
തനിക്കെതിരേ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന സൈബർ ആക്രമണങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് ശ്രീലക്ഷ്മി അറയ്ക്കൽ. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കുട്ടികൾക്ക് ട്യൂഷൻ എടുത്തും പഠിച്ചും കഠിനമായി പരിശ്രമിച്ചിട്ടുണ്ടെന്നും, അങ്ങനെയുള്ള ഒരാളെ വേശ്യയെന്ന് വിളിക്കുന്നത് അത്യന്തം വേദനാജനകമാണെന്നും ശ്രീലക്ഷ്മി പറഞ്ഞു. മൈൻഡ്സ്കേപ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെയായിരുന്നു ശ്രീലക്ഷ്മി അറയ്ക്കലിന്റെ പ്രതികരണം.
ദിവസവും പുലർച്ചെ അഞ്ച് മണിക്ക് എഴുന്നേറ്റ് ട്യൂഷൻ ക്ലാസ്സുകൾ എടുത്ത ശേഷം ബിഎഡ് കോളേജിൽ പോയി പഠിക്കുകയും, പിന്നീട് വീണ്ടും ട്യൂഷൻ എടുത്ത് രാത്രി വീട്ടിലെത്തി അക്കാദമിക് ജോലികൾ പൂർത്തിയാക്കുകയും ചെയ്താണ് തന്റെ ജീവിതമെന്നും അവർ വ്യക്തമാക്കി. കഠിനാധ്വാനം ചെയ്ത് ജീവിച്ച ഒരാളോട് ഇത്തരത്തിലുള്ള അധിക്ഷേപങ്ങൾ ശരിയല്ലെന്നും, വേശ്യാവൃത്തി അപമാനകരമായ തൊഴിൽ എന്ന നിലയിൽ പറയുന്നതല്ലെങ്കിലും, തനിക്കത് ചെയ്യാനാകില്ലെന്നും ശ്രീലക്ഷ്മി കൂട്ടിച്ചേർത്തു.
കുടുംബം നേരിട്ട കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും ശ്രീലക്ഷ്മി തുറന്നുപറഞ്ഞു. ഭക്ഷണത്തിനു വേണ്ടി അമ്മ സക്കാത്ത് വാങ്ങാൻ പോയ സാഹചര്യം വരെ ഉണ്ടായിരുന്നുവെന്ന് അവർ പറഞ്ഞു. അമ്മ അങ്കണവാടി അധ്യാപികയായിരുന്നെങ്കിലും അന്ന് ലഭിച്ചിരുന്ന ശമ്പളം വളരെ കുറവായിരുന്നുവെന്നും, അത്തരം സാഹചര്യങ്ങളിൽ വളർന്ന അമ്മയെക്കുറിച്ച് മോശം പരാമർശങ്ങൾ നടത്തരുതെന്നും ശ്രീലക്ഷ്മി ആവശ്യപ്പെട്ടു.
ഒൻപതാം ക്ലാസ് മുതൽ ട്യൂഷൻ എടുത്താണ് താൻ സ്വന്തം ചെലവുകൾ കണ്ടെത്തിയതെന്നും, ഇന്ന് 30 വയസായിട്ടും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത് സ്വന്തം കഴിവും അധ്വാനവുമാണെന്നും അവർ വ്യക്തമാക്കി. സാമ്പത്തിക സൗകര്യങ്ങൾ ഇല്ലാത്തതിനാൽ വർഷങ്ങളായി ഒരേ ഫോൺ ഉപയോഗിക്കേണ്ടിവരുന്ന അവസ്ഥയാണെന്നും ശ്രീലക്ഷ്മി പറഞ്ഞു.
ശ്രീലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ:
"രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് കുളിച്ച് ട്യൂഷന് പോയി, അവിടെ നിന്ന് നേരെ ബിഎഡ് കോളേജിൽ പോയി പഠിച്ച്, വീട്ടിൽ വരാതെ അടുത്ത ട്യൂഷനെടുത്ത് രാത്രി എട്ട് മണിക്ക് വന്ന് ബിഎഡിന്റെ എല്ലാ വർക്കും എഴുതി തീർത്തിട്ടുണ്ട് ഞാൻ. അങ്ങനെ ജോലി ചെയ്ത് ജീവിച്ചയാളെ നിങ്ങൾ വേശ്യ എന്ന് പറയരുത്. ഭയങ്കര മോശമാണത്. ഞാനത്രയ്ക്ക് കഷ്ടപ്പെട്ടാണ് ഞാൻ ജീവിച്ചത്. പക്ഷെ നിങ്ങളെല്ലാവരും എന്നെ വേശ്യ എന്നാണ് വിളിക്കുന്നത്. വേശ്യാവൃത്തിയിലേർപ്പെട്ടു ജീവിക്കാം. പക്ഷെ അത് പറ്റില്ല. ആ ജോലി മോശമായത് കൊണ്ടല്ല. പക്ഷെ എനിക്ക് പറ്റില്ല.'
"അങ്ങനെയാണെങ്കിൽ ഇപ്പോൾ വീടും കാറുമെല്ലാമായേനെ. ഫോൺ വരെ എത്രയോ കൊല്ലമായി ഉപയോഗിക്കുന്നു. ഹാങ് ആയിപ്പോകുന്നു. ഫോൺ പോലും മാറ്റാൻ പെെസയില്ല. 9ാം ക്ലാസ് തൊട്ട് ഞാൻ ട്യൂഷനെടുക്കാൻ തുടങ്ങിയതാണ്. ഇപ്പോൾ 30 വയസായി. എനിക്ക് കഴിവുള്ളത് കൊണ്ട് മാത്രമാണ് ഞാൻ ജീവിച്ച് പോകുന്നത്. എന്റെ അമ്മ അംഗൻവാടി ടീച്ചറായാണ് ജോലി ചെയ്യുന്നത്. അമ്മയ്ക്ക് അന്ന് 600 രൂപയൊക്കെയാണ് മാസം കിട്ടിയിരുന്നത്. എനിക്ക് ഭക്ഷണം തരാൻ വേണ്ടി എന്റെ അമ്മ സക്കാത്ത് വാങ്ങാൻ പോയിട്ടുണ്ട്. അങ്ങനെ വരെ ജീവിച്ചിട്ടുണ്ട്. അങ്ങനെയുള്ള അമ്മയെക്കുറിച്ച് മോശം പറയരുത്." ശ്രീലക്ഷ്മി കൂട്ടിച്ചേർത്തു.











