03:00pm 29 July 2026
NEWS
ശ്രീനിവാസനും സിനിമയും സത്യസന്ധമായ സാമൂഹ്യ നിരീക്ഷണവും
20/12/2025  05:34 PM IST
വിഷ്ണുമംഗലം കുമാർ
ശ്രീനിവാസനും സിനിമയും സത്യസന്ധമായ സാമൂഹ്യ നിരീക്ഷണവും

ണ്ട് പണ്ട് .........എന്നുപറഞ്ഞാല്‍ വളരെ പണ്ടൊന്നുമല്ല .എന്നാലോ ? സര്‍ഗ്ഗശേഷി വിവാദവും നടി ആക്രമിക്കപ്പെട്ട സംഭവവും   സിനിമാസംഘടനകളുടെയും സിനിമാപ്രവർത്തകരുടെയും  കഴുത്തുപിടിച്ചുഞെരിക്കുന്നതിന് ഏറെമുമ്പ് ....സിനിമയ്ക്ക് പുടവകൊടുത്ത ഒരു സംവിധായകന്റെ ഉള്ളില്‍ തട്ടുന്ന കഥയുമായി ഒരു സിനിമയിറങ്ങി,  "ഉദയനാണ് താരം" .സ്വന്തം സിനിമ സ്വപ്നം കണ്ടിരുന്ന അനേകം സഹസംവിധായികര്‍ക്ക് അത് പ്രചോദനമേകി .മാലിന്യം നിറഞ്ഞ സിനിമാരംഗത്ത് ഒരു ശുദ്ധികലശത്തിന് തന്നെ ആ സിനിമ വഴിതെളിച്ചു ."സര്‍ഗ്ഗശേഷി ചുക്കോ ചുണ്ണാമ്പോ എന്നറിയാത്ത" ശ്രീനിവാസന്‍ എന്ന സര്‍ഗപ്രതിഭയായിരുന്നു ആ സിനിമയുടെ പിന്നില്‍ !.സിനിമാക്കാരും പ്രേക്ഷകരും 'ഉദയനെ' മാറോടുചേര്‍ത്തപ്പോള്‍ ശ്രീനിവാസന്‍ മാറിനിന്ന് നന്നായൊന്നു ചിരിച്ചു .സൂപ്പര്‍ സ്റ്റാര്‍ സരോജ്കുമാറിന്റെ ചിരി .മൂന്നാലുവര്‍ഷം താന്‍ അനുഭവിച്ച അതികഠിനമായ സര്‍ഗ്ഗവേദന ലക്ഷ്യം കണ്ടതിലുള്ള സംതൃപ്തി ആ ചിരിയിലുണ്ടായിരുന്നു .സിനിമക്കാരെപ്പറ്റി അത്തരമൊരു സിനിമയെടുക്കാനും സൂപ്പര്‍ താരങ്ങളെ വാരാനും മറ്റേത് സിനിമാക്കാരന് കഴിയും ?.ഇവിടെയാണ് സര്‍ഗ്ഗശേഷി എന്ന സോദ്ദേശ്യസാഹിത്യം
പ്രസക്തി നേടുന്നത് .കൂളിംഗ് ഗ്ലാസ്സുകള്‍ മാറ്റിമാറ്റി വെച്ച് ,കാച്ചിയ പപ്പടം കയറ്റിയയ ച്ച്  ഉദയനാണ് താരം മെഗാഹിറ്റിലേക്ക് നീങ്ങുമ്പോള്‍ ശ്രീനിവാസന്‍ ബാംഗ്ലൂര്‍  നഗരത്തിന്റെ പ്രാന്തത്തിലുള്ള കുമ്പാരഹള്ളിയിലെ താവളത്തിലായിരുന്നു .മറ്റൊരു സിനിമയുടെ വിത്ത് മുളപ്പിച്ചെടുക്കാനുള്ള ശ്രമം .പ്രസിദ്ധീകരണങ്ങളായ പ്രസിദ്ധീകരണങ്ങളെല്ലാം ശ്രീനിവാസന്റെ കവര്‍ചിത്രവുമായി ഇറങ്ങുന്ന കാലം.