10:51am 15 September 2026
NEWS
ശ്രീനാരായണഗുരു ആത്മീയ ആചാര്യനല്ല, നവോത്ഥാന നായകൻതന്നെ
21/09/2025  02:34 PM IST
അഡ്വ.ജി.സുഗുണൻ
ശ്രീനാരായണഗുരു ആത്മീയ ആചാര്യനല്ല, നവോത്ഥാന നായകൻതന്നെ

യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷൻ (യു.ജി.സി) മാതൃകാ പാഠ്യപദ്ധതി പലപ്പോഴും പുറത്തിറക്കാറുണ്ട്. ഈ പാഠ്യപദ്ധതിയിൽ രാജ്യത്തെ വിവിധ മേഖലകളിൽ ഏറ്റവും പ്രമുഖരായവരുടെ പ്രവർത്തനങ്ങളും അവരുടെ തത്വശാസ്ത്രവും എല്ലാം ഉൾപ്പെടുത്തുന്നുമുണ്ട്. ഏറ്റവും ഒടുവിൽ യു.ജി.സി പുറത്തിറക്കിയ മാതൃകാ പാഠ്യപദ്ധതിയിൽ ശ്രീനാരായണഗുരുവിനെ ഉൾപ്പെടുത്തിയത് സ്വാഗതാർഹം തന്നെയാണ്. എന്നാൽ ഗുരുവിനെ ആത്മീയ നേതാക്കളുടെ ഗണത്തിലാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. 

ശ്രീനാരായണഗുരു കേരളത്തിലെ നവോത്ഥാന നായകനാണ്. സംസ്ഥാനത്തെ സാമൂഹിക മാറ്റത്തിന് അദ്ദേഹം വഹിച്ച മഹത്തായ പങ്ക് മറ്റാർക്കും വഹിക്കാൻ കഴിഞ്ഞിട്ടില്ല. ആത്മീയ കാര്യങ്ങളെപ്പറ്റി സ്വാമിയുടെ കൃതികളിൽ സൂചനയുണ്ടെന്നുള്ളത് വസ്തുതയാണ്. എന്നാൽ ഈ സംസ്ഥാനത്തെ സാമൂഹിക അനീതിക്കെതിരായ നിരന്തരമായ പോരാട്ടവും നവോത്ഥാനപ്രസ്ഥാനത്തിന്റെ വ്യാപകമായ വളർച്ചയുമായിരുന്നു അദ്ദേഹത്തിന്റെ മഹത്തായ സംഭാവന. സാമൂഹിക അനീതിയ്‌ക്കെതിരായ ഗുരുവിന്റെ പോരാട്ടമാണ് സംസ്ഥാനത്തെ പിന്നോക്ക - ദുർബല ജനവിഭാഗങ്ങളുടെ ആകെ മോചനത്തിനും നാന്ദികുറിച്ചത്. ഈ യാഥ്യാർത്ഥ്യം മറച്ചുവച്ചുകൊണ്ട് അദ്ദേഹം ആത്മീയമേഖലയിലെ ഒരു സന്യാസിയായി മാത്രം തരം താഴ്ത്തപ്പെടുന്നത് വസ്തുതകളുമായി പൊരുത്തപ്പെടുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ യു.ജി.സി അടിയന്തിരമായും തങ്ങളുടെ പാഠ്യപദ്ധതിയിൽ ആവശ്യമായ മാറ്റം വരുത്തേണ്ടിയിരിക്കുകയാണ്. 

