05:55pm 11 November 2026
NEWS
കുസാറ്റിൽ സ്ഫിയർവേഴ്സ് ലാബ് തുറന്നു
28/10/2025  06:01 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റിൽ സ്ഫിയർവേഴ്സ് ലാബ് തുറന്നു
HIGHLIGHTS

വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി രാജീവ് സ്ഫിയർവേഴ്സ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നു.

കൊച്ചി: ശാസ്ത്ര സാങ്കേതിക വിജ്ഞാന പ്രദർശന രംഗത്ത് നൂതന ചുവടുവെപ്പുമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്). സർവകലാശാലയ്ക്ക് കീഴിലുള്ള സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ (C-SiS) വികസിപ്പിച്ച 'സ്ഫിയർവേഴ്സ്' (SphereVerse) എന്ന പുതിയ ശാസ്ത്രാവിഷ്കാരം പ്രവർത്തനം ആരംഭിച്ചു. കൂടാതെ വർച്വൽ റിയാലിറ്റിയിൽ ശാസ്ത്രത്തിന്റെ അത്ഭുതങ്ങൾ കാണുവാൻ വർച്വൽ ലാബും സജ്ജീകരിച്ചിട്ടുണ്ട്.

കുസാറ്റ് സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ നടന്ന പരിപാടി വ്യവസായ-നിയമ-കയർ വകുപ്പുമന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്‌തു. കുസാറ്റ് വൈസ് ചാൻസിലർ ഡോ. എം.ജുനൈദ് ബുഷിരി അധ്യക്ഷനായി. സിസ് ഡയറക്ടർ ഡോ.പി.ഷൈജു, ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും സോണൽ മേധാവിയുമായ സി.എം.ശശിധരൻ, ബിനു തോമസ്, ഡോ.കെ.എൻ.മധുസൂദനൻ, ഡോ.എം.കെ.ജയരാജ്, എന്നിവർ സംസാരിച്ചു.

ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം എന്നിവയിൽ തുടങ്ങി അക്ഷാംശ-രേഖാംശങ്ങൾ, സങ്കീർണ്ണമായ കാലാവസ്ഥാ വ്യതിയാനങ്ങൾ, അന്തരീക്ഷ ഘടന, ഭൂമിയുടെ പാരിസ്ഥിതിക മാറ്റങ്ങൾ എന്നിങ്ങനെ നിരവധി വിഷയങ്ങൾ ഗോളാകൃതിയിലുള്ള പ്രൊജക്ഷനിലൂടെ ദൃശ്യവൽക്കരിക്കപ്പെടുന്നു. ഒരേസമയം കൗതുകവും വിജ്ഞാനവും ഉണർത്തുന്ന മനോഹരമായ ദൃശ്യാനുഭവമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

ആഗോളതലത്തിൽ പ്രശസ്തമായ, യു.എസ്. ഏജൻസിയായ NOAA (National Oceanic and Atmospheric Administration) വികസിപ്പിച്ച 'സയൻസ് ഓൺ എ സ്ഫിയർ' (Science on a Sphere - SoS) എന്ന സംവിധാനത്തോട് കിടപിടിക്കുന്നതാണ് കുസാറ്റിന്റെ ഈ സംരംഭം. ലോകമെമ്പാടുമുള്ള പ്രമുഖ ശാസ്ത്ര കേന്ദ്രങ്ങളിലും മ്യൂസിയങ്ങളിലും ഉപയോഗിക്കുന്ന SoS, കാലാവസ്ഥാ ഡാറ്റകളും ഗ്രഹങ്ങളുടെ ചലനങ്ങളും ഒരു വലിയ ഗോളത്തിൽ പ്രദർശിപ്പിക്കുന്ന സംവിധാനമാണ്. ഇതേ ആശയം വിജയകരമായി വികസിപ്പിച്ചതിലൂടെ, ആഗോള നിലവാരത്തിലുള്ള ഒരു ശാസ്ത്ര പ്രദർശന സംവിധാനമാണ് കുസാറ്റിൽ ഒരുക്കിയിരിക്കുന്നത്. വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും ശാസ്ത്രബോധവും ജിജ്ഞാസയും വളർത്തുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഫെഡറൽ ബാങ്കിന്റെ സിഎസ്ആർ (CSR) പദ്ധതിയിൽ നിന്നുള്ള സാമ്പത്തിക സഹായവും ക്യൂരിഫൈ (Curiefy) സയൻസ് സെന്ററിന്റെ സാങ്കേതിക പിന്തുണയും പ്രയോജനപ്പെടുത്തിയാണ് സ്ഫിയർവേഴ്സ് വികസിപ്പിച്ചത്. സർവകലാശാലയുടെ നേട്ടങ്ങളുടെ പട്ടികയിൽ ഒരു പൊൻതൂവലായി ഈ ശാസ്ത്രാവിഷ്കാരം മാറിയിരിക്കുകയാണ്. സെന്ററിലെ ഏകദിന ശാസ്ത്രസമ്പർക്ക പരിപാടി, അവധിക്കാല ക്യാമ്പ് എന്നീ പരിപാടികളിൽ പങ്കെടുക്കുന്ന കുട്ടികൾക്കാണ് ഇത് കാണുവാനുള്ള അവസരം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img