സിനിമയുടെ കൂടുപൊട്ടിച്ച് ശ്രീനിവാസനെ സാഹിത്യത്തിലും സാംസ്‌കാരിക മണ്ഡലത്തിലും കുടിയിരുതാനുള്ള മത്സരം ബഹുവര്‍ണ്ണ പ്രത്യേക പതിപ്പുകള്‍ ഇറക്കാന്‍ മത്സരിച്ച നാളുകൾ .ശ്രീനിവാസന്‍ തന്നെ പുസ്തകമാകുന്നു .അങ്ങനെ ആകെയൊരു ശ്രീനിവാസമയകാലം! .  ഒരു പ്രമുഖ വാരിക ശ്രീനിവാസനെ ഗൗരവപൂര്‍വ്വം അഭിമുഖം ചെയ്യാന്‍ പ്രശസ്തനായ ഒരു യുവ കഥാകൃത്തിനെയാണ് നിയോഗിച്ചത് .കഥാകൃത്ത് ശ്രീനിയെ തപ്പി നടന്നു .സെല്‍ഫോണ്‍ സിഗ്‌നലിന് പ്രവേശനം നിയന്ത്രിതമായിരുന്ന കുമ്പാരഹള്ളിയില്‍ ശ്രീനി പലപ്പോഴും ഔട്ട് ഒഫ് റേഞ്ച് ആയിരുന്നു .എന്നിട്ടും സാഹസികനായ കഥാകൃത്ത് ശ്രീനിയുമായി ആശയ വിനിമയം സാധിച്ചു .പിറ്റേന്നുതന്നെ കഥാകൃത്ത് കുമ്പാരഹള്ളിയിലെത്തി .അഭിമുഖം എത്രയും വേഗം നിര്‍വ്വഹിക്കപ്പെടണം .കാരണം അടുത്ത ദിവസം പ്രസ്സിലേക്ക് പോകേണ്ടതാണ് .ശ്രീനിയുടെ അഭിമുഖമാണ് വാരികയുടെ ആ ലക്കം പുറംചട്ടക്കഥ അഥവാ കവര്‍സ്‌റോറി .   കുമ്പാരഹള്ളിയിലെ പച്ചപ്പില്‍ ,വാഴത്തോട്ടത്തിനിടയില്‍ ശ്രീനിയും കഥാകൃത്തും അഭിമുഖത്തിനിരുന്നു .നിലവാരമുള്ള സാധനമാണ് ഉണ്ടാകേണ്ടത് .അതുകൊണ്ടാണല്ലോ മേമ്പൊടിയ്ക്കുപോലും സര്‍ഗ്ഗശേഷി ഇല്ലാത്ത റിപ്പോര്‍ട്ടര്‍മാരെ ഒഴിവാക്കി സര്‍ഗപ്രതിഭയായ കഥാകൃത്തിനെ ദൗത്യമേല്‍പ്പിച്ചത് .അതുവരെ സിനിമാരംഗത്ത് ആരൊക്കെയോ ചേര്‍ന്ന് ഉറപ്പിച്ചുനിര്‍ത്തിയിരുന്ന ,കല -കച്ചവട പാർട്ടീഷന്‍ 'വടക്കുനോക്കി യന്ത്ര'ത്തിലൂടെ എടുത്തുമാറ്റി 'ഉദയനാണ് താര'ത്തില്‍ എത്തിനില്‍ക്കുന്ന ശ്രീനിയെ നല്ല സിനിമയുമായി ബന്ധിപ്പിക്കുന്ന ഉഗ്രന്‍ ഇന്‍ട്രോ ഉണ്ടാവണം .സര്‍ഗ്ഗധനനായ കഥാകൃത്ത് അതിനൊരുങ്ങി .മിനി ടേപ്പ് റിക്കാര്‍ഡറും കടലാസ്സും പേനയുമായി ജേര്‍ണലിസം വിദ്യാര്‍ത്ഥിയായ സഹായിയും തയാറായി .കഥാകൃത്തിന് ഉന്മേഷം വന്നു .ചോദ്യങ്ങള്‍ തുരുതുരെ പുറത്തുചാടി .ശ്രീനി സ്വതഃസിദ്ധമായ രീതിയില്‍ ഓരോ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി .