
എറണാകുളം പ്രസ് ക്ലബിന്റെ സി.വി. പാപ്പച്ചൻ സ്മാരക മാധ്യമ പുരസ്കാരം മനോരമ ന്യൂസ് സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് എൻ.കെ. ഗിരീഷിന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മാനിക്കുന്നു.
പ്രസ് ക്ലബ് പ്രസിഡന്റ് ആർ. ഗോപകുമാർ , സെക്രട്ടറി ഷജിൽ കുമാർ , സി.വി. പാപ്പച്ചന്റെ മക്കളായ ജീവൻ, മോഹൻ എന്നിവർ സമീപം.
കൊച്ചി: മാധ്യമങ്ങൾക്കൊപ്പം ഭരണഘടനയുടെ അഞ്ചാംപത്തിയായി നിലകൊള്ളുന്ന അടിസ്ഥാന വിഭാഗത്തെയും നേതാക്കളെയും അവഗണിക്കരുതെന്ന് സംസ്ഥാന നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. എറണാകുളം പ്രസ് ക്ലബ് ഏർപ്പെടുത്തിയ സി.വി. പാപ്പച്ചൻ സ്മാരക അവാർഡ് മനോരമ ന്യൂസ് സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് എൻ.കെ. ഗിരീഷിന് സമർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമര കാലഘട്ടത്തിന്‍റെ പിന്തുടർച്ച അവകാശപ്പെട്ട മികച്ച പത്രപ്രവർത്തകനായിരുന്നു സി.വി. പാപ്പച്ചൻ. തിരുവനന്തപുരത്തും പത്രപ്രവർത്തന രംഗത്തെ ആസ്ഥാനമായി പ്രവർത്തിക്കുന്ന എറണാകുളത്തും ട്രേഡ് യൂനിയൻ സജീവമല്ലാതിരുന്ന കാലത്ത് പത്രപ്രവർത്തകരുടെ ക്ഷേമത്തിനും വളർച്ചക്കും വേണ്ടി ത്യാഗം ചെയ്ത പത്രപ്രവർത്തകാധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ആദ്യത്തെ പ്രസ് ക്ലബ് ആസ്ഥാനം യാഥാർഥ്യമാക്കാൻ പ്രത്യേക ലോട്ടറി പദ്ധതി നടപ്പാക്കിയതിലും അദ്ദേഹത്തിന്‍റെ പങ്കുണ്ടായിരുന്നുവെന്ന് സ്പീക്കർ പറഞ്ഞു. മനുഷ്യർ എന്ന വിഷയത്തെ ആസ്പദമാക്കി എറണാകുളംപ്രസ് ക്ലബ് ഈ വർഷം ദൃശ്യമാധ്യമങ്ങൾക്കായി ഏർപ്പെടുത്തിയ സി.വി. പാപ്പച്ചൻ സ്മാരക എൻട്രികളിൽ മികച്ച പ്രോഗ്രാമിനാണ് അവാർഡ് നൽകിയത്. 20,000 രൂപയുടെ കാഷ് അവാർഡും സി.വി. പാപ്പച്ചൻ സ്മാരക മെമന്റോയും സ്പീക്കർ സമ്മാനിച്ചു. പത്രപ്രവർത്തകർക്കായി പ്രസ് ക്ലബ് നടത്തിയ ഫിഫ ഫുട്ബാൾ മത്സര പ്രവചനത്തിൽ വിജയികളായവർക്കും സ്പീക്കർ സമ്മാനം നൽകി. പ്രസ് ക്ലബ് സെക്രട്ടറി ഷജിൽകുമാർ സ്വാഗതം പറഞ്ഞു. പ്രസിഡന്‍റ് ആർ. ഗോപകുമാർ അധ്യക്ഷത വഹിച്ചു. സി.വി. പാപ്പച്ചന്‍റെ മകൻ ജീവൻ നന്ദി പറഞ്ഞു.
Photo Courtesy - Google








