12:11pm 12 November 2026
NEWS
ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക വഴിത്തിരിവ്; പ്രത്യേക അന്വേഷണ സംഘം ‘ഡി മണി’യെ കണ്ടെത്തി ചോദ്യം ചെയ്തു
25/12/2025  08:37 AM IST
nila
ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക വഴിത്തിരിവ്; പ്രത്യേക അന്വേഷണ സംഘം ‘ഡി മണി’യെ കണ്ടെത്തി ചോദ്യം ചെയ്തു

ചെന്നൈ: ശബരിമല സ്വർണക്കൊള്ളക്കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. ശബരിമലയിലെ സ്വർണക്കടത്തിന് അന്താരാഷ്ട്ര ബന്ധമുണ്ടെന്ന വെളിപ്പെടുത്തലിലും അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് എസ്ഐടി. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിദേശ വ്യവസായിയും വെളിപ്പെടുത്തിയ ‘ഡി മണി’ എന്ന വ്യക്തിയെ ചെന്നൈയിൽ കണ്ടെത്തി ചോദ്യം ചെയ്തു. ‘ദാവൂദ് മണി’ എന്നും അറിയപ്പെടുന്ന ഇയാളുടെ യഥാർത്ഥ പേര് അന്വേഷണ സംഘം രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. 

രമേശ് ചെന്നിത്തല നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചെന്നൈ കേന്ദ്രീകരിച്ച് പ്രത്യേക സ്‌ക്വാഡിനെ എസ്ഐടി അയച്ചത്. ദിവസങ്ങളായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ‘ഡി മണി’യെ കണ്ടെത്താനായത്. ആരോപണപ്രകാരം, ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഈ വ്യക്തിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെയും വിദേശ വ്യവസായിയുടെയും മൊഴിയിൽ പറയുന്നത്.

‘ഡി മണി’ ഒരു വിഗ്രഹ വ്യാപാരിയാണെന്നാണ് പുറത്തുവരുന്ന വിവരം. ഇയാളുടെ ഇടപാടുകൾക്ക് സാക്ഷിയായിരുന്നു എന്ന് വിദേശ വ്യവസായി വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഈ ഇടപാടുകൾ ശബരിമലയിലെ സ്വർണ ഉരുപ്പടികളുമായി നേരിട്ട് ബന്ധപ്പെട്ടതാണോ എന്ന കാര്യം വ്യക്തമല്ല. പ്രാഥമിക ചോദ്യംചെയ്യലുകൾ മാത്രമാണ് നടന്നിട്ടുള്ളതെന്നും ഇയാൾ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.

കേസിലെ അന്താരാഷ്ട്ര ബന്ധങ്ങളെ പരിശോദിക്കുന്നതിന്റെ ഭാഗമായി ‘ഡി മണി’യുടെ പങ്ക് വ്യക്തമായാൽ അന്വേഷണം അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതിയിടുന്നത്. കൂടുതൽ തെളിവുകൾ ലഭിക്കുന്നതോടെ ഡി മണിയെ വീണ്ടും ചോദ്യം ചെയ്യാൻ എസ്ഐടി ഒരുങ്ങുകയാണ്. മുൻപ് രമേശ് ചെന്നിത്തല സർക്കാർ ഇടപെടലുകൾ മൂലം അന്വേഷണമന്ദഗതിയിലാണെന്നും കേസിന് കോടതിയുടെയും സിബിഐയുടെയും മേൽനോട്ടം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img