10:51pm 05 November 2026
NEWS
സ്‌പോര്‍ട്‌സ് പരിക്കുകള്‍ - വിശ്രമം, ഫിസിയോതെറാപ്പി, ശസ്ത്രക്രിയ എപ്പേള്‍?
04/11/2026  03:18 PM IST
Health Desk
സ്‌പോര്‍ട്‌സ് പരിക്കുകള്‍ - വിശ്രമം, ഫിസിയോതെറാപ്പി, ശസ്ത്രക്രിയ എപ്പേള്‍?

 


കായികരംഗത്ത് സജീവമായ ഒരാള്‍ക്ക് പരിക്ക് സംഭവിക്കുന്നത് അസാധാരണമായ കാര്യമല്ല. ഒരു കായികപരിക്ക് സംഭവിച്ചാല്‍, വിശദമായ പരിശോധനയിലൂടെയും എം.ആര്‍.ഐ. പോലുള്ള ആധുനിക സംവിധാനങ്ങളിലൂടെയും കാല്‍ മുട്ടിലെ ACL കീറല്‍, തോളിലെ Bankart പരിക്ക് പോലെ ചെറുതും വലുതുമായ ഏത് പരിക്കും എളുപ്പത്തില്‍ കണ്ടെത്താന്‍   കഴിയും.

കായികപരിക്ക് സംഭവിച്ചാല്‍ ചികിത്സയുടെ അടുത്ത ഘട്ടം എന്തായിരിക്കണം എന്നതാണ് പലരുടെയും സംശയം. വിശ്രമം മതിയാകുമോ, ഫിസിയോതെറാപ്പിയിലൂടെ സുഖപ്പെടുമോ, അതോ ശസ്ത്രക്രിയ ആവശ്യമായി വരുമോ? പരിക്കിന്റെ സ്വഭാവമനുസരിച്ച് അനുയോജ്യമായ ചികിത്സാരീതി തിരഞ്ഞെടുക്കുകയാണ് പ്രധാനം.

കായികപരിക്കുകളുടെ ചികിത്സയില്‍ വിശ്രമം, ഫിസിയോതെറാപ്പി, ശസ്ത്രക്രിയ എന്നിവ പരസ്പരം മത്സരിക്കുന്ന മൂന്ന് ചികിത്സാരീതികളല്ല. ഓരോന്നിനും അതിന്റേതായ സ്ഥാനമുണ്ട്. പലപ്പോഴും ഒരേ രോഗിയുടെ ചികിത്സയില്‍ ഇവ മൂന്നും വ്യത്യസ്ത ഘട്ടങ്ങളില്‍ ആവശ്യമായി വരാം.


വിശ്രമം

പരിക്ക് സംഭവിച്ച ഉടന്‍ പ്രധാന ലക്ഷ്യം പരിക്കേറ്റ ഭാഗത്തിന് സംരക്ഷണം നല്‍കുകയും വേദനയും വീക്കവും കുറയ്ക്കുകയുമാണ്. ചിലപ്പോള്‍ ബാന്‍ഡേജ്, ബ്രേസ്, കുറച്ച് കാലത്തേക്ക് കാലില്‍ ഭാരം കൊടുക്കാതിരിക്കുക തുടങ്ങിയവ ആവശ്യമായി വരാം. പരിക്ക് പറ്റിയ ഭാഗം ഉയര്‍ത്തിവയ്ക്കുന്നതും ഐസ് ഉപയോഗിക്കുന്നതും വേദനയും വീക്കവും കുറയ്ക്കാന്‍ സഹായിക്കും.

എന്നാല്‍ വിശ്രമവേളയില്‍ പൂര്‍ണ്ണമായും അനങ്ങാതിരിക്കുന്നത് നല്ലതല്ല. ഉദാഹരണത്തിന് കാല്‍ മുട്ടിലെ പരിക്കുകളില്‍ തുടക്കത്തില്‍ തന്നെ കാല്‍പാദം ചലിപ്പിക്കുന്ന വ്യായാമങ്ങളും തുടയിലെ പേശികളുടെ ചെറിയ വ്യായാമങ്ങളും മറ്റും ആരംഭിക്കണം. വിശ്രമം അനിശ്ചിതമായി നീണ്ടു പോകുന്നതും നല്ലതല്ല. എന്ത് കൊണ്ടെന്നാല്‍ നീണ്ടു പോകുന്ന പൂര്‍ണ്ണ വിശ്രമം സന്ധി മുറുകാനും പേശികള്‍ ദുര്‍ബലമാകാനും കാരണമാകും. വിശ്രമം  ചികിത്സയുടെ ആദ്യഘട്ടമാണ്; എന്നാല്‍ അത് അവസാന ചികിത്സയായി കരുതാന്‍ പാടില്ല. വിശ്രമത്തിനു മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. കടുത്ത വേദനയും വീക്കവും ഉള്ളപ്പോള്‍ ചില പരിശോധനകള്‍ കൃത്യമായി നടത്താന്‍ ബുദ്ധിമുട്ടാണ്. കുറച്ച് ദിവസം വിശ്രമം നല്‍കിയശേഷം വീണ്ടും പരിശോധിക്കുമ്പോള്‍ യഥാര്‍ത്ഥ പ്രശ്‌നം കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും.