സാമൂഹ്യ പരിഷ്‌കർത്താക്കളുടെ പട്ടികയിൽ നിന്ന് ഗുരുവിനെ ഒഴിവാക്കിയതിന് എന്ത് ന്യായമാണ് പറയാനുള്ളത് ? സ്വാമി ദയാനന്ദ സരസ്വതി, ജ്യോതി ബഭൂലേ, ബി.ആർ അബേദ്കർ എന്നിവരാണ് സാമൂഹിക പരിഷ്‌കർത്താക്കളുടെ പട്ടികയിലുള്ളത്. മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് ബിരുദകോഴ്‌സിന്റെ മോഡേൺ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട്‌സ് എന്ന പേപ്പറിന്റെ മാതൃകാ സിലബസ്സിലാണിത്. ദേശീയ പ്രസ്ഥാനമെന്ന വിഭാഗത്തിൽ ബാലഗംഗാതര തിലകനെയും മഹാത്മാഗാന്ധിയെയും ഉൾപ്പെടുത്തി .റാം മനോഹർ ലോഹ്യ, ജയപ്രകാശ് നാരായണൻ എന്നിവർക്കൊപ്പം സോഷ്യലിസ്റ്റുകളുടെ കൂട്ടത്തിലാണ് നെഹ്‌റുവിന്റെ സ്ഥാനം. ദേശീയ വാദികളെ കുറിച്ചുള്ള പാഠത്തിൽ സവർക്കർക്ക് പുറമേ ദീൻ ദയാൽ ഉപാദ്ധ്യയും ഇടം പിടിച്ചു. 

'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന തത്ത്വത്തോടെ മാനവരാശിയുടെ മോചനത്തിനായി ശ്രീനാരായണഗുരു കേരളത്തിൽ സഞ്ചരിച്ചുകൊണ്ട് ആധുനികതയുടെ പ്രകാശം പ്രചരിപ്പിച്ചു. 'ജാതി ഭേദം മതദേ്വഷം ഏതുമില്ലാതെ സർവ്വരും സോദരതേ്വന വാഴുന്ന' മാതൃകാ സമൂഹമായിരുന്നു ഗുരുവിന്റെ ലക്ഷ്യം. മേൽജാതിക്കാരുടെ കുത്തകയായിരുന്ന അദ്വൈത ദർശനത്തെ താഴെത്തട്ടിലേക്ക് ഇറക്കിക്കൊണ്ടുവന്നത് ശ്രീനാരായണ ഗുരുവായിരുന്നു. മിശ്രവിവാഹത്തെയും പന്തിഭോജനത്തെയും ഗുരു പ്രോത്സാഹിപ്പിച്ചു. 'മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്നായിരുന്നു ഗുരുവിന്റെ ഉപദേശം. വിമോചനത്തിന് അറിവ് ആയുധമാക്കുവാനും, വ്യവസായത്തിലൂടെ മുന്നേറാനും ഗുരുദേവൻ അഹ്വാനം ചെയ്തത് കേരളത്തെ മാറ്റിമറിച്ചു. കരിങ്കല്ലിൽ തുടങ്ങി കണ്ണാടിയിൽ അവസാനിച്ച ഗുരുദേവന്റെ ക്ഷേത്രപ്രതിഷ്ഠകൾ ജനങ്ങളെ ശുദ്ധീകരിക്കാൻ വേണ്ടിയുളളതായിരുന്നു. കേരള ചരിത്രത്തിലെയും ഇന്ത്യാചരിത്രത്തിലെയും, സുപ്രധാന സംഭവമായിരുന്നു 1980 ലെ അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ.  ഗുരുദേവൻ ഒന്നാമതായി സ്ഥാപിച്ച ക്ഷേത്രത്തിന്റെ ഭിത്തിയിൻമേൽ എഴുതിയിരുന്ന മുദ്രാവാക്യം ഇതായിരുന്നു.

''ജാതിഭേതം മതദ്വേഷം
ഏതുമില്ലാതെ സർവരും
സോദരതേ്വന വാഴുന്ന
മാതൃകാസ്ഥാനമാണിത്''

