09:00pm 05 November 2026
NEWS
അഭിരാമിന്റെ കൊലപാതകം: പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഫോൺ കോൾ നാടകം; ഐശ്വര്യയുടെ അറസ്റ്റും രേഖപ്പെടുത്തി
05/11/2026  03:19 PM IST
nila
അഭിരാമിന്റെ കൊലപാതകം: പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഫോൺ കോൾ നാടകം; ഐശ്വര്യയുടെ അറസ്റ്റും രേഖപ്പെടുത്തി

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പ്രതികൾ ആസൂത്രിതമായി നീക്കം നടത്തിയതായി അന്വേഷണസംഘം. കൊലപാതകം നടന്ന സമയത്ത് രണ്ടാം പ്രതി ഉമർ വീട്ടിലുണ്ടായിരുന്നുവെന്ന് വരുത്തിത്തീർക്കാനാണ് ഫോൺ കോൾ തന്ത്രം പ്രയോഗിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ഞായറാഴ്ച ഉമർ തന്റെ മൊബൈൽ ഫോൺ വീട്ടിൽ ഉപേക്ഷിച്ച ശേഷമാണ് കൊലപാതകം നടന്ന സ്ഥലത്തെത്തിയത്. ഈ സമയമത്രയും ഉമറിന്റെ കാമുകി ഐശ്വര്യ ഫോണിലേക്ക് തുടർച്ചയായി വിളിച്ചുകൊണ്ടിരുന്നു. ടവർ ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തെ വഴിതെറ്റിക്കാനും സംഭവസമയത്ത് ഉമർ വീട്ടിലായിരുന്നുവെന്ന് സ്ഥാപിക്കാനുമായിരുന്നു ഈ നീക്കമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

കൊലപാതകത്തിനുശേഷം വീട്ടിലെത്തിയ ഉമർ ഇൻസ്റ്റഗ്രാമിലൂടെ ഐശ്വര്യയ്ക്ക് സന്ദേശമയച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 'പതിനേഴുകാരൻ അഭിരാമിനെ കൊന്നെന്നും അവൻ അനുഭവിക്കട്ടെ' എന്നായിരുന്നു സന്ദേശം. പ്രായപൂർത്തിയാകാത്ത ഒന്നാം പ്രതിയെ കൊലപാതകത്തിന്റെ പ്രധാന ഉത്തരവാദിയായി ചിത്രീകരിച്ച് ശിക്ഷയിൽ ഇളവ് നേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇതിനെ പൊലീസ് സംശയിക്കുന്നത്. സംഭവത്തെക്കുറിച്ച് ഐശ്വര്യയ്ക്ക് നേരത്തേ അറിവുണ്ടായിരുന്നുവെന്നും തെളിവ് നശിപ്പിക്കുന്നതടക്കമുള്ള നീക്കങ്ങളിൽ സഹായിച്ചെന്നുമാണ് അന്വേഷണസംഘത്തിന്റെ ആരോപണം. കസ്റ്റഡിയിലായിരുന്ന ഐശ്വര്യയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

പതിനേഴുകാരനായ ഒന്നാം പ്രതി ഉൾപ്പെടെയുള്ളവർ കൊലപാതകത്തിനുശേഷം തെളിവുകൾ നശിപ്പിക്കാൻ ആസൂത്രിതമായി ശ്രമിച്ചെന്നാണ് പൊലീസിന്റെ നിഗമനം. ഉമറിന് രണ്ട് മൊബൈൽ ഫോണുകളുണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ഇതിൽ ഒന്നിൽ കേസുമായി ബന്ധപ്പെട്ട നിർണായക വീഡിയോകളും തെളിവുകളും ഉണ്ടായിരുന്നുവെന്നും അവ നശിപ്പിച്ചിരിക്കാമെന്നുമാണ് അന്വേഷണസംഘം സംശയിക്കുന്നത്.

ഉമറിന്റെയും അഭിരാമിന്റെയും മൊബൈൽ ഫോണുകൾ കണ്ടെത്തി വിശദമായ പരിശോധന നടത്തിയാൽ കൊലപാതകത്തിന്റെ യഥാർഥ കാരണം വ്യക്തമാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. കൊലപാതകത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ അഭിരാമും മറ്റു ചില കുട്ടികളും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളിലുള്ള കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണ് അന്വേഷണസംഘം. വാക്കേറ്റത്തിനും കൊലപാതകത്തിനും തമ്മിൽ ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img