
ചെന്നൈ: സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് 33 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ രാമേശ്വരത്ത് നിന്ന് മത്സ്യബന്ധത്തിന് പോയവരെയാണ് ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തത്. മൂന്നു ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.
രാമേശ്വരത്ത് നിന്നുള്ള ധനുഷ്‌കോടിക്കും തലൈമന്നാറിനും ഇടയിൽ വെച്ചാണ് 18 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തത്. രണ്ട് ബോട്ടുകളിലായി സഞ്ചരിച്ച 18 മത്സ്യത്തൊഴിലാളികൾ അതിർത്തി കടന്ന് മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ചാണ് പട്രോളിംഗ് നടത്തുകയായിരുന്ന ശ്രീലങ്കൻ നാവിക സേന കസ്റ്റഡിയിലെടുത്തത്. ഇതിന് പിന്നാലെ ഒരു ബാർജും അതിലുണ്ടായിരുന്ന 15 മത്സ്യത്തൊഴിലാളികളെയും കസ്റ്റഡിയിൽ എടുത്തു.
തമിഴ്നാട്ടിൽ നിന്നുള്ള 33 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ കസ്റ്റഡിയിലെടുത്തത് മത്സ്യത്തൊഴിലാളികൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അറസ്റ്റിലായ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് രാമേശ്വരത്തെ മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.











