
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ (എസ്.സി.ടി.ഐ.എം.എസ്.ടി) കാർഡിയോളജി വിഭാഗത്തിന്റെ സുവർണ ജൂബിലി ഉദ്ഘാടനം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സഞ്ജയ് ബെഹാരി നിർവ്വഹിക്കുന്നു.
ഡോ. ജയകുമാർ, ഡോ. അജിത് കുമാർ വി.കെ, ഡോ. കെ.കെ. നാരായണൻ നമ്പൂതിരി,ഡോ. ജഗൻ മോഹൻ തരകൻ, ഡോ. കെ.എം. കൃഷ്ണമൂർത്തി, ഡോ. കെ.ജി. ബാലകൃഷ്ണൻ, , കാർഡിയോളജി വിഭാഗം മേധാവിയും സീനിയർ പ്രൊഫസറുമായ ഡോ. എസ്. ഹരികൃഷ്ണൻ എന്നിവർ സമീപം.
തിരുവനന്തപുരം: മൂന്ന് ദിവസത്തെ ദേശീയ കാർഡിയോളജി സമ്മേളനത്തോടെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ (എസ്.സി.ടി.ഐ.എം.എസ്.ടി) കാർഡിയോളജി വിഭാഗത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ആരംഭിച്ചു.
സുവർണ ജൂബിലിയുടെ ഔപചാരിക ഉദ്ഘാടനം സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സഞ്ജയ് ബെഹാരി നിർവ്വഹിച്ചു.
ക്ലിനിക്കൽ മികവ്, ഗവേഷണം, നവീകരണം, രോഗികേന്ദ്രിത പരിചരണം എന്നിവ വഴി കൈവരിച്ച നേട്ടങ്ങളാണ് കാർഡിയോളജി വിഭാഗത്തിന്റെ അമ്പത് വർഷത്തെ യാത്രയെ അടയാളപ്പെടുത്തുന്നതെന്ന് ഡോ. സഞ്ജയ് ബെഹാരി പറഞ്ഞു.
“വ്യക്ത്യാധിഷ്ഠിത പരിചരണം, ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ, ചികിത്സാ നവീകരണം, ഉയർന്ന നിലവാരത്തിലുള്ള പരിശീലനം എന്നിവ ഒരുമിച്ചു കൊണ്ടുപോകാൻ ശ്രീചിത്രയിലെ കാർഡിയോളജി വിഭാഗത്തിന് സാധിച്ചിട്ടുണ്ട്. രാജ്യത്തുടനീളവും വിദേശത്തുമായി സേവനമനുഷ്ഠിക്കുന്ന നിരവധി കാർഡിയോളജിസ്റ്റുകളെ ഇവിടെ നിന്ന് വളർത്തിയെടുക്കാനായി,” അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളിലായി രാജ്യത്ത് കാർഡിയോളജിയുടെ വളർച്ചയിൽ ഇൻസ്റ്റിറ്റ്യൂട്ട് നൽകിയ സംഭാവനകൾ കാർഡിയോളജി വിഭാഗം സീനിയർ പ്രൊഫസറും, ഡിപാർട്ട്മെൻ്റ് മേധാവിയുമായ ഡോ. എസ്. ഹരികൃഷ്ണൻ വിശദീകരിച്ചു.
മുൻ തലമുറകളുടെ സംഭാവനകളെ ആദരിക്കുകയും പുതിയ തലമുറയെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി പ്രസിഡന്റ് ക്രിസ് ഗോപാലകൃഷ്ണൻ; മുൻ ഡയറക്ടർമാരായ ഡോ. അജിത് കുമാർ വി.കെ., ഡോ. ജഗൻ മോഹൻ തരകൻ, കാർഡിയോളജി വിഭാഗം മുൻ മേധാവി ഡോ. കെ.ജി. ബാലകൃഷ്ണൻ, കാർഡിയോളജി വിഭാഗം പ്രൊഫസർ ഡോ. കെ.കെ. നാരായണൻ നമ്പൂതിരി, കാർഡിയോളജി വിഭാഗത്തിലെ സീനിയർ പ്രൊഫസറും മുൻ മേധാവിയുമായ ഡോ. കെ.എം. കൃഷ്ണമൂർത്തി, കാർഡിയോളജി മേധാവിയും സീനിയർ പ്രൊഫസറുമായ ഡോ. എസ്. ഹരികൃഷ്ണൻ; കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സെക്രട്ടറി പ്രൊഫ. അഭയ് കരണ്ടികർ, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലെ സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവി സുനിൽ കുമാർ എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചു.
