
സ്വർണക്കടത്ത് സംഘത്തെ പിടികൂടാൻ കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് നിയോഗിച്ചിരുന്ന പ്രത്യേക പൊലീസ് സംഘത്തെ നാല് വർഷങ്ങൾക്ക് ശേഷം പിൻവലിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് കരിപ്പൂരിലെ പ്രത്യേക പൊലീസ് സംഘത്തെ തിരിച്ചുവിളിച്ചത്. മെയ് 5ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരസ ജോൺ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവിധ സ്റ്റേഷനുകളിലേക്ക് തിരിച്ചയച്ച് ഉത്തരവിറക്കി.
വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധനകൾ മറികടന്ന് പുറത്തേക്കെത്തുന്ന സ്വർണക്കടത്ത് സംഘങ്ങളെ പിടികൂടുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പ്രത്യേക പൊലീസ് സംഘം പ്രവർത്തിച്ചിരുന്നത്. കരിപ്പൂർ വഴി വൻതോതിൽ സ്വർണം കടത്തുന്നതായും ചില കസ്റ്റംസ് ഉദ്യോഗസ്ഥർക്കും ഇതിൽ ബന്ധമുണ്ടെന്നുമുള്ള ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് 2022ൽ അന്നത്തെ ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസാണ് പ്രത്യേക സംഘത്തിന് രൂപം നൽകിയത്.
വിമാനത്താവളത്തിലെ പൊലീസ് എയ്ഡ് പോസ്റ്റിന് പുറമെ രാജ്യാന്തര ടെർമിനലിന് പുറത്തും അധിക പൊലീസ് കൗണ്ടർ പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ നാല് വർഷത്തിനിടെ നിരവധി കേസുകളിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലടക്കം വലിയ അളവിൽ സ്വർണം പിടികൂടിയിരുന്നു.
എന്നാൽ പൊലീസ് നടപടിക്കെതിരെ അന്നത്തെ നിലമ്പൂർ എം.എൽ.എ പി.വി. അൻവർ ശക്തമായി രംഗത്തെത്തിയിരുന്നു. പിടിച്ചെടുത്ത സ്വർണത്തിന്റെ തൂക്കം കുറച്ച് രേഖപ്പെടുത്തി പൊലീസ് തട്ടിപ്പ് നടത്തുന്നതായി അൻവർ ആരോപിച്ചു. പ്രത്യേക സംഘത്തെ പിൻവലിക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഉണ്ടായ രാഷ്ട്രീയ ഭിന്നതയെ തുടർന്ന് എൽഡിഎഫ് വിട്ട അൻവർ ഇത്തവണ ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു.
ജില്ലാ പൊലീസ് മേധാവിയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന മൂന്ന് പൊലീസുകാരെയാണ് ഇപ്പോൾ മാറ്റിയത്. ഒരാളെ ജില്ലാ ക്രൈംബ്രാഞ്ചിലേക്കും മറ്റ് രണ്ടുപേരെ വേങ്ങര, അരിക്കോട് സ്റ്റേഷനുകളിലേക്കുമാണ് നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി വിമാനത്താവളത്തിന് പുറത്തുനിന്ന് പൊലീസ് സ്വർണം പിടികൂടിയിരുന്നില്ലെന്നും വിവരമുണ്ട്.









