
കൊളംബോ: ശ്രീലങ്കയിലെ പ്രധാന ജയിലുകളിലൊന്നായ നെഗോംബോ ജയിലിൽ തടവുകാർ തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിൽ നാല് ജയിൽ ഗാർഡുകൾ ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ ജയിൽ കലാപമാണിതെന്ന് അധികൃതർ അറിയിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചിട്ടുണ്ട്.
കൊളംബോയ്ക്ക് വടക്കായി സ്ഥിതി ചെയ്യുന്ന നെഗോംബോ ജയിലിൽ രണ്ട് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധപ്പെട്ട തടവുകാർ തമ്മിലുള്ള വൈരമാണ് ഞായറാഴ്ച വൈകുന്നേരം ആരംഭിച്ച സംഘർഷത്തിന് കാരണമായത്. രാത്രി മുഴുവൻ നീണ്ടുനിന്ന ഏറ്റുമുട്ടലിൽ നിരവധി പേർക്ക് വെടിയേറ്റതായും ആശുപത്രി അധികൃതർ അറിയിച്ചു.
പരിക്കേറ്റവരെ നെഗോംബോ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്. സംഘർഷം ശക്തമായതോടെ ജയിലിലെ വനിതാ തടവുകാർ സുരക്ഷാ ഭീതിയെ തുടർന്ന് ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ കയറി മോചനം ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണതിനെ തുടർന്ന് ചില സ്ത്രീ തടവുകാർക്കും പരിക്കേറ്റതായി പോലീസ് അറിയിച്ചു.
സ്ഥിതി നിയന്ത്രണാതീതമായതോടെ സൈന്യത്തെ വിന്യസിക്കുകയും ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് ജയിലും പരിസര പ്രദേശങ്ങളും നിരീക്ഷണം ശക്തമാക്കുകയും ചെയ്തു. കലാപം അടിച്ചമർത്താനുള്ള ശ്രമത്തിനിടെയാണ് നാല് ജയിൽ ഗാർഡുകൾ കൊല്ലപ്പെട്ടത്.
സംഭവത്തെ തുടർന്ന് തടവുകാരുടെ ബന്ധുക്കൾ ജയിലിന് പുറത്ത് തടിച്ചുകൂടിയിട്ടുണ്ട്. സുരക്ഷാ നടപടികൾ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.
2020 ഡിസംബറിൽ കോവിഡ് മഹാമാരിക്കാലത്ത് ശ്രീലങ്കയിലെ മറ്റൊരു ജയിലിലും സമാനമായ കലാപമുണ്ടായിരുന്നു. അന്ന് നിരവധി തടവുകാർ കൊല്ലപ്പെടുകയും 117 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതേസമയം, ശ്രീലങ്കയിലെ ജയിലുകളിലെ അമിത തിരക്കാണ് ഇത്തരം സംഭവങ്ങൾക്ക് പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം, ഞായറാഴ്ച വരെ രാജ്യത്തെ വിവിധ ജയിലുകളിലായി 41,250 തടവുകാർ കഴിയുന്നുണ്ടായിരുന്നു. എന്നാൽ നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നതിന്റെ ഏകദേശം നാലിരട്ടിയോളം പേരാണ് ജയിലുകളിൽ കഴിയുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.