ഫിസിയോതെറാപ്പി

ഫിസിയോതെറാപ്പി, അതായത് പുനരധിവാസ വ്യായാമങ്ങളിലൂടെയും പരിശീലനത്തിലൂടെയും ശരീരത്തിന്റെ ചലനശേഷിയും പേശീബലവും തിരിച്ചുകൊണ്ടുവരുന്ന ചികിത്സ സുപ്രധാനമാണ്. ഇത് ശസ്ത്രക്രിയ കഴിഞ്ഞുള്ള ചികിത്സ മാത്രമാണെന്ന് പലരും കരുതുന്നു. എന്നാല്‍ അത് ശരിയല്ല. പല പരിക്കുകളിലും ശസ്ത്രക്രിയ ഒഴിവാക്കി ശരിയായ ഫിസിയോതെറാപ്പിയിലൂടെ തന്നെ നല്ല പ്രവര്‍ത്തനക്ഷമത നേടാന്‍ കഴിയും. ചിലപ്പോള്‍ ശസ്ത്രക്രിയയ്ക്ക് മുമ്പ് ശരീരത്തെ തയ്യാറാക്കാനും ഫിസിയോതെറാപ്പി ആവശ്യമായി വരും.

ചലനശേഷി, പേശീബലം, ശരീരനിയന്ത്രണം, സന്ധിയുടെ സ്ഥിരത, രോഗിയുടെ ആത്മവിശ്വാസം കായിക ക്ഷമത എന്നിവ വീണ്ടെടുക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. മൂന്ന് നാല് മാസം വെറുതെ കാത്തിരിക്കുന്നതല്ല ഫിസിയോതെറാപ്പി. മേല്‍പറഞ്ഞ കാര്യങ്ങളില്‍ വ്യക്തമായ പുരോഗതി കൈവരിക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ചുക്കൊണ്ടുള്ള ക്രമമായ പരിശീലനമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഫിസിയോതെറാപ്പിക്ക് ശേഷം രോഗിയെ വീണ്ടും പരിശോധിക്കുന്നതും വളരെ പ്രധാനമാണ്. ഇതിലൂടെ പ്രതീക്ഷിച്ച പുരോഗതി ഉണ്ടായില്ലെങ്കില്‍, തുടക്കത്തില്‍ ശസ്ത്രക്രിയ വേണ്ടെന്ന് കരുതിയിരുന്ന രോഗിയിലും പിന്നീട് ശസ്ത്രക്രിയ ആവശ്യമായി വരാം.


ശസ്ത്രക്രിയ എപ്പോള്‍?

എല്ലാ കായികപരിക്കിനും ശസ്ത്രക്രിയ ആവശ്യമില്ല. എന്നാല്‍ ചില സാഹചര്യങ്ങളില്‍ വൈകുന്നത് ഗുണകരമല്ല. അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരുന്ന സാഹചര്യങ്ങളുണ്ട്. ഉദാഹരണത്തിന് സന്ധി കുഴ തെറ്റി ശരിയായ സ്ഥാനത്തേക്ക് തിരിച്ചു കൊണ്ടുവരാന്‍ കഴിയാത്ത അവസ്ഥ, നിവര്‍ത്താനോ മടക്കാനോ കഴിയാത്തവിധം സന്ധി കുടുങ്ങിപ്പോകുന്നത്, മുറിവോട് കൂടിയ പരിക്ക്, രക്തക്കുഴലിനോ നാഡിക്കോ പരിക്കുള്ള അവസ്ഥ തുടങ്ങിയവയില്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരാം. 

ചില പരിക്കുകള്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ ചികിത്സിച്ചാല്‍ തുന്നിച്ചേര്‍ത്ത് ശരിയാക്കാന്‍ കഴിയുന്നവയാണ്. എന്നാല്‍ ചികിത്സ വൈകിയാല്‍ അവ പിന്നീട് കൂടുതല്‍ സങ്കീര്‍ണമായ പരിക്കുകളായി മാറുകയും, ഗ്രാഫ്റ്റ് ഉപയോഗിച്ച് പുനര്‍നിര്‍മിക്കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്യാം. ഇത്തരം സാഹചര്യങ്ങളില്‍ ഫിസിയോതെറാപ്പി ചെയ്ത് കാത്തിരിക്കുന്നത് ശരിയായ സമീപനമല്ല.

ഇങ്ങനെയുള്ളവ ഒഴിച്ചുള്ള മറ്റ് ഭൂരിഭാഗം പരിക്കുകളിലും അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ല. ആദ്യം വേദനയും വീക്കവും കുറയ്ക്കുകയും ചലനശേഷിയും പേശീബലവും വീണ്ടെടുക്കുകയും ചെയ്തശേഷം ശസ്ത്രക്രിയ വേണമോ എന്ന് തീരുമാനിക്കാം.

