02:10pm 11 November 2026
NEWS
വീരമൃത്യു വരിച്ച ലെഖ് വിയ സുരക്ഷാ ഭടന് പ്രത്യേക ബഹുമതി
10/10/2025  08:20 PM IST
nila
വീരമൃത്യു വരിച്ച ലെഖ് വിയ സുരക്ഷാ ഭടന്  പ്രത്യേക ബഹുമതി

ദോഹ: ആഭ്യന്തര സുരക്ഷാസേനയായ ലെഖ്വിയയിലെ ലാൻസ് കോർപ്പറൽ ബദർ സാഅദ് മുഹമ്മദ് അൽ ഹുമൈദി അൽ ദോസരിയെ വീരമൃത്യുവിനുശേഷം സെക്കൻഡ് ലെഫ്റ്റനൻ്റ് പദവിയിലേക്ക് ഉയർത്തി പദോന്നതി നൽകി. സെപ്റ്റംബർ ആദ്യം ദോഹയിലെ വാസസ്ഥലങ്ങളിലേറ്റ ഇസ്രായേൽ ആക്രമണത്തിൽ ജീവത്യാഗം ചെയ്ത അദ്ദേഹത്തിന്റെ സേവനത്തെയും ധൈര്യത്തെയും ആദരിച്ചുകൊണ്ടാണ് ഈ പദോന്നതിയും ബഹുമതികളും നൽകിയത്.
മന്ത്രിയും ലെഖ്വിയ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ താനിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് ഈ ആദരം. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിൽ സേനാംഗങ്ങൾ കാഴ്ചവച്ച പ്രതിബദ്ധതയെ അനുസ്മരിക്കാനായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
അമീറായ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയുടെ നിർദേശാനുസരണം, അൽ ദോസരിക്ക് മാർട്ടിയർ മെഡൽ, ഗാലൻട്രി മെഡൽ, മിലിട്ടറി ഡ്യൂട്ടി മെഡൽ, ബ്രേവറി ബാഡ്ജ് എന്നിവയും പദോന്നതിയും നൽകി. അദ്ദേഹത്തിന്റെ ധീരതയും ദേശസ്നേഹവും നിത്യസ്മരണയായി നിലനിറുത്താനുള്ള നടപടിയാണിതെന്ന് അധികാരികൾ വ്യക്തമാക്കി.
ചടങ്ങിൽ ലെഖ്വിയ ഉദ്യോഗസ്ഥരും സേനാംഗങ്ങളും മികച്ച സേവനത്തിന് ബഹുമതികളും ബാഡ്ജുകളും ഏറ്റുവാങ്ങി. ചിലർക്കു വരെ മൂന്ന് വർഷം വരെ സേവനസീനിയോറിറ്റി അംഗീകരിച്ചു.
ശൈഖ് ഖലീഫ തന്റെ ‘എക്സ്’ അക്കൗണ്ടിലൂടെ പ്രസ്താവിച്ചു: “അമീറുടെ നിർദേശപ്രകാരം ഇന്ന് നാടിന്റെ രക്ഷക്കായി അർപ്പണബോധത്തോടെ സേവനം ചെയ്ത ലെഖ്വിയയിലെ വീരരെ ആദരിച്ചു. ഈ ബഹുമതി അവരുടെ മനോവീര്യം വർധിപ്പിക്കും; രാജ്യസുരക്ഷ നമ്മുടെ അവകാശവും കടമയും കൂടിയാണ്.”
വീരമൃത്യു വരിച്ച ലെഫ്റ്റനൻറ് ബദർ അൽ ദോസരിയുടെ കുടുംബത്തിന് മാർട്ടിയർ മെഡൽ നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img