06:03am 11 November 2026
NEWS
മാന്നാർ യൂണിയനിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ദിനാഘോഷവും ഓഫീസ് കെട്ടിട സമുച്ചയ സമർപ്പണവും ഇന്ന്
07/09/2025  08:43 AM IST
nila
മാന്നാർ യൂണിയനിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ദിനാഘോഷവും  ഓഫീസ് കെട്ടിട സമുച്ചയ സമർപ്പണവും ഇന്ന്

 

മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിൽ 171-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ദിനാഘോഷവും പുതുതായി നിർമ്മിച്ച ഓഫീസ് കെട്ടിട സമുച്ചയത്തിന്റെ സമർപ്പണവും ഞായറാഴ്ച നടക്കും.  രാവിലെ 9 ന് പുതിയ ആഫീസ് കെട്ടിടത്തിൽ യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ പതാക ഉയർത്തുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. യൂണിയൻ്റെ പരിധിയിൽ വരുന്ന മുഴുവൻ ശാഖകളിൽ നിന്നും പതിനായിരക്കണക്കിന് ശ്രീനാരായണീയർ അണിനിരക്കുന്ന സംയുക്ത ചതയ ഘോഷയാത്ര 
വൈകിട്ട് 3 ന് നായർ സമാജം സ്‌കൂൾ ഗ്രൗണ്ടിൽ നിന്നും  ആരംഭിക്കും. ഗുരുധർമ്മാനന്ദജി നഗർ എന്ന നാമകരണം ചെയ്‌തിരിക്കുന്ന സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ  സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഘോഷയാത്രയുടെ ഉദ്‌ഘാടനവും പതാക കൈമാറലും നിർവഹിക്കും. യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ അദ്ധ്യക്ഷത വഹിക്കും. ഘോഷയാത്രയിൽ ഗുരുദേവചിത്രം അലങ്കരിച്ച രഥത്തിന് പിന്നിലായി  യൂണിയൻ നേതാക്കളും വിശിഷ്ടാതിഥികളും ജനപ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും അണിനിരക്കും. പ്രത്യേക യൂണിഫോമിൽ അണിനിരക്കുന്ന ആയിരത്തിൽപരം കുമാരി-കുമാരസംഘാംഗങ്ങൾ ഘോഷയാത്രയുടെ മുൻനിരയിൽ അണിനിരക്കും. തുടർന്ന് ഗ്രാമം, ചെന്നിത്തല, ബുധനൂർ, മാന്നാർ മേഖലകളിൽ നിന്നുള്ള ശാഖാ യോഗത്തിലെ അംഗങ്ങൾ മുൻഗണനാ ക്രമത്തിൽ അണിചേരും. ഓരോ മേഖലകളുടെയും മുൻനിരയിൽ ഗുരുദേവ രഥങ്ങൾ ഉണ്ടായിരിക്കും. പഞ്ചവാദ്യം, ബാൻഡ്‌സെറ്റ്, ചെണ്ടമേളം, തായംമ്പക, പഞ്ചാരിമേളം, പ്രച്ഛന്ന വേഷക്കാർ, വിവിധ വാദ്യഘോഷങ്ങൾ തുടങ്ങിയവ ഘോഷയാത്രയെ അനുഗമിക്കും. ഘോഷയാത്രയിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്ന മേഖലകൾക്കും ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുക്കുന്ന കുമാരി - കുമാരസംഘ അംഗങ്ങൾക്കും ക്യാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്യും. മാന്നാർ യൂണിയൻ പ്രഥമ ചെയർമാന്റെ നാമധേയത്തിലുള്ള ഡോ.എം.പി വിജയകുമാർ നഗറായ ഗ്രാമപഞ്ചായത്ത് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ തയ്യാറാക്കിയിരിക്കുന്ന ബഹുനിലപന്തലിൽ ഘോഷയാത്ര സമാപിക്കും.

സമാപന സമ്മേളന വേദിയിൽ ഉച്ചയ്ക്ക് 2 മുതൽ ആലപ്പുഴ സ്വരജയ ഓർക്കസ്ട്ര  അവതരിപ്പിക്കുന്ന ഓൾഡ് ഈസ് ഗോൾഡ് ഗാനമേള നടക്കും. 3.30 ന് മാന്നാർ എസ്.എൻ.ഡി.പി യൂണിയന്റെ 'തിരിഞ്ഞുനോട്ടം' എന്ന ഡോക്യുമെൻ്റി വേദിയിൽ പ്രദർശിപ്പിക്കും. തുടർന്ന് 4 ന്  ശ്രീനാരായണ ഗുരുദേവ ജയന്തി മഹാസമ്മേളനവും യൂണിയനുവേണ്ടി പുതുതായി നിർമ്മിച്ച ആഫീസ് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടന സമ്മേളനവും ആരംഭിക്കും. എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപം കൊളുത്തും. ജയന്തി മഹാസമ്മേളനം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ ആഫീസ് മന്ദിര സമുച്ചയത്തിൻ്റെ സമർപ്പണം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവ്വഹിക്കും.

