02:55pm 14 September 2026
NEWS
‘ബൈക്ക് നിർത്തെടീ’ എന്ന് ആക്രോശം; പിന്നാലെ കാറിടിച്ച് യുവതിയെ റോഡിലേക്ക് തെറിപ്പിച്ചു! നിർത്താതെ പോയ കാർ ബൈക്കും വലിച്ചിഴച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
14/09/2026  10:34 AM IST
nila
‘ബൈക്ക് നിർത്തെടീ’ എന്ന് ആക്രോശം; പിന്നാലെ കാറിടിച്ച് യുവതിയെ റോഡിലേക്ക് തെറിപ്പിച്ചു! നിർത്താതെ പോയ കാർ ബൈക്കും വലിച്ചിഴച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

റോഡിലൂടെ സ്പോർട്സ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ കാർ ഇടിച്ചുവീഴ്ത്തിയ ശേഷം നിർത്താതെ പോയതായി പരാതി. ഗുരുഗ്രാമിലെ ഗോൾഫ് കോഴ്സ് റോഡിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇടിയുടെ ആഘാതത്തിൽ യുവതി റോഡിലേക്ക് തെറിച്ചുവീണെങ്കിലും കാർ ഡ്രൈവർ വാഹനം നിർത്താതെ മുന്നോട്ടുപോകുകയായിരുന്നു. യുവതിയുടെ ബൈക്കിനെയും കാർ കുറച്ചുദൂരം വലിച്ചിഴച്ചുകൊണ്ടുപോയി.

ഇൻസ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററായ സിയയാണ് സംഭവത്തിൽപ്പെട്ടത്. ബൈക്കിൽ ഘടിപ്പിച്ചിരുന്ന ആക്ഷൻ ക്യാമറയിൽ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങൾ സിയ പിന്നീട് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. വീഡിയോ പുറത്തുവന്നതോടെ സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

റൈഡിംഗ് ഗ്രൂപ്പിലെ അംഗങ്ങൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. യാത്രയുടെ തുടക്കം മുതൽ ഒരു കാർ തങ്ങളെ പിന്തുടർന്നിരുന്നുവെന്നും കാറിലുണ്ടായിരുന്നവർ അക്രമസ്വഭാവത്തോടെയാണ് പെരുമാറിയതെന്നും സിയ ആരോപിച്ചു. കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായി സംശയിച്ചതായും യുവതി പറഞ്ഞു.

അകലം പാലിച്ച് വാഹനം ഓടിക്കണമെന്ന് സിയ കാറിലുള്ളവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബൈക്ക് നിർത്താൻ ആവശ്യപ്പെട്ട് ഡ്രൈവർ ആക്രോശിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് ആരോപണം. ഇതിനിടെ കാർ പെട്ടെന്ന് ബൈക്കിന് മുന്നിലേക്ക് വെട്ടിച്ചുകയറ്റുകയും ഇടിക്കുകയുമായിരുന്നു.

ഇടിയുടെ ശക്തിയിൽ സിയ ബൈക്കിൽനിന്ന് തെറിച്ച് റോഡിൽ വീണു. എന്നാൽ അപകടത്തിന് പിന്നാലെ കാർ നിർത്താതെ വേഗത്തിൽ മുന്നോട്ടുപോയി. ബൈക്കും കാറിനൊപ്പം റോഡിലൂടെ വലിച്ചിഴയ്ക്കപ്പെടുന്ന ദൃശ്യങ്ങളും ആക്ഷൻ ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ തൊട്ടടുത്ത ട്രാഫിക് സിഗ്നലിൽ സിയയുടെ സുഹൃത്ത് കാർ തടഞ്ഞുനിർത്തി ഡ്രൈവറോട് ചോദ്യം ചെയ്തെങ്കിലും അപകടത്തിന് ഉത്തരവാദികളല്ലെന്ന് വാദിച്ച് ഇയാൾ വീണ്ടും കാറുമായി രക്ഷപ്പെട്ടതായാണ് പരാതി.

സംഭവത്തെക്കുറിച്ച് ഗുരുഗ്രാം പൊലീസിൽ പരാതി നൽകിയതായി സിയ അറിയിച്ചു. കാറിന്റെ രജിസ്ട്രേഷൻ നമ്പർ HR30Y4949 ആണെന്നും ആർ.സി ഉടമയുടെ പേര് മനിഷ് എന്നാണെന്നും യുവതി സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

‘ഗുരുഗ്രാമിലെ റോഡിൽ സുരക്ഷിതയല്ലെന്ന് തോന്നുന്നു. ആളുകളെ ഇടിച്ചിട്ട് ഇത്തരത്തിൽ രക്ഷപ്പെടാൻ ചിലർക്ക് യാതൊരു ഭയവുമില്ല’ എന്ന കുറിപ്പോടെയാണ് സിയ വീഡിയോ പങ്കുവച്ചത്.

അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രതികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ ഹരിയാന പൊലീസിനെയും ഗുരുഗ്രാം പൊലീസിനെയും ടാഗ് ചെയ്തിട്ടുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img