
കലൂർ ശ്രീ രാമകൃഷ്ണ സേവാ ആശ്രമത്തിൽ നടന്ന ചടങ്ങിൽ വെസ്റ്റ് ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസ്സിന് മാനേജിങ് ട്രസ്റ്റി സി.എസ് മുരളീധരൻ, പി. കുട്ടികൃഷ്ണൻ എന്നിവർ ചേർന്ന് ശ്രീ രാമകൃഷ്ണ സേവാ പുരസ്കാരം സമ്മാനിക്കുന്നു. ഹണി എസ് ഗോപി, സി. ജി രാജഗോപാൽ എന്നിവർ സമീപം.
കൊച്ചി: ഓരോ ഭാരതീയനും ആത്മാഭിമാനത്തോടെ തലയുയർത്തി നിൽക്കണമെന്നും ശ്രീരാമകൃഷ്ണ വിവേകാനന്ദ ദർശനങ്ങളുടെ മനനത്തിലൂടെ നാം ഉൾക്കാഴ്ച ഉള്ളവരായി മാറുമെന്നും അഴിമതിയല്ല, അഭിമാനമാണ് നമുക്കുവേണ്ടത് എന്ന തിരിച്ചറിവ് പുതിയ തലമുറയുടെ ഒരു വികാരമായി താൻ കാണുന്നു എന്നും ഗവർണർ ഡോ .സി വി ആനന്ദബോസ് പറഞ്ഞു. ആത്മാഭിമാനത്തോടെയും സഹവർത്തിത്വ ബോധത്തോടെയും നാം ഓരോരുത്തരും രാഷ്ട്രത്തിനായി സേവനം സമർപ്പിക്കണം എന്ന് കലൂർ ശ്രീ രാമകൃഷ്ണ സേവാശ്രമത്തിൽ നടന്ന ചടങ്ങിൽ സമഗ്ര സംഭാവനക്കുള്ള " ശ്രീ രാമകൃഷ്ണ സേവാ പുരസ്കാരം 2025" ഏറ്റുവാങ്ങിയ വെസ്റ്റ് ബംഗാൾ ഗവർണർ ഡോ .സി.വി ആനന്ദബോസ്സ് അഭിപ്രായപ്പെട്ടു.
രാവിലെ ആശ്രമത്തിൽ എത്തിയ ഗവർണറെ മാനേജിങ് കമ്മിറ്റി അംഗങ്ങളും കേരള ബംഗ്ല സംഘ് പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. തുടർന്ന് പ്രാർത്ഥനാമന്ദിരത്തിൽ ആരതിയോടെ പൂജാഗാനം ആലപിച്ചു വരവേറ്റ ഗവർണർ ശ്രീരാമകൃഷ്ണ ആരാധന ചടങ്ങിലും പങ്കെടുത്തു. ബംഗാളി ദേശഭക്തി ഗാനം പ്രവർത്തകർ ആലപിച്ചു. സ്വാമി ഭുവനാത്മാനന്ദ മഹരാജിൻറെ നേതൃത്വത്തിൽ ചടങ്ങിൽ ആരതിയും നടന്നു. ആശ്രമം ഹാളിൽ നടന്ന ഉദഘാടനസമ്മേളനത്തിൽ ശ്രീരാമകൃഷ്ണ പുരസ്കാരം ഗവർണർ ഡോ സി.വി ആനന്ദബോസ്സ് ഏറ്റുവാങ്ങി. ഗവർണർ സി.വി ആനന്ദബോസ്സ് രചിച്ച വന്ദേമാതരഗാനം ചടങ്ങിൽ ആലപിച്ചു. മാനേജിങ് ട്രസ്റ്റി സി.എസ് മുരളീധരൻ, കമ്മിറ്റി അംഗങ്ങളായ പി. കുട്ടികൃഷ്ണൻ, രാജീവ് വി, സി. ജി രാജഗോപാൽ, ഹണി എസ് ഗോപി എന്നിവരും സംസാരിച്ചു.
പ്രശസ്ത എഴുത്തുകാരൻ സി.രാധാകൃഷ്ണന് ഗവർണർ ഡോ.സി.വി ആനന്ദ ബോസ് ഗവർണർ എക്സലൻസ് പുരസ്കാരം സമർപ്പിച്ചു. രാവിലെ അദ്ദേഹത്തിൻറെ വസതിയിലെത്തിയ ഗവർണറെ സി രാധാകൃഷ്ണൻ, ഭാര്യ വത്സല, മരുമകൾ സുഭദ്ര ഗോപാൽ, ബന്ധു ഇ കുമാരൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. സി.രാധാകൃഷ്ണന്റെ പുതിയ പുസ്തകങ്ങളായ ഫാബ്രിക് ഓഫ് സ്പേസ്, ദി സീക്രെട് ബിഹൈൻഡ് യൂണിവേഴ്സ് എന്നിവ ഗവർണർക്ക് സമ്മാനിച്ചു.
ബംഗാൾ അഴിമതിയുടെ ഒരു കേന്ദ്രമായിരുന്നു എന്നും ബംഗാളിനെ അഴിമതി മുക്തമാക്കാനും കൂടുതൽ ജനകീയ ബന്ധങ്ങളിലേക്കും സാംസ്കാരികതയിലേക്കും ജനാധിപത്യപരമായി നയിക്കുകയാണ് ഗവർണർ എന്ന നിലയിൽ തന്റെ പ്രവർത്തനം എന്നും അദ്ദേഹം സൂചിപ്പിച്ചു . മമതയെ മൂന്നുതരത്തിൽ കാണുന്നുവെന്നും ഒന്ന് ബംഗാൾ തിരഞ്ഞെടുത്ത ഒരു മുഖ്യമന്ത്രിയായി കാണുന്നുവെന്നും ഒരു രാഷ്ട്രീയനിലയിൽ കാണുന്നില്ല എന്നും , അത് തൻ്റെ വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു. സി രാധാകൃഷ്ണനെപ്പോലുള്ള ബഹുമുഖപ്രതിഭകൾ ശാസ്ത്രലോകത്തെയും സാഹിത്യലോകത്തെയും ഒരു വിളക്കിനെ പോലെ പരിപോഷിപ്പിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളവും ബംഗാളും തമ്മിൽ അമൂല്യമായ സാഹിത്യ ബന്ധമുണ്ടെന്നും ദയ, കരുണ എന്നീ മൂല്യങ്ങളോടെ സഹവർത്തിക്കാൻ നാം ഓരോരുത്തരും പ്രവർത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്സ് ഐ ആർ വിഷയത്തിൽ ബന്ധപ്പെട്ടു ഉചിതമായ നടപടികൾ ഉണ്ടാകുമെന്നും അതിൽ പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
Photo Courtesy - Google








