
തിരുവനന്തപുരം:പ്രാർത്ഥനാനിർഭരമായി ചെമ്പഴന്തിയും ശിവഗിരിയും
മാറ്റത്തിന്റെ വേലിയേറ്റങ്ങൾ സൃഷ്ടിച്ച് മാനവികതയുടെ പുതിയ വെളിച്ചം പകർന്നുനൽകിയ ശ്രീനാരായണഗുരുദേവന്റെ 172-ാമത് ജയന്തി ആഘോഷങ്ങളിൽ മുഴുകിയിരിക്കുകയാണ് ലോകമെമ്പാടുമുള്ള ഭക്തജനങ്ങൾ. നവോത്ഥാന സൂര്യന്റെ ജന്മം കൊണ്ട് പുണ്യഭൂമിയായി മാറിയ ചെമ്പഴന്തി വയൽവാരം വീടും മഹാസമാധിയാൽ പവിത്രമായ ശിവഗിരിയും ഇന്ന് മഞ്ഞപ്പട്ടണിഞ്ഞ ഭക്തസാഗരമായി മാറി.
ചെമ്പഴന്തി ഗുരുകുലത്തിൽ പുലർച്ചെ മുതൽ തന്നെ പ്രാർത്ഥനാനിർഭരമായ ചടങ്ങുകളാണ് നടക്കുന്നത്. വൈകിട്ട് 6.30ന് നടക്കുന്ന തിരുജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. വി.മുരളീധരൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ജയന്തി സന്ദേശം നൽകും. ഡോ. ശശി തരൂർ എം.പി, കെ.യു.ജനീഷ് കുമാർ എം.എൽ.എ തുടങ്ങിയ പ്രമുഖർ സമ്മേളനത്തിന്റെ ഭാഗമാകും. രാവിലെ 10ന് മന്ത്രി ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യുന്ന ദാർശനിക സമ്മേളനവും, വൈകിട്ട് 3ന് ഡെപ്യൂട്ടി മേയർ ആശാനാഥ്.ജി.എസ് ഫ്ളാഗ് ഓഫ് ചെയ്യുന്ന തിരുജയന്തി ഘോഷയാത്രയും ഗുരുകുലത്തെ ഉത്സവപ്രതീതിയിലാക്കും.
മറുഭാഗത്ത്, ഗുരുവിന്റെ തപസ്സുകൊണ്ട് അനുഗൃഹീതമായ ശിവഗിരി മഠത്തിൽ രാവിലെ 9.30ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരുജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് 11.30ന് നടക്കുന്ന ധർമ്മ ചർച്ചാസമ്മേളനത്തിൽ മന്ത്രി എം.ലിജു ഉൾപ്പെടെയുള്ള രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖർ സംസാരിക്കും. വൈകിട്ട് 5ന് ശിവഗിരിയിൽ നിന്ന് പുറപ്പെടുന്ന വർണാഭമായ മഹാഘോഷയാത്രയാണ് ആഘോഷങ്ങളുടെ പ്രധാന ആകർഷണം. പഞ്ചവാദ്യം, മുത്തുക്കുടകൾ, വിഗ്രഹവുമേന്തിയ രഥം, ശിങ്കാരിമേളം, കലാ രൂപങ്ങൾ, ഗുരുദേവ ദർശനങ്ങൾ ആവിഷ്കരിക്കുന്ന പ്ലോട്ടുകൾ എന്നിവയോടെ ഗുരുദേവ റിക്ഷ നഗരത്തെ പീതമയമാക്കും.