വിദ്യാലയങ്ങളും ഗ്രന്ഥശാലകളും ഗുരുദേവന്റെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ടു. വ്യവസായങ്ങൾ ആരംഭിക്കാൻ അദ്ദേഹം പാവപ്പെട്ട പിന്നോക്ക ജനവിഭാഗങ്ങളെ ആഹ്വാനം ചെയ്തു. വിവാഹം, മരണം എന്നിവയുമായി ബന്ധപ്പെട്ട അനാവശ്യ ചെലവുകൾ പരിഷ്‌ക്കരിക്കാൻ അദ്ദേഹത്തിനായി. ജാതീയതയ്ക്കും സവർണ്ണ മേധാവിത്വത്തിനുമെതിരെ പോരാട്ടം നടത്തി. നവോത്ഥാന നായകരിൽ തുല്യതകളില്ലാത്ത വ്യക്തിത്വമാണ് ശ്രീനാരായണഗുരുവിന്റേത്. ക്ഷേത്രപ്രവേശനത്തിന് വേണ്ടിയുളള സത്യാഗ്രഹങ്ങൾക്കും അധ:സ്ഥിതരുടെ മോചനത്തിനും പൊതുഇടങ്ങളുടെ വികാസത്തിനും ശ്രീനാരായണഗുരുവിന്റെ പ്രവർത്തനങ്ങൾകൊണ്ട് കഴിഞ്ഞു. സാമൂഹ്യ പരിഷ്‌ക്കരണത്തിൽ അദ്ദേഹത്തിന് നിർവ്വഹിക്കാൻ കഴിഞ്ഞ മഹത്തായ പങ്ക്  ദക്ഷിണേന്ത്യയിൽ മറ്റാർക്കും വഹിക്കാൻ കഴിഞ്ഞിട്ടില്ല.

ഫ്യൂഡൽ സങ്കുചിതത്വങ്ങളുടെ ചങ്ങലക്കെട്ടിൽനിന്ന് പുറത്തുകടന്നുകൊണ്ട് ശ്രീനാരായണഗുരു 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന മുദ്രാവാക്യം മുഴക്കി. ദൈവത്തിന്റെ കീഴിലുളള എല്ലാ മനുഷ്യരും സമന്മാരാണെന്ന ഈ പ്രഖ്യാപനം ഫ്യൂഡൽ സംസ്‌ക്കാരത്തെ തകർത്ത് ദേശീയ സംസ്‌ക്കാരത്തെ വളർത്താനുളള ഒരു ആഹ്വാനമായിരുന്നെന്ന് കെ. ദാമോദരൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഫ്യൂഡൽ വർഗ്ഗ ബന്ധങ്ങൾക്കെതിരായി സമരം നടത്താനുളള ദേശീയ ബൂർഷ്വാസിയുടെ കാഹളം വിളിയായിരുന്നു ഇത.് അതുകൊണ്ടുതന്നെയാണ് ഈ മുദ്രാവാക്യം ബ്രാഹ്മണ-ജന്മി മേധാവികളെ വിറകൊള്ളിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഈ എതിർപ്പുകളൊന്നും വകവയ്ക്കാതെ തന്റെ ജീവിതത്തിന്റെ പ്രധാന ഭാഗം ജന്മിമേധാവിത്വത്തിനും, അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരായ പ്രക്ഷോഭണങ്ങൾക്കു വേണ്ടി ഗുരുദേവൻ വിനിയോഗിച്ചു. 

ശ്രീനാരായണഗുരുസ്വാമി ഒരു പ്രതേ്യക സമുദായത്തിന്റെ നേതാവായി പരിഗണിക്കുന്നവരുമുണ്ട്. എന്നാൽ സ്വാമിയുടെ ജീവിത കാലത്ത് കേരളത്തിന്റെ ഒട്ടാകെയുളള പുരോഗതിക്ക് അദ്ദേഹം സ്വീകരിച്ച പ്രവർത്തനമാർഗം ഏറ്റവും പുരോഗമനാത്മകമായിരുന്നുവെന്നു കാണാം. പടിപടിയായി വളർന്നു വരുന്ന കേരളത്തിലെ ജനാധിപത്യ പ്രസ്ഥാനത്തിലെ ഒന്നാം ഘട്ടത്തെയാണ് സ്വാമിയും അദ്ദേഹം നയിച്ച പ്രസ്ഥാനവും പ്രതിനിധീകരിക്കുന്നത്. ആ നിലയിൽ  ആ കാലഘട്ടത്തിലെ കേരളീയ സമുദായത്തിന്റെ ഏറ്റവും സമുന്നതനായ നേതാവാണ് ശ്രീനാരായണ ഗുരുവെന്ന് നിസ്സംശയം പറയാം. ജാതിക്കെതിരായി സ്വാമി നടത്തിയ സമരം ഫ്യൂഡലിസത്തിന്റെ ഏറ്റവും പ്രകടമായ രൂപത്തിനെതിരായ സമരമായിരുന്നു. സാമ്പത്തികമായ അസ്ഥിവാരം മാറ്റിപ്പണിയാതെ ഫ്യൂഡലിസത്തിൽ നിന്ന് ഒരു ജനാധിപത്യ വ്യവസ്ഥിതിലേക്കുളള പരിവർത്തനം സാധ്യമല്ല. 