സഹായി അതെല്ലാം പാടുപെട്ട് കുറിച്ചെടുത്തു .ഉത്സാഹഭരിതനായ കഥാകൃത്ത് അഭിമുഖം തീര്‍ന്നിട്ടും സംഭാഷണം തുടര്‍ന്നു .ആവേശം മൂത്ത് കഥാകൃത്ത് സിനിമയെ എടുത്തുകുടഞ്ഞു .സാഹിത്യം കടിച്ചുപൊട്ടിച്ചു .ഉത്തരാധുനികതയെ നാവുകൊണ്ട് ഈര്‍ന്നുമുറിച്ചു .മണിക്കൂറുകള്‍ കടന്നുപോയി .അഭിമുഖത്തിന്റെ കോപ്പിയുമായി സഹായി വന്നു .കഥാകൃത്ത് അതുവായിച്ച് തലങ്ങും വിലങ്ങും വെട്ടി .സഹായി വീണ്ടും പകര്‍ത്തിയെഴുതിക്കൊണ്ടുവന്നു .എന്നിട്ടും കോപ്പി ശരിയായില്ല .കഥാകൃത്ത് പിന്നെയും തിരുത്തി .തിരുത്തോട് തിരുത്ത് .പിന്നെ അതേപ്പറ്റി മറന്നു .ഉത്സാഹവും ചര്‍ച്ചയും മാത്രമായി .പകല്‍ മറഞ്ഞു രാത്രി കടന്നുവന്നു .കഥാകൃത്ത് നല്ല മൂഡിലായിരുന്നു.പാട്ടൊഴുകി .ആട്ടം പൊടിപൊടിച്ചു .അതിലൊക്കെ പങ്കാളികളായി ശ്രീനിയും സാഹായികളും .സമയം പുലര്‍ച്ചെ രണ്ടോടടുത്തപ്പോള്‍ കഥാകൃത്തും പരിവാരങ്ങളും തളര്‍ന്നു .പുല്പായകളില്‍ വീണുറങ്ങി .ശ്രീനി മുറിയിലേക്ക് പോയി . രാവിലെ ആറുമണിയോടെ മുറിയില്‍ നിന്നും പുറത്തിറങ്ങിയ ശ്രീനി എഴുത്തുസഹായിയെ വിളിച്ചുണര്‍ത്തി ഒരുസെറ്റ് കടലാസ്സ് നീട്ടി .മറ്റുസഹായികളും തപ്പിപ്പിടഞ്ഞെഴുന്നേറ്റു  .അഭിമുഖസംഭാഷണത്തിന്റെ കറതീര്‍ന്ന കോപ്പി .ശ്രീനി സ്വന്തം കയ്യക്ഷരത്തില്‍ മാറ്റിയെഴുതിയ ഇരുപത്തിനാല് പേജ് .ജേര്‍ണലിസം വിദ്യാര്‍ത്ഥിയായ എഴുത്തുസഹായി അതുനോക്കി അന്തംവിട്ടു .ഇതെപ്പോള്‍ സാധിച്ചു ശ്രീനിയേട്ടാ എന്ന ചോദ്യത്തിന് ഒരു ഗ്ലാസ് കട്ടന്‍ചായ കിട്ടുമോ എന്ന മറുചോദ്യം .പിന്നെയൊരു കള്ളച്ചിരിയും .   വൈകിയുണര്‍ന്ന കഥാകൃത്ത് ആ കോപ്പി വായിച്ച് സംതൃപ്തിയോടെ ബാഗിലിട്ടു .ഒട്ടും വൈകാതെ നാട്ടിലേക്കുള്ള ബസ് പിടിച്ചു .ചരിത്രസംഭവമായ ആ കോപ്പിയാണ് വാരികയില്‍ കവർസ്റോറിയായി  അച്ചടിച്ചുവന്നത് .    ആകെ ക്ഷീണിച്ച് ,പുലര്‍ച്ചെ രണ്ടരയോടെ മുറിയില്‍ കയറിയ ശ്രീനിവാസന്‍ രാവിലത്തെ നടത്തത്തിനായി ആറുമണിയ്ക്ക് മുമ്പ് എണീറ്റിരുന്നു .