ഉത്രാടക്കിഴിയുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ; സൗമ്യവതി തമ്പുരാട്ടിക്ക് കൈമാറി

കോട്ടയം∙ ഉത്രാടദിനത്തിൽ വയസ്കര രാജഭവൻ കോവിലകത്തെത്തി നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉത്രാടക്കിഴി കൈമാറി. കൊച്ചി രാജവംശത്തിന്റെ പിന്മുറക്കാരിയായ എൻ.കെ. സൗമ്യവതി തമ്പുരാട്ടിക്കാണ് 1000 രൂപ അടങ്ങിയ ഉത്രാടക്കിഴി നൽകിയത്.
കൊച്ചി രാജാവ് രാജകുടുംബത്തിലെ സ്ത്രീകൾക്ക് ഓണത്തോടനുബന്ധിച്ച് നൽകിയിരുന്ന സമ്മാനമായിരുന്നു ഉത്രാടക്കിഴി. കൊച്ചി രാജവംശത്തിന്റെ പിന്മുറക്കാരിയെന്ന നിലയിലാണ് വയസ്കര കോവിലകത്തെ രാജരാജവർമയുടെ ഭാര്യയായ സൗമ്യവതി തമ്പുരാട്ടിക്ക് ഈ വർഷവും ഉത്രാടക്കിഴി നൽകിയത്.
തൃശൂർ കലക്ടറേറ്റിൽനിന്ന് അനുവദിക്കുന്ന തുക ബന്ധപ്പെട്ട തഹസീൽദാർ മുഖേനയാണ് കൈമാറുന്നത്. നേരത്തെ 14 രൂപയായിരുന്ന ഉത്രാടക്കിഴി പിന്നീട് 1000 രൂപയായി വർധിപ്പിച്ചു.
ജില്ലാ കലക്ടർ ചേതൻ കുമാർ മീണ സൗമ്യവതി തമ്പുരാട്ടിക്ക് ഓണക്കോടിയും സമ്മാനിച്ചു. കോട്ടയം നഗരസഭാധ്യക്ഷൻ എം.പി. സന്തോഷ് കുമാർ, മുനിസിപ്പൽ കൗൺസിലർ ലീന ജയചന്ദ്രൻ, തഹസീൽദാർ സിറിൽ സഞ്ജു ജോർജ്, ഡെപ്യൂട്ടി തഹസീൽദാർ പി.ജി. കവിത, വില്ലേജ് ഓഫിസർ ജെബോയ് മാത്യു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.