സാമ്പത്തികമായ അസ്ഥിവാരവും ജാതിവ്യവസ്ഥയാകുന്ന മേൽക്കൂരയും തമ്മിലുളള വൈവിധ്യത്തിൽ സ്വാമിയുടെ ചരിത്ര കാലഘട്ടത്തിൽ ജാതിവ്യവസ്ഥയാകുന്ന മേൽക്കൂരയായിരുന്നു പ്രധാന വശമായി നിലകൊണ്ടത്. അധ്വാനിക്കുന്ന ജനവിഭാഗം ഇങ്ങനെ വിവിധ ജാതിക്രമത്തിൽ വിഭജിക്കപ്പെട്ടിരിക്കുന്നിടത്തോളം കാലം ഒരു സാമ്പത്തിക പരിവർത്തനത്തിനുളള സമരം സാധ്യമല്ല. അതിനാലാണ് ശ്രീനാരായണഗുരുസ്വാമിയുടെ സമുദായ പരിഷ്‌ക്കരണ പ്രവർത്തനം ഏറ്റവും വിപ്ലവാത്മകമായ പ്രവർത്തനമായി പരിണമിച്ചത്.

വിദ്യാഭ്യാസത്തിന്  ഗുരുസ്വാമി എന്നും വലിയ പ്രാധാന്യമാണ് നൽകിയിരുന്നത്. അദ്ദേഹം ഒരു ലേഖനത്തിൽ ഇപ്രകാരം പറയുന്നു: ഇന്ന് പിന്നോക്ക സമുദായങ്ങളിൽ ഉയർന്നതരം വിദ്യാഭ്യാസമുള്ളവർ വളരെ ചുരുക്കംപേർ മാത്രമേ ഉള്ളൂ. ഇപ്പോൾ ഏതാനും കൊല്ലങ്ങളായി ഈ സമുദായങ്ങൾക്ക് വിദ്യാഭ്യാസത്തിൽ അഭിരുചി ജനിച്ച് കാണുന്നുണ്ട്. ഇത് സന്തോഷകരം തന്നെ. വിദ്യാഭ്യാസം ഏത് സമുദായത്തേയും ഉന്നത മാർഗ്ഗങ്ങളിലേയ്ക്ക് നയിക്കുന്ന ഒന്നാകയാൽ നാം സമുദായ “അഭിവൃത്തിയെ കാംഷിക്കുന്നുണ്ടെങ്കിൽ വിദ്യാഭ്യാസത്തിന് നമ്മുടെ ഇടയിൽ ധാരാളം പ്രചാരം മുണ്ടാക്കുവാൻ ശ്രമിക്കണം. ഉയർന്ന തരം പരീക്ഷകൾ ജയിക്കുന്നതിന് എല്ലാപേരും സാധ്യമായി എന്ന് വരുകയില്ല.”

ജാതിയില്ലാതാക്കേണ്ടതാണെന്ന് പറഞ്ഞിട്ട് അത് ഇല്ലാതാക്കേണ്ട മാർഗ്ഗവും അദ്ദേഹം നിർദ്ദേശിക്കുന്നുണ്ട്. 

