ചിത്രങ്ങളിൽ ഖുഷി മികച്ച അഭിനയമാണ് കാഴ്ച വെച്ചിരുന്നത്. അതുകൊണ്ട് ഖുഷിയെ നായികയാക്കി 'MOM' രണ്ടാം ഭാഗം ഞാൻ തന്നെ നിർമ്മിക്കാനിരിക്കുകയാണ്. ഖുഷി അവളുടെ അമ്മയുടെ പാത പിന്തുടരാൻ ശ്രമിക്കുകയാണ്. ശ്രീദേവി എല്ലാ ഭാഷകളിലും മികച്ച താരമായിരുന്നു. ജാൻവിയും, ഖുഷിയും ശ്രീദേവിയെ പോലെത്തന്നെ സിനിമയിൽ വിജയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'' എന്നും ബോണി കപൂർ പറഞ്ഞിരിക്കുന്നു.
Photo Courtesy - Google