
കൊച്ചി: ഇന്ത്യയിലെ പ്രധാന സുഗന്ധവ്യഞ്ജന വിപണികൾ ഈ സാമ്പത്തിക വർഷം വ്യത്യസ്ത ദിശകളിലേക്ക് നീങ്ങുന്നതായി അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനത്തിൻ്റെ (ഐ.എസ്.സി. 2026) സമാപന ദിവസം അവതരിപ്പിച്ച കാർഷിക റിപ്പാർട്ടുകൾ വ്യക്തമാക്കുന്നു.
മുളക് ഉൽപാദനം കുത്തനെ കുറയുമെന്ന് വിലയിരുത്തുമ്പോൾ, കഴിഞ്ഞ വർഷത്തെ വിലക്കയറ്റത്തിന് ശേഷം മഞ്ഞൾ ഉൽപാദനം ഉയരുമെന്ന സൂചനയുണ്ട്. ഇഞ്ചി വിപണി ചൈനയുടെ വർധിച്ച ഉൽപാദനത്തിന്റെ സ്വാധീനത്തിൽ തുടരുന്ന സാഹചര്യവുമുണ്ട്.
ഏകദേശം 20 ലക്ഷം ടൺ വാർഷിക ഉൽപാദനവുമായി ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ മുളക് ഉൽപാദക രാജ്യമാണ്. എന്നാൽ ഈ സീസണിൽ 35–40 ശതമാനം വരെ ഉൽപാദന കുറവ് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ആന്ധ്രപ്രദേശ്, തെലങ്കാന, കര്ണാടക എന്നിവിടങ്ങളിലെ കൃഷിയിടം കുറഞ്ഞതും, കാലാവസ്ഥാ വ്യതിയാനവും ബാധിച്ചിട്ടുണ്ട്. വിപണിയിലെത്തുന്ന മുളകിന്റെ അളവ് പ്രതീക്ഷിച്ചതിനേക്കാൾ കുറവാണ്. സംഭരണം അൽപ്പം കൂടുതലുണ്ടെങ്കിലും, മൊത്തം ലഭ്യത ഏകദേശം 30 ശതമാനം വരെ താഴുമെന്ന് വ്യാപാരികൾ പറയുന്നു.
ജനുവരി മുതൽ വില വീണ്ടും ഉയരുന്ന സാഹചര്യമാണ്. കയറ്റുമതി ആവശ്യം സ്ഥിരതയുള്ളതാണ്. ഇത് പ്രധാനമായും ചൈനയിലേക്കാണ്.
മഞ്ഞൾ ഉൽപാദന വർധനവ് കാണിക്കുന്നുണ്ട്. ലോകത്ത് മഞ്ഞൾ ഉൽപാദനത്തിന്റെ 80 ശതമാനവും ഇന്ത്യയിലാണ്. 2026ൽ 15 ശതമാനം വരെ വർധന പ്രതീക്ഷിക്കുന്നു. മഹാരാഷ്ട്രയിൽ കൃഷിയിടം വർധിച്ചു. എന്നാൽ ചില പ്രദേശങ്ങളിൽ അധികമഴ മൂലം വിളവിൽ ചെറിയ കുറവും ആശങ്കകളും ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ വർഷം മഞ്ഞൾ വില കുത്തനെ ഉയർന്നെങ്കിലും, ഇപ്പോൾ ഏകദേശം 16 ശതമാനം വരെ താഴ്ന്നിട്ടുണ്ട്. പോയ വർഷം കയറ്റുമതി വർധിച്ചതിനാൽ സ്റ്റോക്ക് ശക്തമായ നിലയില്ലേ. വിപണിയിലെ അസ്ഥിരത കുറയ്ക്കാൻ സ്റ്റോക്ക് വർധിപ്പിക്കേണ്ടതുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
ഇഞ്ചി വിലയിൽ ചൈനയുടെ സ്വാധീനം ഏറെയാണെന്നും റിപ്പോർട്ട്. ലോകത്തിലെ രണ്ടാമത്തെ വലിയ ഇഞ്ചി ഉൽപാദക രാജ്യമാണ് ഇന്ത്യ. എന്നാൽ ഈ സീസണിൽ ഉൽപാദനം 12 ശതമാനം വരെ കുറഞ്ഞു. ഏകദേശം 90 ശതമാനം ഇഞ്ചിയും ആഭ്യന്തര വിപണി തന്നെ ഉപയോഗിക്കുന്നു.
കയറ്റുമതി പ്രധാനമായും ബംഗ്ലാദേശിലേക്കാണ്. കഴിഞ്ഞ വർഷം ഉണക്ക ഇഞ്ചി കയറ്റുമതി വർധിച്ചതോടെ ആഭ്യന്തര സ്റ്റോക്ക് കുറഞ്ഞു. ലോക വിപണിയിൽ ചൈനയുടെ ഉൽപാദനം ഏകദേശം 60 ലക്ഷം ടൺ വരെയായി. ചൈനയുടെ വിതരണമാണ് ഇപ്പോൾ വില നിർണയിക്കുന്നത്. അതിനാൽ ഇന്ത്യൻ ഇഞ്ചി വിലയും അന്താരാഷ്ട്ര സാഹചര്യങ്ങൾക്കനുസരിച്ച് മാറുന്ന സാഹചര്യമുണ്ട്.
മൊത്തത്തിൽ, 2025–26 വർഷം സുഗന്ധവ്യഞ്ജന വിപണിയിൽ വിതരണ-വില മാറ്റങ്ങളുടെ വർഷമായിരിക്കുമെന്നാണ് വിലയിരുത്തൽ.
Photo Courtesy - Google