ശസ്ത്രക്രിയ വേണമോ എന്ന് തീരുമാനിക്കുമ്പോള്‍ പരിക്കിന്റെ സ്വഭാവം, തീവ്രത, സ്ഥാനം, രോഗിയുടെ പ്രായം, കായികപ്രവര്‍ത്തനങ്ങളുടെ നിലവാരം എന്നിവയെല്ലാം പരിഗണിക്കണം. ACL കീറിയതായി MRIയില്‍ കണ്ടതുകൊണ്ട് മാത്രം ശസ്ത്രക്രിയ ആവശ്യമില്ല; വീക്കം കുറച്ച് മുട്ടിന്റെ ചലനശേഷിയും പേശീബലവും ഫിസിയോതെറാപ്പിയിലൂടെ വീണ്ടെടുത്ത ശേഷമാണ് തുടര്‍ചികിത്സ തീരുമാനിക്കുന്നത്. എന്നാല്‍ മുട്ട് ആവര്‍ത്തിച്ച് വഴുതിപ്പോകുന്നവരിലും ദിശമാറ്റം ആവശ്യമായ കായിക ഇനങ്ങളില്‍ ഏര്‍പ്പെടുന്നവരിലും ശസ്ത്രക്രിയ പരിഗണിക്കാം. ACL, PCL എന്നിവയ്ക്ക് ഒരുമിച്ച് പരിക്കേറ്റാല്‍ മുട്ടിന്റെ സ്ഥിരതയെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന പരിക്ക് പരിഗണിച്ച് ചികിത്സാക്രമം നിശ്ചയിക്കും. MCL പരിക്കുകളിലും അയവ് മാത്രം കണ്ടതുകൊണ്ട് ശസ്ത്രക്രിയ വേണ്ടതില്ല; പരിക്കിന്റെ സ്ഥാനം, തീവ്രത, സ്വാഭാവികമായി സുഖപ്പെടാനുള്ള സാധ്യത എന്നിവ പ്രധാനമാണ്. Meniscus പരിക്കുകളില്‍ വിശ്രമം, ഫിസിയോതെറാപ്പി എന്നിവയിലൂടെ ഭേദമാക്കുകയാണ് ലക്ഷ്യം; എന്നാല്‍ മുട്ട് കുടുങ്ങിപ്പോകുന്ന തരത്തിലുള്ള ചില Meniscus കീറലുകളില്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരാം. അതുപോലെ, തോള്‍ സന്ധി സ്ഥാനം തെറ്റുന്നതുമായി ബന്ധപ്പെട്ട Bankart പരിക്കിലും ചെറുപ്പക്കാരായ കായികതാരങ്ങളില്‍ ശസ്ത്രക്രിയ നേരത്തെ പരിഗണിക്കേണ്ടിവരാം. അതിനാല്‍ ഒരേ തരത്തിലുള്ള പരിക്കായാലും രോഗിയുടെ പ്രായം, പ്രവര്‍ത്തനനിലവാരം, പരിക്കിന്റെ സ്വഭാവം എന്നിവ അനുസരിച്ച് ചികിത്സ വ്യത്യാസപ്പെടും.


കായികപരിക്കിന്റെ ചികിത്സയില്‍ എല്ലാവര്‍ക്കും ഒരേ നിയമം ബാധകമല്ല. വിശ്രമം പരിക്കേറ്റ ഭാഗത്തെ സംരക്ഷിക്കുന്നു; ഫിസിയോതെറാപ്പി ശരീരത്തിന്റെ പ്രവര്‍ത്തനശേഷി വീണ്ടെടുക്കുകയും ശസ്ത്രക്രിയ ആവശ്യമാണോ എന്ന് മനസ്സിലാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു; ആവശ്യമായ സാഹചര്യത്തില്‍ ശസ്ത്രക്രിയയിലൂടെ തകരാറിനെ പരിഹരിക്കുന്നു.

അതിനാല്‍ എം.ആര്‍.ഐയില്‍ കാണുന്ന പരിക്ക് മാത്രം നോക്കിയല്ല ചികിത്സ തീരുമാനിക്കുന്നത്. പരിക്കിന്റെ സ്വഭാവം, രോഗിയില്‍ പരിശോധന നടത്തുമ്പോള്‍ കണ്ടെത്തുന്ന ലക്ഷണങ്ങള്‍, പുനരധിവാസത്തോടുള്ള പ്രതികരണം, തിരികെ പോകേണ്ട കായിക ഇനം, പ്രായാനുപാതികമായ പ്രവര്‍ത്തനാവശ്യകത എന്നിവയെല്ലാം പരിഗണിച്ചാണ് ചികിത്സ തീരുമാനിക്കേണ്ടത്. ലക്ഷ്യം പരിക്ക് മാത്രം ചികിത്സിക്കുകയല്ല; രോഗിയെ സുരക്ഷിതമായി സാധ്യമായ ഏറ്റവും മികച്ച പ്രവര്‍ത്തനശേഷിയിലേക്കും കായിക ക്ഷമതയിലേക്കും തിരികെ കൊണ്ടുവരിക എന്നതാണ്.


Dr Unnikuttan Damodaran
Consultant Orthopedic Surgeon
SUT Hospital, Pattom

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.