“ബാക്ക് ടു ബേസിക്സ് – 2026” എന്ന പേരിൽ നടക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനം വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. ഹൃദയാഘാതം, വാൽവ് രോഗങ്ങൾ, നവജാതശിശുക്കൾ മുതൽ മുതിർന്നവരെ വരെ ബാധിക്കുന്ന ജന്മനാലുള്ള ഹൃദ്രോഗങ്ങൾ തുടങ്ങിയവയുടെ രോഗനിർണയത്തിന്റെയും നൂതനമായ ചികിത്സാരീതികളുടെയും പരിശീലനം സിമുലേറ്റർ മുഖേന സമ്മേളനത്തിൽ നടക്കുന്നുണ്ട്.
ഹൃദയ താളത്തിലും മറ്റു അനുബന്ധ പ്രവർത്തനങ്ങളുടെ തകരാറുകൾക്കും പരിഹാരമായി ഹൃദയത്തിൽ ഘടിപ്പിയ്ക്കുന്ന കൃത്രിമ പേസ്മേക്കറുകളും മറ്റ് ഉപകരണങ്ങളെയും കുറിച്ചുള്ള സിമുലേറ്റർ ശില്പശാലകൾ കോഴ്സിന്റെ പ്രധാന ആകർഷണങ്ങളാണെന്ന് ഡോ. എസ്. ഹരികൃഷ്ണൻ പറഞ്ഞു.
സിമുലേറ്ററുകൾ ഉപയോഗിച്ചുള്ള പരിശീലനം ഏറെ ഗുണകരമാണ്. ചികിത്സാ പ്രക്രിയകൾ ചെയ്യുമ്പോൾ രോഗികളിൽ ഉണ്ടായേക്കാവുന്ന അപകട സാഹചര്യങ്ങളെ എങ്ങനെ പരിഹരിയ്ക്കണമെന്നും സിമുലേറ്ററുകളിലൂടെ പരിശീലിച്ച് പഠിക്കാൻ ട്രെയിനികൾക്ക് സാധിക്കും.
തുറന്നുള്ള ശസ്ത്രക്രീയ കൂടാതെ ഹൃദയത്തിന്റെ അയോർട്ടിക് വാൽവ് മാറ്റിവയ്ക്കൽ, ലേസർ ആൻജിയോപ്ലാസ്റ്റി, കഠിനമായ ബ്ലോക്കുകൾ പൊടിച്ചു കളയുന്ന റോട്ടാബ്ലേഷൻ, സിടി ഇമേജിംഗ് അഡ്വാൻസ്ഡ് ഇൻട്രാകൊറോണറി ഇമേജിംഗ്, ഫിസിയോളജി അസസ്മെന്റ് എന്നിവയെക്കുറിച്ചുള്ള സിമുലേറ്റർ സെഷനുകളാണ് സമ്മേളനത്തിലെ പ്രധാന ആകർഷണങ്ങൾ.
സങ്കീർണ്ണതയേറിയ ചികിത്സകളിൽ ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ സജീവമായി നിർത്താൻ
സഹായിക്കുന്ന ഉപകരണങ്ങളായ ഐ.എ.ബി.പി, ഏക്മൊ, ഇoപെല്ല തുടങ്ങിയ ഉപകരണങ്ങളുടെ പരിശീലനവും ശില്പശാലയും നടക്കുന്നുണ്ട്.
യുവ കാർഡിയോളജിസ്റ്റുകളും,പോസ്റ്റ് ഗ്രാജുവേഷൻ വിദ്യാർത്ഥികളുമടക്കം 250- ലധികം
പ്രതിനിധികൾ ഇതിൽ പങ്കെടുക്കുന്നുണ്ട്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നുമായി വിദദ്ധ കാർഡിയോളജിസ്റ്റുകളാണ് ശാസ്ത്ര സെഷനുകൾ നയിക്കുന്നത്.
സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുൻ വിദ്യാർത്ഥികളുടെ മികച്ച സംഭാവനകൾക്കും യുവ ഗവേഷകരുടെ ഗവേഷണ നേട്ടങ്ങൾക്കും അംഗീകാരമായി അലുമ്നി അവാർഡുകളും തീസിസ് അവാർഡുകളും സമ്മാനിച്ചു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളിലെ കാർഡിയോളജി വിഭാഗത്തിന്റെ പ്രധാന നേട്ടങ്ങൾ അവതരിപ്പിക്കുന്ന “ഡൗൺ ദ മെമ്മറി ലെയിൻ” എന്ന പ്രത്യേക പരിപാടിയും സംഘടിപ്പിച്ചു.










