
കൊട്ടാരക്കര: ദേശീയപാതയിൽ ബൈക്കുകൾ തമ്മിൽ നേർക്കുനേർ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു ബൈക്കിന് തീപിടിച്ചു. അപകടത്തിൽ രണ്ട് യുവാക്കൾ ദാരുണമായി മരണപ്പെടുകയും രണ്ടുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. കൊല്ലം എഴുകോൺ അമ്പലത്തുകാല കാർത്തികഭവനിൽ അഭിഷേക് (24), മൈലം സ്വദേശി സിദ്ധിവിനായക് എന്നിവരാണ് മരിച്ചത്. നീലേശ്വരം അമ്മുമ്മമുക്ക് സ്വദേശികളായ ജീവൻ (21), സനൂപ് (21) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെടുവത്തൂരിൽ താമരശ്ശേരി ജംക്‌ഷനു സമീപം ഇന്നലെ രാത്രി 10.30ഓടെയാണ് അപകടം നടന്നത്. എതിർദിശകളിൽ നിന്ന് അമിത വേഗതയിലെത്തിയ ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിക്കിടെ ഉണ്ടായ ഇന്ധനച്ചോർച്ചയെ തുടർന്ന് ഒരു ബൈക്കിന് തീപിടിച്ചു.
തീപിടിച്ച ബൈക്കിലുണ്ടായിരുന്ന അഭിഷേക് സംഭവസ്ഥലത്ത് തന്നെ വെന്തുമരിച്ചു. മറ്റുള്ളവർ തെറിച്ചുവീണ് പരിക്കേൽക്കുകയായിരുന്നു. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചശേഷമാണ് അഭിഷേകിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.