അപ്പോള്‍ അഭിമുഖം മാറ്റിയെഴുതിയതെപ്പോള്‍ ?.പ്രശസ്തനും സര്‍ഗവൈഭവനുമായ കഥാകൃത്തിന്റെ ചുമതലയായ അഭിമുഖ റിപ്പോര്‍ട്ട് ഇരുപത്തിനാല് പേജ് മാറ്റിയെഴുതാന്‍ എന്തിനു മിനക്കെട്ടു ?. ജേര്‍ണലിസം വിദ്യാര്‍ത്ഥി അടക്കമുളള സഹായികളെ ആ ചോദ്യം വേട്ടയാടി .ഉറക്കക്ഷീണത്തോടെ രണ്ടരമണിക്ക് മുറിയില്‍ കയറി വാതിലടച്ച ശ്രീനിവാസന്‍ ആ അഭിമുഖ റിപ്പോര്‍ട്ട് മാറ്റിയെഴുതിയതിന് ശേഷമാണ് കിടന്നത് എന്ന സത്യം അവരെ അത്ഭുതപ്പെടുത്തി .ഇത്തരം ത്യാഗങ്ങളില്‍ നിന്നാണ് ഒന്നാംതരം തിരക്കഥകള്‍ ഉണ്ടാകുന്നതെന്ന് അവര്‍ തിരിച്ചറിഞ്ഞു .കഥാകൃത്തിന്റെ കലമ്പലില്ലാത്ത പകല്‍നേരം തോട്ടത്തിലെ പച്ചപ്പില്‍ ഇരിക്കുകയായിരുന്നു ശ്രീനി .'ശ്രീനിയേട്ടാ എന്താണ് താങ്കളുടെ സര്‍ഗ്ഗശേഷിയുടെ രഹസ്യം ?' ജേര്‍ണലിസം വിദ്യാര്‍ത്ഥി ചോദിച്ചു .'ചക്ക' ഒട്ടും ചിരിക്കാതെ ശ്രീനി പറഞ്ഞു .'തമാശയല്ല ' ശ്രീനി കൂട്ടിച്ചേര്‍ത്തു .'പുതിയ തിരക്കഥകള്‍ക്ക് വേണ്ട സര്‍ഗ്ഗശേഷി ചക്കയില്‍ നിന്നാണ് ഞാന്‍ സംഭരിക്കുന്നത് .സിനിമയില്‍ സത്യന്‍ അന്തിക്കാടിന് മാത്രമേ ഈ രഹസ്യമറിഞ്ഞുകൂടൂ .മുമ്പൊക്കെ സത്യന്‍ ഇടക്കിടെ മദിരാശിയില്‍ വരും .മദിരാശിയിലെ ചക്ക ഒരുവിധം ഭേദപ്പെട്ടതാണ് .അവിടെവച്ച് ഞങ്ങള്‍ ധാരാളം ചക്ക തിന്നിട്ടുണ്ട് .അങ്ങനെ നല്ല ചില തിരക്കഥകളും എഴുതി .എന്നാല്‍ തൃശൂരിലെ ചക്കയ്ക്ക് അത്ര ഗുണം പോരാ .അതുകൊണ്ടാണ് സത്യന്‍ ഒറ്റയ്ക്ക് തിരക്കഥ എഴുതിയാല്‍ ശരിയാകാത്തത്. 'ഗൗരവം ചോര്‍ന്നുപോകാതെ ശ്രീനി പറഞ്ഞു .എന്റെ ജന്മനാടായ തലശ്ശേരിയിലെ ചക്ക ഞാനിതുവരെ സത്യന് കൊടുത്തിട്ടില്ല .ഒരിക്കലും കൊടുക്കാന്‍ ഉദ്ദേശിക്കുന്നുമില്ല .കാരണം തലശേരിയിലെ ഒരു പ്രത്യേകതരം ചക്കയില്‍ നിന്നാണ് നിലവാരമുള്ള തീരക്കഥകള്‍ എഴുതാനുള്ള സര്‍ഗ്ഗശേഷി ഞാന്‍ സംഭരിക്കുന്നത് .ആ ചക്ക സത്യന് കൊടുത്താല്‍ തിരക്കഥാ രചനയിലും അയാള്‍ കസറും .പിന്നെ കൊന്നാലും അയാളെന്നെ കഥയെഴുതാന്‍ വിളിക്കില്ല .