
ദോഹ:ആരോഗ്യകരമായ ജീവിതരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും കായികരംഗത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനുമുള്ള വാർഷിക അവസരമാണ് ദേശീയ കായിക ദിനമെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനി. പതിനഞ്ചാമത് ദേശീയ കായിക ദിനത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്സിലൂടെ' (X) ജനങ്ങൾക്ക് ആശംസകൾ നേർന്നുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കായിക വിനോദങ്ങളും ആരോഗ്യകരമായ ശീലങ്ങളും ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അമീർ തന്റെ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു. "ഖത്തർ കായിക ദിനം കായികരംഗത്തിന്റെയും ആരോഗ്യകരമായ ശീലങ്ങളുടെയും പ്രാധാന്യം എടുത്തുകാണിക്കാനുള്ള വാർഷിക അവസരമാണ്. ഏവർക്കും സന്തോഷകരമായ ഒരു കായിക ദിനം ആശംസിക്കുന്നു," അദ്ദേഹം കുറിച്ചു.
ഓരോ വർഷവും ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ച ദേശീയ കായിക ദിനമായി ആചരിക്കുന്നതിലൂടെ, ഒരു കായിക സംസ്കാരം കെട്ടിപ്പടുക്കുന്നതിൽ ഖത്തർ ലോകത്തിന് തന്നെ മാതൃകയാവുകയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. രാജ്യത്തുടനീളം നടക്കുന്ന വിപുലമായ ആഘോഷങ്ങളിൽ ലക്ഷക്കണക്കിന് സ്വദേശികളും പ്രവാസികളും പങ്കുചേരുന്നതിനിടെയാണ് അമീറിന്റെ സന്ദേശം എത്തിയത്.