''ഒരു ജാതിയിൽ നിന്നല്ലോ
പിറന്നീടുന്നു സന്തതി 
നരവംശം ഇതോർക്കുമ്പോൾ 
ഒരു ജാതിയിലുളളതാം''

ബിംബത്തിന് പകരം ഗുരു മുഖക്കണ്ണാടി പ്രതിഷ്ഠിച്ചു കൊടുത്ത ക്ഷേത്രമുണ്ട്.  അന്ധവിശ്വാസ നിർമ്മിതമായ പഴഞ്ചൻ ദേവനെ ആരാധിക്കുന്നതിൽ ഭേദം കണ്ണാടിയിൽ കാണുന്ന അവനവനെത്തന്നെ ആരാധിക്കുന്നതാണ് നല്ലത് എന്ന അഭിപ്രായമാണ് ഗുരുവിനുണ്ടായിരുന്നത്.അദ്ദേഹം സ്ഥാപിച്ച മുരുക്കുംപുഴ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചുകൊടുത്തത് സത്യം, ധർമ്മം, ദയ, സ്‌നേഹം എന്ന് ചായം  കൊണ്ട് എഴുതിയ ഒരു പലകയാണ്. യാതൊരു പ്രതിഷ്ഠയുമില്ലാത്ത വർക്കല ശാരദാമഠത്തിലും, ക്ഷേത്രമില്ലാത്ത ആലുവ അദ്വൈതാശ്രമത്തിലും സ്ഥാപിച്ചത് ശ്രീനാരായണന്റെ മതവിശ്വാസലീമസമമല്ലാത്ത യുക്തിവാദ മനസ്സിനെയാണ്  സാക്ഷീകരിക്കുന്നതെന്ന് എം.സി ജോസഫ് അഭിപ്രായപ്പെട്ടിട്ടുണ്ട്.

ശ്രീനാരായണ ഗുരുദേവന്റെ ആത്മീയതയുടെയും ഭക്തിയുടെയും മാനവികതയുടേയും നേർചിത്രമാണ് അദ്ദേഹത്തിന്റെ ദൈവദശകത്തിലെ കവിത

''അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങൾക്കു തമ്പുരാൻ.''

ആഹാരത്തിനും വസ്ത്രത്തിനും ബുദ്ധിമുട്ടുന്ന പാവപ്പെട്ട ജനലക്ഷങ്ങളുടെ രോദനമാണ് ഈ കവിത എന്നതിൽ സംശയമില്ല. 
കേരളത്തിലെ എല്ലാത്തരം ജനങ്ങളുടെയും ജീവിതത്തിലും നിരന്തരം ശ്രീനാരായണഗുരു പങ്കാളിയായിട്ടുണ്ടെന്ന് പി.കെ ബാലകൃഷ്ണൻ ഒരു ലേഖനത്തിൽ എടുത്ത് പറയുന്നുണ്ട്. കിടപ്പാടം നിഷേധിക്കാത്തിടങ്ങളിൽ കിടന്നും, കിട്ടയത് തിന്നും അദ്ദേഹം സഞ്ചരിച്ചു. സ്‌നേഹമുള്ള മുക്കുവക്കുടിലുകളിലും, ചെറുമരുടെ ചാളകളിലും മുസ്ലീംഗൃഹങ്ങളുടെ പുറം തിണ്ണകളിലും അദ്ദേഹം നാൾകഴിച്ചു. കിട്ടിയതെന്തും അദ്ദേഹം തിന്നു. ഇഷ്ടപ്പെട്ടവരെയെല്ലാം അദ്ദേഹം സ്‌നേഹിച്ചു. മനുഷ്യരെല്ലാം ഒരേ പോലെ യാണെന്നും, ജാതിയുടെയും, മതത്തിന്റെയും പേരിലുള്ള തരംതിരിവുകളും വിഭാഗികജീവിതവും നിരർത്ഥകമാണെന്ന് അദ്ദേഹം തന്നെ രക്തം കൊണ്ടും ഹൃദയം കൊണ്ടും അറിഞ്ഞു. ഇത്തരം കാര്യങ്ങളെ കുറിച്ച് ബുദ്ധിപരമായും വിജ്ഞാനപരമായും ഇങ്ങനെ ഒരു നിഗമനത്തിലെത്തിയവർ പലരും കാണും. എന്നാൽ അതുമാത്രമല്ലായിരുന്നു നാരായണ ഗുരു. 