ചക്കയും നഷ്ടപ്പെടും സിനിമയില്‍ നിന്ന് ഞാന്‍ ഔട്ട് ആവുകയും ചെയ്യും .തലശേരി ചക്കയാണ് എന്നെ സിനിമയില്‍ പിടിച്ചുനിര്‍ത്തുന്നത് .ആ ചക്കയുടെ ഔഷധവീര്യമുള്ള ഗുണമേന്മയാണ് എന്റെ സര്‍ഗ്ഗശേഷിയുടെ രഹസ്യം 'ശ്രീനിവാസന്റെ വാക്കുകള്‍ തികഞ്ഞ അവിശ്വസനീയതയോടെയാണ് സഹായികള്‍ കേട്ടത് .പരമമായ സത്യം വെളിപ്പെടുത്തിയ ശ്രീനിവാസനെ വിശ്വസിക്കാതിരിക്കാനും അവര്‍ക്ക് കഴിഞ്ഞില്ല .    കുമ്പാരഹള്ളി തോട്ടത്തിലെ പ്ലാവില്‍ നിറയെ ചക്കയുണ്ടായിരുന്നു .'ബാംഗ്ലൂരിലെ ചക്ക ഞാനിതുവരെ തിന്നിട്ടില്ല .ഇന്ന് വൈകീട്ടു നമുക്ക് ചക്കപ്പുഴുക്കാവാം 'പ്ലാവിലേക്ക് നോക്കി ശ്രീനി പറഞ്ഞു .ഏണിവെച്ച് പ്ലാവില്‍ കയറി മൂപ്പെത്തിയ ഒരു ചക്ക ശ്രീനി തന്നെ പറിച്ചിടുകയും ചെയ്തു .ഉച്ചഭക്ഷണം കഴിച്ച് ശ്രീനി മുറിയില്‍ കയറി ഉറങ്ങാന്‍ കിടന്നു .തലേന്നത്തെ ക്ഷീണമകറ്റാന്‍ അല്പം നീണ്ട ഉച്ചയുറക്കം .വൈകുന്നേരമായിട്ടും ശ്രീനി ഉണര്‍ന്നില്ല .സഹായികള്‍ ചക്കയിലേക്ക് തിരിഞ്ഞു .അവര്‍ ആദ്യമായാണ് പച്ചച്ചക്ക കൈകാര്യം ചെയ്യുന്നത് .സര്‍ഗ്ഗശേഷിയില്ലാത്ത സഹസംവിധായകരെപോലെ അവര്‍ കുഴങ്ങി .ചക്ക രണ്ടായി മുറിച്ച് ചെറിയ ചെത്തുകളാക്കി .തറയില്‍ കടലാസ് വിരിച്ച് ചക്കചെത്ത് മടലുനീക്കി അതില്‍ അരി ഞ്ഞിട്ടു .കുരു തോടുനീക്കി നാലായി ചീന്തിയിട്ടു .മണ്ണും ചെളിയും പോകാനായി ,അരിഞ്ഞിട്ട ചക്ക നന്നായി കഴുകി .വെള്ളമൊഴിച്ചു അടുപ്പത്തുവെച്ചു .ഉപ്പും മുളകും പാകത്തിന് ചേര്‍ത്തു .ചക്ക വെന്തിട്ടും വെള്ളം വറ്റിയില്ല. വെള്ളം ഊറ്റിക്കളയണോ അതല്ല വറ്റിക്കണോ എന്ന കണ്‍ഫ്യൂഷ്യനില്‍ അവര്‍ നില്‍ക്കുമ്പോഴാണ് ശ്രീനി എഴുന്നേറ്റുവന്നത്. 'ഒരു കാരണവശാലും വെള്ളം ഊറ്റിക്കളയരുത് .വെള്ളത്തിലാണ് ചക്കയുടെ സത്ത മുഴുവന്‍ കിടക്കുന്നത് 'ശ്രീനി ഇടപെട്ടു .എന്നിട്ടു ചക്ക വേവുന്ന പാത്രത്തിലേക്ക് സൂക്ഷിച്ചുനോക്കി .ശ്രീനിയുടെ നിര്‍ദ്ദേശപ്രകാരം സഹായി ചക്കയിലെ വെള്ളം മറ്റൊരു പാത്രത്തിലേക്ക് മാറ്റി .'