06:43am 11 November 2026
NEWS
ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാരം പെരിങ്ങോട് ചന്ദ്രന്.
11/09/2025  04:43 PM IST
സണ്ണി ലുക്കോസ്
ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാരം പെരിങ്ങോട് ചന്ദ്രന്.

2025 ലെ ഗുരുവായൂർ ദേവസ്വം ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ് കാരം പ്രശസ്ത പഞ്ചവാദ്യം തിമില കലാകാരൻ പെരിങ്ങോട് ചന്ദ്രന് സമ്മാനിക്കും. അഷ്ടമിരോഹിണി മഹോത്സവത്തോടനുബന്ധിച്ച് സെപ്റ്റംബർ 14ന് വൈകുന്നേരം 5 ന് മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ ചേരുന്ന സാംസ് കാരിക സമ്മേളനത്തിൽ ദേവസ്വം മന്ത്രി വി എൻ വാസവൻ പുരസ്കാരം നൽകും.

ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ, ഭരണസമിതി അംഗം ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പ്രശസ്‌ത വാദ്യകലാകാരൻ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, ഡോ. ടി കെ നാരായണൻ എന്നിവർ ഉൾപ്പെട്ട ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാപുരസ്‌കാര നിർണയ സമിതിയാണ് പെരിങ്ങോട് ചന്ദ്രനെ പുരസ്‌കാരത്തിനായി ശുപാർശ ചെയ്ത്. 

ദേവസ്വം ഭരണസമിതി യോഗം ശുപാർശ അംഗീകരിച്ച് അദ്ദേഹത്തെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തു.പഞ്ചവാദ്യകലാമേഖലക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. നാലു പതിറ്റാണ്ടിലേറെയായി  തിമില കലാകാരനായി വാദ്യകലാരംഗത്തെ നിറസാന്നിധ്യമാണ് പെരിങ്ങോട് ചന്ദ്രൻ. പാലക്കാട് പെരിങ്ങോട് ചാഴിക്കാട്ടിരി മതുപ്പുള്ളി സ്വദേശിയാണ്. 

2020-2021 ലെ കേരള സംഗീത നാടക അക്കാദമി അവാർഡ്, കേരള കലാമണ്ഡലം കൽപ്പിത സർവ്വകലാശാല അവാർഡ്, 2003 ൽ അംബേദ്‌കർ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിൻ്റെ സാംസ്‌കാരിക സ്കോളർഷിപ്പ് നേടിയിട്ടുണ്ട്. 2017 മുതൽ കേരള കലാമണ്ഡലത്തിൽ വിസിറ്റിങ്ങ് പ്രൊഫസർ ആയി സേവനമനുഷ്‌ഠിക്കുന്നു. തിമിലയിലെ ജാതിക്കാലം എന്ന  പി വാസുദേവൻ രചിച്ച ജീവചരിത്ര ഗ്രന്ഥത്തിൽ പെരിങ്ങോട് ചന്ദ്രൻ്റെ ജീവചരിത്രം പ്രതിപാദിക്കുന്നുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img