തന്റെ ഉപബോധമനസ്സിലെ  ഇൻസ്റ്റിംഗുകളെയും കൂടി ഈ ബുദ്ധിവിശ്വാസത്തിന്റെ മൂശയിൽ അദ്ദേഹത്തിന് മാറ്റിമറിക്കാൻ കഴിഞ്ഞു. അദ്ദേഹത്തിന്റെ അതിദീർഘമായ ഭിഷാടനകാലം കേരളത്തിൽ ഇനിയും സ്വപ്നമായിരിക്കുന്ന ഒരു വ്യക്തിത്വത്തെ സമ്മാനിച്ചു. അതിപ്രഗല്ഭതയും അതിവിജ്ഞാനവുമാർന്ന ഒരു തലച്ചോറിന്റെ രാസശാലയിൽ കേരളത്തിലെ എല്ലാത്തരം ജനവിഭാഗങ്ങളുടെയും നിത്യജീവിതം അപഗ്രഥിക്കപ്പെട്ടപ്പോൾ അതിൽനിന്ന് കേവലവും ശ്രേഷ്ഠവുമായ മനുഷ്യത്വം പുറത്തേയ്ക്ക് ചാടി. ആ മനുഷ്യത്വം ഒതു താത്ത്വിക മുദ്രാവാക്യവും അതിന്റെ ആവിഷ്‌കരണമദ്ധ്യേ അനിവാര്യമായി കൈവന്ന മനുഷ്യസ്‌നേഹം ഒരു പ്രവർത്തന സരണിയുമായി രൂപം കൊണ്ടു. ആ തത്ത്വവും ആ സരണിയുമാണ് നാരായണഗുരുവെന്ന് പി.കെ ബാലകൃഷ്ണൻ പറയുന്നു.  

ശ്രീനാരായണഗുരുവിന്റെ ഏകജാതി-മത സന്ദേശം ഹിന്ദുക്കളെ മാത്രം ഉദ്ദേശിച്ചതായി ചുരുക്കാൻ ഒരു ശ്രമവും പാടില്ലാത്തതാണ്. ആ സന്ദേശം ഹിന്ദുക്കളുടെ ഹിന്ദുത്വത്തെയോ, ക്രിസ്ത്യാനികളുടെ ക്രിസ്ത്യാനിത്വത്തെയോ, മുസ്ലീങ്ങളുടെ മുസ്ലീമിത്വത്തെയോ ഉദ്ദേശിച്ചതല്ല. ആളുകളെക്കാൾ പ്രധാനമായി  അവരിലെല്ലാമുളള മനുഷ്യത്വത്തിന്റെ നിർബാധമായ വികസനത്തെ ലക്ഷ്യമാക്കി പറഞ്ഞിട്ടുളളതാണ്. മനുഷ്യത്വത്തെ ജാതികൊണ്ടും, മതംകൊണ്ടും വരിഞ്ഞുമുറുക്കുകയും തുണ്ട് തുണ്ട് ആക്കുകയോ ചെയ്യരുതെന്നാണ് അതിന്റെ പൊരുൾ.  ആ പൊരുൾ ശ്രീനാരായണ സന്ദേശത്തിന്റെ പേരിലായാലും അല്ലെങ്കിലും എല്ലാവരാലും സ്വീകരിക്കപ്പെട്ടാലെ നമ്മുടെ സമുദായ പ്രശ്‌നത്തിന് ശരിയായ തീരുമാനം ഉണ്ടാവുകയുളളു. 

ഏറ്റവും സൗമ്യനും ശാന്തനുമായ ശ്രീനാരായണഗുരു ഒരു മൃദുല മനസ്‌കനെന്ന് തോന്നുമെങ്കിലും വിപ്ലവകരമായ സാമൂഹിക പരിഷ്‌ക്കരണങ്ങൾ  വരുത്താൻ അദ്ദേഹത്തിനുണ്ടായിരുന്ന തന്റേടം ഒരു വജ്രഹൃദയത്തിന്റേതായിരുന്നു എന്നാണ്  മന്നത്ത് പത്മനാഭൻ അഭിപ്രായപ്പെട്ടിട്ടുളളത്. സ്വാമികൾ ആരായിരുന്നുവെന്നും അദ്ദേഹം മനുഷ്യ ലോകത്തിനുവേണ്ടി ചെയ്ത ഗുണങ്ങൾ എന്തെല്ലാമായിരുന്നെന്നും സ്ഥൂലമായിട്ടെങ്കിലും ശരിക്ക് അറിഞ്ഞിരിക്കണമെങ്കിൽ അന്നത്തെ സാമൂഹികനിലയുടെ ഒരു ഏകദേശ ജ്ഞാനം നമുക്കുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഈശ്വര പ്രതിഷ്ഠ എന്നല്ല, നേരിട്ടുളള ഈശ്വരപൂജപോലും അബ്രാഹ്മണർ ചെയ്യുന്നത് പാപവും കുറ്റകരവുമാണെന്ന് പരിഗണിക്കപ്പെട്ടിരുന്ന അക്കാലത്ത്, പതിത സമൂഹത്തിൽപ്പെട്ട ഒരാൾ പൂജ മാത്രമല്ല, പ്രതിഷ്ഠ തന്നെ നടത്താൻ തീരുമാനിച്ചത് അന്നത്തെ സാഹചര്യത്തിൽ അതിരു കടന്ന ഒരു പ്രവൃത്തി തന്നെയായിരുന്നു. 