അതൊരു ഗ്ലാസ്സിലേക്ക് ഒഴിക്കൂ 'ശ്രീനി പറഞ്ഞു .ചൂടേറിയ ചക്കവെള്ളം ഒറ്റയടിയ്ക്ക് മൂന്നുഗ്ലാസ്സ് ശ്രീനി അകത്താക്കി .അതുകണ്ടപ്പോള്‍ ഓരോ ഗ്ലാസ് പാചകസഹായിയും ജേര്‍ണലിസം വിദ്യാര്‍ത്ഥിയും കഴിച്ചു .അപ്പോഴാണ് അവര്‍ക്ക് ഗുണ്ടന്‍സ് പിടികിട്ടിയത് .ചക്കവെള്ളത്തിന് കഞ്ഞിവെള്ളത്തേക്കാള്‍ സ്വാദ് !.ശ്രീനി മറ്റൊരു രഹസ്യം കൂടി പുറത്തുവിട്ടു .'നിങ്ങളാരും സിനിമയില്‍ ഇല്ലാത്തതുകൊണ്ട് ഞാനൊരു കാര്യം പറയാം .ചക്കയല്ല ,ചക്കവെള്ളമാണ് എന്റെ വിജയരഹസ്യം .അതാണ് എന്റെ സര്‍ഗ്ഗശേഷി നിലനിര്‍ത്തുന്നത് .തിരക്കഥയെഴുതുമ്പോള്‍ഞാന്‍ ദിവസവും രണ്ടു ഗ്ലാസ് ചക്കവെള്ളം അകത്താക്കാറുണ്ട് .ഔഷധവീര്യമുളള ചക്കവെള്ളമാണ് ഞാന്‍ എഴുതാനിരിക്കുമ്പോള്‍ സീന്‍ ബ്ലോക്കുകള്‍മാറ്റുന്നത് .ഇതൊക്കെ കേട്ടാല്‍ ഞാന്‍ തമാശ പറയുന്നതാണെന്നേ മണ്ടന്മാരായ സിനിമക്കാര്‍ ധരിക്കൂ ..' അന്നു നന്നായി വെന്ത ചക്കപ്പുഴുക്കും കഴിച്ചാണ് ശ്രീനി ഉറങ്ങിയത് .പാത്രത്തില്‍ അവശേഷിച്ച ചക്കവെള്ളവും കുടിച്ചിരുന്നു .ചക്ക മാഹാത്മ്യം രഹസ്യമായി തന്നെ അവശേഷിച്ചു .അതാണ് ശ്രീനിവാസന്റെ സര്‍ഗ്ഗശേഷിയുടെ ഉറവിടമെന്നു പാവം പ്രേക്ഷകരോ സിനിമക്കാരോ മനസ്സിലാക്കിയില്ല .   ഏതാനും ദിവസം മുമ്പ് ,നീണ്ട ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടിന് വേണ്ടി തിരക്കഥ എഴുതുന്നു എന്നറിഞ്ഞു പോയിക്കണ്ട പഴയ സഹായികളോട് ശ്രീനിവാസന്‍ പറഞ്ഞു : 'സംഗതി ശരിയാണ് .തൃപ്പൂണിത്തുറയില്‍
ഞാന്‍ സ്വന്തമായി ജൈവകൃഷി നടത്തുന്നതറിയാമല്ലോ .ഞാന്‍ പരീക്ഷണാര്‍ത്ഥം വളര്‍ത്തിയ ജൈവപ്ലാവ് കായ്ച്ചത് ഈ വര്‍ഷമാണ് .ആദ്യം കിട്ടിയ ജൈവചക്കകള്‍ ഞാന്‍ തനിച്ചാണ് കഴിക്കുന്നത് .ജൈവചക്കവെള്ളവും കുടിക്കുന്നു .സാധാരണ ചക്ക കഴിച്ചിട്ടും അതിന്റെ വെള്ളം കുടിച്ചിട്ടും ,മണ്ണും വായുവും വിഷമയമായതിനാല്‍ കുറെക്കാലമായി ഫലം കിട്ടിയിരുന്നില്ല .