
ലൈംഗികാരോപണങ്ങളിൽപെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയിൽ വരാൻ നിലവിൽ തടസ്സങ്ങളില്ലെന്ന് സ്പീക്കർ എ എൻ ഷംസീർ. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയാണെന്ന റിപ്പോർട്ട് നാല് മണി വരെ ലഭിച്ചിട്ടില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം സ്പീക്കർ പ്രതികരിച്ചത്. അംഗങ്ങൾക്ക് സഭയിൽ വരാൻ ഒരു തടസ്സവുമില്ലെന്നും സ്പീക്കർ വ്യക്തമാക്കി. എന്നാൽ, രാഹുലിനെതിരെ നിലവിലെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിഷേധം ഉണ്ടാകുമോ എന്ന് തനിക്ക് പറയാൻ കഴിയില്ലെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസിൽ ക്രൈം ബ്രാഞ്ച് നിയമസഭാ സ്പീക്കർക്ക് റിപ്പോർട്ട് നൽകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള അന്വേഷണ വിവരങ്ങൾ സ്പീക്കറെ അറിയിക്കുമെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണക്കേസിൽ ഇരകളെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്നതായ ആരോപണവും ഉയർന്നിരുന്നു.
രാഹുലിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷണസംഘം പരിശോധിക്കും. മാധ്യമ പ്രവർത്തകരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. നാല് വനിതാ മാധ്യമപ്രവർത്തകരുടെ മൊഴിയെടുക്കും. രാഹുൽ മാങ്കൂട്ടത്തിൽ ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിലാണ് നടപടി. രാഹുലിനെതിരെ പരാതി നൽകിയ അഭിഭാഷകൻ ഷിന്റോ സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ ഗർഭഛിദ്രത്തിന് നിർബന്ധിച്ചുവെന്ന് കാണിച്ച് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് ഷിന്റോ പരാതി നൽകിയത്. ഗുരുതര വകുപ്പുകൾ ചുമത്തേണ്ട കുറ്റകൃത്യമാണ് രാഹുൽ നടത്തിയതെന്ന് ഷിന്റോ സെബാസ്റ്റ്യൻ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.