ശ്രീനാരായണഗുരു ഒരു  യോഗിവര്യനല്ലായിരുന്നു. മനുഷ്യന്റേയും സമൂഹത്തിന്റേയും ഉന്നമനമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. സ്വാർത്ഥത ലേശമില്ലാതെ എല്ലായിപ്പോഴും മറ്റുളളവരുടെ ക്ഷേമത്തിനായി മാത്രം പ്രവർത്തിക്കുന്നവരാണ് കാരുണ്യമൂർത്തികളായ സത്യദർശികൾ എന്നാണ് ഗുരുവിന്റെ പക്ഷം. ഈ സത്യമാണ് ആത്മോപദേശ ശതകത്തിലെ ഇരുപത്തിമൂന്നാം ശ്ലോകം വെളിവാക്കുന്നത്.

''അപരനു വേണ്ടിയഹർന്നിശം പ്രയത്‌നം
കൃപണതവിട്ടു കൃപാലൂ ചെയ്തിടുന്നു
കൃപണനധോന്മുഖനായ്ക്കിടന്നു ചെയ്യു-
ന്നപജയകർമ്മമവന്നുവേണ്ടി മാത്രം''

നിർവ്വാണ നിമഗ്നനായി കാലം കഴിക്കരുതെന്നും മനുഷ്യസേവയ്ക്കും ലോകസേവയ്ക്കുമായി ആദ്ധ്യാത്മികമേഖലയിലുളളവരും മുന്നോട്ടുവരണമെന്നുളളതുതന്നെയായിരുന്നു ഗുരുവിന്റെ വാദം. ഗുരുവിന്റെ ഈ നിലപാടു തന്നെയാണ് കരുണയിലെ അവസാന ശ്ലോകത്തിൽ മഹാകവി കുമാരനാശാൻ വ്യക്കതമാക്കുന്ന ഈ വരികൾ.

''നമസ്‌കാരമുപഗുപ്ത, വരിക ഭവാൻ നിർവ്വാണ-
നിമഗ്നനാകാതെ വീണ്ടും ലോകസേവയ്ക്കായ്;
പതിതകാരുണികരാം ഭവാദൃശസുതന്മാരെ
ക്ഷിതിദേവിക്കിന്നു വേണമധികം പേരെ.'' 

ഗുരുവിന്റെ കാലത്തെ പിന്നോക്ക ജനവിഭാഗങ്ങളുടെ മോചനവും അന്ധവിശ്വാസവും അനാചാരവുമെല്ലാം നിർമ്മാർജ്ജനം ചെയ്യൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ ലക്ഷ്യം. മതങ്ങളുടെ ഐക്യവും, ലോകസമാധാനവും ഗുരുദേവന്റെ പ്രഖ്യാപിത ലക്ഷ്യം തന്നെയായിരുന്നു. 