ജനറൽ സെക്രട്ടറി പദത്തിൽ മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന വെള്ളാപ്പള്ളി നടേശന് മാന്നാർ യൂണിയൻ്റെ ആദരവായി പുതുതായി നിർമ്മിച്ച ശീതീകരിച്ച വെള്ളാപ്പള്ളി നടേശൻ ഹാളിന്റെ സമർപ്പണം മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ചടങ്ങിൽ യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ അദ്ധ്യക്ഷത വഹിക്കും.

ശ്രീനാരായണ ഗുരുദേവ ദർശന പ്രചരണത്തിൽ സ്‌തുത്യർഹമായ സേവനമനുഷ്ഠിക്കുന്ന ഡോ.എം.എം ബഷിറിൻ്റെ സപ്തതി ആഘോഷങ്ങളുടെ ഉദ്ഘാടനവും പുരസ്‌കാര സമർപ്പണവും മാന്നാറിലെ പത്രപ്രവർത്തക രംഗത്തെ കാൽ നൂറ്റാണ്ട് പിന്നിട്ടവർക്കുള്ള  പുരസ്‌കാര സമർപ്പണവും വെള്ളാപ്പള്ളി നടേശൻ നിർവ്വഹിക്കും. കഴിഞ്ഞ രണ്ടു വർഷമായി മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ നടപ്പിലാക്കി വരുന്ന വെള്ളാപ്പള്ളി നടേശൻ കനിവ് പദ്ധതി പ്രകാരം വിവിധ ശാഖകളിൽ നിന്ന് തെരഞ്ഞെടുത്ത 300 കുടുംബാംഗങ്ങൾക്ക് ചികിത്സാ ധനസഹായം വിതരണം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിക്കും.

ശ്രീനാരായണ ഗുരുദേവൻ്റെ ഗൃഹസ്ഥ ശിഷ്യൻ ഗുരുധർമ്മാനന്ദജിയുടെ ഫോട്ടോ യൂണിയൻ ഓഫീസിൽ അനാവരണം നടത്തിയും യൂണിയൻ പ്രഥമ കൺവീനർ ജയലാൽ.എസ് പടീത്തറയ്ക്ക് ആദരവും എം.സി.എ കോഴ്സിൽ യൂണിവേഴ്‌സിറ്റി റാങ്ക് ഹോൾഡറും 68-ാം നമ്പർ കുട്ടംപേരൂർ ശാഖ അംഗവുമായ ദേവിപ്രിയയ്ക്കും, എം.ബി.ബി.എസ് പരീക്ഷയിൽ സംസ്ഥാനത്ത് മികച്ച വിജയം കൈവരിച്ചുള്ളതും 3100-ാം നമ്പർ ഡോ. പൽപ്പുമെമ്മോറിയൽ ശാഖാ അംഗവുമായ ഡോ.ദിവ്യ റാണിയ്ക്കും 141-ാം നമ്പർ പുത്തൻകോട്ടയ്ക്കകം ശാഖാ അംഗമായ ഡോ.സൂരജ് മുര ളിയ്ക്കും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ ആദരവും പുരസ്ക്കാരവും നൽകും. ഔഷധി ചെയർപേഴ്‌സൺ ശോഭന ജോർജ് യൂണിയൻ ഓഫീസ് നിർമാണ ശില്പികൾക്കും സാങ്കേതിക വിദഗ്‌ർക്കുമുള്ള ആദരവും പുരസ്കാരവും നൽകും. സുജിത്ത് തന്ത്രികൾ  രഞ്ജു അനന്ദഭദ്രത്ത് തന്ത്രികൾ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം കൗൺസിലർ സന്ദീപ് പച്ചയിൽ ചതയ സന്ദേശം നൽകും. വിവിധ യൂണിയൻ നേതാക്കൾ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം സ്വാഗതവും യൂണിയൻ ജോയിൻ കൺവീനർ പുഷ്പ ശശികുമാർ കൃതജ്ഞതയും പറയും.

ചതയ ഘോഷയാത്രയിൽ പങ്കെടുക്കാൻ ശാഖാംഗങ്ങളുമായി എത്തുന്ന വാഹനങ്ങൾ മാന്നാർ നായർ സമാജം മൈതാനിയിൽ ആളുകളെ ഇറക്കിയശേഷം കുരട്ടിക്കാട് പാട്ടമ്പലം  ക്ഷേത്ര മൈതാനിയിൽ പാർക്ക് ചെയ്യുകയും സമ്മേളനശേഷം വാഹനങ്ങൾ സമ്മേളന നഗരിയിൽ എത്തി ശാഖാംഗങ്ങളെ കയറ്റി തിരികെ പോകേണ്ടതുമാണെന്ന് യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.