
ദോഹ: 29-ാമത് പ്രവാസി ദോഹ ബഷീർ പുരസ്കാരത്തിന് പ്രശസ്ത ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവും അത്ലറ്റിക്സ് പരിശീലകനുമായ ഒ.എൽ. തോമസിന്.കോഴിക്കോട് നടന്നവാർത്താ സമ്മേളനത്തിലാണ് അവാർഡ് ജേതാവിനെ പ്രഖ്യാപിച്ചത്.
തൃശൂർ പാവറട്ടി സ്വദേശിയായ ഒ.എൽ. തോമസ്
1968-1970 കാലഘട്ടത്തിൽ 'ഇന്ത്യയിലെ ഏറ്റവും വേഗമേറിയ മനുഷ്യൻ' എന്ന പദവി അലങ്കരിച്ചl കായികപ്രതിഭയാണ്. പ്രവാസി ദോഹ ബഷീർ പുരസ്കാര ചരിത്രത്തിൽ ആദ്യമായാണ് ഒരു കായികതാരം ഈ ബഹുമതിക്ക് അർഹനാകുന്നത്.
വൈശാഖൻ (ജൂറി ചെയർമാൻ), പി. ഷംസുദ്ദീൻ, എം.എ. റഹ്മാൻ, കെ.കെ. സുധാകരൻ, സി.വി. റപ്പായി എന്നിവരായിരുന്നു
പുരസ്കാര നിർണ്ണയ സമിതിഅംഗങ്ങൾ.
അരലക്ഷം രൂപയും പ്രശസ്ത ശില്പി നമ്പൂതിരി രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. പുരസ്കാര ജേതാവിൻ്റെ നാട്ടിലെ പഠിക്കാൻ മിടുക്കനായ ഒരു വിദ്യാർഥിക്ക് പ്രൊഫ. എം.എൻ. വിജയൻ സ്മാരക സ്കോളർഷിപ്പ് അവാർഡും ഇതോടൊപ്പം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.അത്ലറ്റിക്സിനെയും കായിക-ഫിറ്റ്നസ് മേഖലയെയും ആസ്പദമാക്കി 55 വർഷത്തിലേറെ നീളുന്ന അനുഭവസമ്പത്തുള്ള വ്യക്തിത്വമാണ് ഒ.എൽ. തോമസിന്റേതെന്ന് ജൂറി വിലയിരുത്തി. തുടക്കത്തിൽ ഫുട്ബോൾ ടീമിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായിരുന്നിട്ടും, ആ വിജയം ഉപേക്ഷിച്ച് അദ്ദേഹം തന്റെ സ്വന്തം തട്ടകമായ അത്ലറ്റിക്സിലേക്ക് മാറിയത് ഇന്ത്യയെ അന്താരാഷ്ട്ര തലത്തിൽ പ്രതിനിധീകരിക്കാനുള്ള വലിയ സൗഭാഗ്യമായി മാറി. ഈ മാറ്റമാണ് അദ്ദേഹത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ചതെന്നും ജൂറി അഭിപ്രായപ്പെട്ടു.ആറാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 4 x 100 മീറ്റർ റിലേയിൽ വെങ്കല മെഡൽ നേടിയിട്ടുണ്ട്.ഇന്ത്യക്കായി മത്സരിച്ച് ഇതേ ഇനത്തിൽ (4 x 100 മീറ്റർ റിലേ) ദേശീയ റെക്കോർഡോടെ വെങ്കല മെഡൽ സ്വന്തമാക്കി.അവാർഡ് ജേതാവിൻ്റെ സൗകര്യമനുസരിച്ച് മലപ്പുറം തിരൂർ തുഞ്ചൻപറമ്പിൽ വച്ച് പുരസ്കാര ദാന ചടങ്ങ് നടക്കും. കെ.എസ്. വെങ്കിടാചലം, പുതുക്കുടി ബാലചന്ദ്രൻ, അനീസ് ബഷീർ,
എ വി എം ഉണ്ണി,എം ടി നിലമ്പൂർ, ആർ കെ റഷീദ്, ജലീൽ പി, റഫീഖ് മേച്ചേരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.