ശ്രീനാരായണഗുരു അദ്ദേഹത്തിന്റെ സാമൂഹിക പരിഷ്‌കരണ പ്രവർത്തനത്തിന്റെ അവസാനനാളുകളിൽ മതവും ജാതിയും ക്ഷേത്രവും പള്ളികളുമെല്ലാം മനുഷ്യസമൂഹത്തിന്റെ വികാസത്തിന് വിലങ്ങുതടിയാണെന്നാണ് കണ്ടിട്ടുള്ളത്. കണ്ണാടിപ്രതിഷ്ഠയും, വിഗ്രഹരഹിതമായ മറ്റു പ്രതിഷ്ഠകളുമെല്ലാം നടത്തിയാണ് ദൈവം സങ്കൽപ്പത്തിൽ മാത്രമുള്ള ഒന്നാണെന്ന് ഈ യതിവര്യൻ വ്യക്തമാക്കിയിട്ടുള്ളത്. ശ്രീനാരായണ ചരിത്രം  കേരളത്തിന്റെ നവോത്ഥാനത്തിന്റെ ചരിത്രമാണ്. രക്തരഹിത വിപ്ലവമെന്ന പേർ ശ്രീനാരായണ ഗുരുസ്വാമികൾ നടപ്പാക്കിയ മഹാപരിവർത്തനങ്ങൾക്ക് നമുക്ക് നൽകാം. അരുവിപ്പുറം തുടങ്ങി കളവംകോടം വരെ സ്വാമി നടത്തിയ പ്രതിഷ്ഠകളുടെ ചരിത്രം കേരളത്തിലെ നവോത്ഥാന ചരിത്രത്തിലെ സുപ്രധാന ഏടാണ്. 

ഇന്ന് ഒരു രാഷ്ട്രജനതയായി ഉയരാൻ വെമ്പൽകൊണ്ടു നിൽക്കുന്ന, വളരുന്ന കേരളത്തിന്റെ പ്രവാചകനാണ് ശ്രീനാരായണ ഗുരു. പരശുരാമൻ ഐതിഹ്യത്തിൽ കേരള രാഷ്ട്രം സൃഷ്ടിച്ചെങ്കിലും കാലാന്തരത്തിൽ ചില അക്രമങ്ങളിൽ അത് ശിഥിലമായി. ആ ശൈഥില്യത്തിൽ നിന്നും കേരളത്തിന്റെ വ്യക്തിത്വം വീണ്ടെടുക്കാനാണ് ശങ്കാരാചാര്യർ ജാതി ഉറപ്പിച്ചത്. എന്നാൽ ജാതിയുടെ ഇറുകിയ കെട്ടുപാടുകൊണ്ട് കേരളം കെട്ടുനാറി. ആ ദുരവസ്ഥയിൽ നിന്നും കേരളത്തെ വീണ്ടെടുക്കാനാണ് ശ്രീനാരായണഗുരു അവതരിച്ചത്- അതാണ് ഏക ജാതി സന്ദേശത്തിന്റെ പൊരുൾ. 

നമ്മുടെ രാജ്യത്ത് ഭരണാധികാരികൾ ചരിത്രം തന്നെ വളച്ചൊടിച്ചുകൊണ്ടിരിക്കുകയാണ്. സി.ബി.എസ്.ഇ സിലബസ് അപ്പാടെ തിരുത്തിക്കുറിച്ചിരിക്കുകയാണല്ലോ. ഇടുങ്ങിയ രാഷ്ട്രീയ പരിഗണനകളും ന്യൂനപക്ഷ വിരോധവുമെല്ലാം വ്യാപകമായ സിലബസ് പരിഷ്‌കരണത്തിന് കാരണമായിട്ടുണ്ട്. ശ്രീനാരായണ ഗുരു ജനകോടികൾ ആരാധിക്കുന്ന ഈ സംസ്ഥാനത്തെ നവോത്ഥാന നായകനാണ്. അതിന് ഘടകവിരുദ്ധമായ രീതിയിലാണ് യു.ജി.സി മാതൃകാ പാഠ്യപദ്ധതിയിൽ ശ്രീനാരായണ ഗുരുവിനെ ഉദ്ധരിച്ചിരിക്കുന്നത്. ഇതിന് യാതൊരു നിതീകരണവുമില്ല. അടിയന്തിരമായും ഈ തെറ്റുതിരുത്താൻ യു.ജി.സി തയ്യാറാകണമെന്നാണ് ഏവരും ആഗ്രഹിക്കുന്നത്.      
 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img