
ആലപ്പുഴ: സ്വർണപ്പണയ തട്ടിപ്പ് കേസിൽ മുഖ്യപ്രതി ശ്രീലകം ഫിനാൻസ് മാനേജർ ടിനു തമ്പാൻ അറസ്റ്റിൽ. കുറത്തിക്കാട് പൊലീസ് കായംകുളത്തെ ഒരു വീട്ടിൽ നിന്നാണ് ടിനു തമ്പാനെ പിടികൂടിയത്. യുവമോർച്ച നേതാവ് പ്രതിയായ കേസിലാണ് ടിനു തമ്പാൻ പിടിയിലായത്.
കേസിൽ യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണനും സ്ഥാപന ഉടമ രാധാകൃഷ്ണപിള്ളയും നിലവിൽ ഒളിവിലാണ്. ഏകദേശം 100 പവനോളം സ്വർണം പ്രതികൾ തട്ടിയെടുത്തെന്നാണ് പരാതിക്കാരുടെ ആരോപണം.
കുറഞ്ഞ പലിശയ്ക്ക് പണം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ആളുകളിൽ നിന്ന് സ്വർണം വാങ്ങിയതെന്ന് പൊലീസ് പറയുന്നു. സ്വർണപ്പണയത്തിനായി സ്ഥാപനത്തിലെത്തിച്ച ആഭരണങ്ങൾ ടിനു തമ്പാൻ മറിച്ചുവിൽക്കുകയായിരുന്നു. പണം ആവശ്യപ്പെട്ട് ഉപഭോക്താക്കൾ സ്ഥാപനത്തിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്.
തുടർന്ന് നിരവധി പേർ പൊലീസിൽ പരാതി നൽകി. സ്ഥാപനത്തിനെതിരെ നൂറിലധികം പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കേസിലെ മുഖ്യപ്രതിയായ ടിനു തമ്പാനെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ നേരത്തെ പൊലീസിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.
അറസ്റ്റിലായ ടിനു തമ്പാനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കേസിൽ ഒളിവിലുള്ള മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ശക്തമാക്കി.