സര്‍ഗ്ഗശേഷിയെ ഉണര്‍ത്താന്‍ ചക്കവെള്ളത്തിന് കഴിയാത്തതുകൊണ്ടാണ് തിരക്കഥയെഴുത്തില്‍ നിന്നുതന്നെ ഞാന്‍ മാറിനിന്നത് .എഴുത്തുവിട്ട് ,ബൗദ്ധിക വ്യായാമം ആവശ്യമില്ലാത്ത അഭിനയത്തില്‍ ഒതുങ്ങി .അഭിനയമില്ലാത്തപ്പോള്‍ കൃഷിയില്‍ ശ്രദ്ധിച്ചു .ജൈവപ്ലാവ് എന്ന ആശയം മനസ്സിലുദിച്ചത് അല്പം വൈകിയാണ് .എങ്കിലും സംഗതി സക്‌സസായി .ജൈവചക്കവെള്ളം കുടിച്ചതോടെ എന്റെ സര്‍ഗ്ഗശേഷി പൂര്‍വാധികം മേന്മയോടെ തിരിച്ചുകിട്ടി .എത്ര തിരക്കഥ വേണമെങ്കിലും പുല്ലുപോലെ എഴുതാം എന്നു തോന്നിയപ്പോള്‍ സത്യനെ വിളിച്ചു പറഞ്ഞു .എന്റെ തിരക്കഥ കിട്ടാത്തതിനാല്‍ തല്ലിപ്പൊളി സിനിമകളെടുത്ത് ബോറടിച്ചിരുന്ന സത്യന് വിവരമറിഞ്ഞപ്പോള്‍ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ .സംഗതി ജൈവമായതുകൊണ്ട് തിരക്കഥയ്ക്ക് ചെലവുകൂടുമെന്ന് ഞാന്‍ സൂചിപ്പിച്ചപ്പോള്‍ സത്യന്‍ പറഞ്ഞു .'സാരമില്ല ,എന്റെ ശ്രീനി എനിക്കുവേണ്ടത് ഒട്ടും കലര്‍പ്പില്ലാത്ത തനിനാടന്‍ സാധനമാണ് ' സത്യനുമായി കൂടിയാലോചിച്ച് ഒരു പ്രകാശന്റെ കഥയാണ് ഞാന്‍ പറയുന്നത് .തിരക്കഥ തീരാറായി .സത്യന്‍ ഷൂട്ട് ഉടനെ തുടങ്ങും .സിനിമ കണ്ടിട്ട് അഭിപ്രായം അറിയിക്കണം .പിന്നെ ചക്കക്കാര്യം രഹസ്യമായി സൂക്ഷിച്ച നിങ്ങളോട് ഒരു അഭ്യര്‍ത്ഥനയുണ്ട് .ഫെയിസ് ബുക്കിന്റെയും വാട്‌സാപ്പിന്റെയും കാലമാണ് .അതുകൊണ്ട് ജൈവചക്കയുടെ സൂചനപോലും പുറത്തുപോകരുത് .ഈ സിനിമ കണ്ടിട്ട് അഭിപ്രായം പറയണം .'ഞാന്‍ പ്രകാശന്‍ 'കണ്ട് പഴയ സഹായികള്‍ അന്തം വിട്ടു .ഇന്നത്തെ മലയാളിയെ എത്ര സൂഷ്മമായാണ് ശ്രീനിവാസന്‍ നിരീക്ഷിക്കുന്നത് ? പ്രകാശനായും പി .ആര്‍ .ആകാശായും ഫഹദ് തകര്‍ത്തഭിനയിച്ചിരിക്കുന്നു !.ജൈവച്ചക്ക വെള്ളത്തിന്റെ ശക്തി അവരെ അത്ഭുതപ്പെടുത്തി .അഭിനന്ദനം അറിയിക്കാനായി ശ്രീനിവാസനെ കാണാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല .വടക്കുനോക്കി യന്ത്രം ,ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മൂന്നാമതൊരു ചിത്രം കൂടി സംവിധാനം ചെയ്ത് സംവിധാനപ്പണി നിര്‍ത്തുമെന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീനിവാസന്‍ പ്രഖ്യാപിച്ചിരുന്നു .സര്‍ഗ്ഗശേഷിയുടെ അപര്യാപ്തതമൂലമാകാം അതു നടന്നില്ല .എന്നാല്‍ ജൈവച്ചക്ക വെള്ളത്തിന്റെ അത്ഭുതസിദ്ധിയാല്‍ ശ്രീനിവാസന്‍ മൂന്നാമത്തെ ചിത്രം സംവിധാനം ചെയ്യാനുളള ഒരുക്കപ്പാടിലാണത്രെ.  അജ്ഞാതകേന്ദ്രത്തിലെ ആയുര്‍ ജാക്ക് തോട്ടത്തില്‍ രഹസ്യമായി താമസിച്ചുകൊണ്ട് ഒരു ഉഗ്രന്‍ തിരക്കഥയുടെ രചനയിലാണത്രെ അദ്ദേഹം .അതറിഞ്ഞപ്പോള്‍ അവര്‍ക്ക് വളരെയേറെ സന്തോഷം തോന്നി .വടക്കുനോക്കി യന്ത്രത്തെയും ചിന്താവിഷ്ടയായ ശ്യാമളയെയും കവച്ചുവെക്കുന്ന ,ഞാന്‍ പ്രകാശനെ നിഷ്പ്രഭമാക്കുന്ന  ഒരൊന്നാന്തരം സിനിമ പുതുവര്‍ഷത്തില്‍ ശ്രീനിവാസന്‍ എഴുതി സംവിധാനം ചെയ്യുമെന്നു ഉറപ്പായിരുന്നു .അതിനു പുറമെ,നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന ചിത്രവും  പുതുവർഷത്തിൽ യാഥാർഥ്യമാവുമെന്നു കരുതപ്പെട്ടിരുന്നു. മോഹൻലാലിനെയും ശ്രീനിവാസനെയും ഒന്നിപ്പിച്ച് ഒരു സിനിമ സംവിധാനം ചെയ്യാൻ ആലോചനയുണ്ടെന്ന് വിനീത് ശ്രീനിവാസൻ പ്രഖ്യാപിച്ചത് ആയ്യിടെയാണ്.  വിനീത്‌ മിനക്കെട്ടിറങ്ങിയാൽ അത്‌ നടക്കും .പ്രണവ് മോഹൻലാലിനെ നായകനും പ്രിയന്റെ മകൾ കല്യാണിയെ നായികയുമാക്കി ഹൃദയം എന്ന സിനിമ വിനീത് ചെയ്തിരുന്നല്ലോ. എന്നാൽ  അതിനിടയിലാണ് അസുഖങ്ങൾ ഒന്നിനുപിറകെ ഒന്നായി ശ്രീനിവാസനെ പിടികൂടിയത്. സ്വപ്നപദ്ധതികൾ പലതും നടന്നില്ല. ഇപ്പോഴിതാ അദ്ദേഹം എന്നെന്നേക്കുമായി നമ്മെ വിട്ടുപോവുകയും ചെയ്തിരിക്കുന്നു. കേവലം രണ്ടു ചിത്രങ്ങളേ ശ്രീനിവാസൻ സംവിധാനം ചെയ്തിട്ടുള്ളൂ. നിരവധി സിനിമകൾക്ക് തിരക്കഥകൾ എഴുതി. ധാരാളം സിനിമകളിൽ അഭിനയിച്ചു. അതിന്റെ നാലിലൊന്ന് പോരെ ആ ബഹുമുഖ പ്രതിഭ തലമുറകളോളം അറിയപ്പെടാൻ?.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img