
ന്യൂഡൽഹി: ജനാധിപത്യത്തിന്റെ മൂന്നാം തൂണായ ജുഡീഷ്യറിയുടെ പരാമർശത്തെ തുടർന്ന് രാജ്യത്ത് ജെൻ സി (Gen Z) പ്രക്ഷോഭം കൊടുമ്പിരി കൊള്ളുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ 'കോക്രോച്ച്' പ്രയോഗമാണ് യുവജനങ്ങളെ തെരുവിലിറക്കിയത്. ഡൽഹി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷക പദവി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മേയ് 15-നായിരുന്നു വിവാദപരമായ പരാമർശം നടന്നത്.
തൊഴിലില്ലാത്ത യുവാക്കൾ വ്യവസ്ഥിതിയെ ആക്രമിക്കുന്ന ഇത്തിൾക്കണ്ണികളാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. "അതെ, ഞങ്ങൾ പാറ്റകളാണ്; ഈ വ്യവസ്ഥകളെ ഞങ്ങൾ തൂത്തെറിയും" എന്ന പരസ്യ പ്രഖ്യാപനത്തോടെ ഒരു വിഭാഗം ജെൻ സി കൂട്ടം ഈ പരാമർശത്തെ ഏറ്റെടുക്കുകയായിരുന്നു. "മാദ്ധ്യമങ്ങളിലൂടെയും സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും ഇവർ എല്ലാവരെയും ആക്രമിക്കുന്നു. ഇവർ ആക്ടിവിസ്റ്റുകളായി മാറി ഭരണസംവിധാനങ്ങളെ ലക്ഷ്യമിടുന്നു" എന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തിരുന്നു.
പ്രതിഷേധം ശക്തമായതോടെ അഭിജീത് ദീപ്‌കെ എന്ന വിദ്യാർത്ഥിയുടെ നേതൃത്വത്തിൽ 'കോക്രോച്ച് ജനതാ പാർട്ടി' രൂപീകരിച്ചു. സോഷ്യൽ മീഡിയയിലൂടെ പടർന്നുപിടിച്ച പ്രക്ഷോഭത്തിൽ ഭരണസംവിധാനങ്ങൾ നിശ്ചലമാകുന്ന സാഹചര്യമുണ്ടായി. ജനാധിപത്യത്തിന്റെ ഒന്നാം തൂണായ പാർലമെന്റിൽ തങ്ങളുടെ സമര ആവശ്യങ്ങൾ നിർബന്ധപൂർവം ചർച്ച ചെയ്യിപ്പിക്കാനും അംഗീകരിപ്പിക്കാനും ഇവർക്കായി. പ്രക്ഷോഭത്തിന്റെ ഭാഗമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് സ്ഥാനം രാജിവെക്കേണ്ടിയും വന്നു. നാലാംതൂണായ മാദ്ധ്യമങ്ങളെ വരെ മുൾമുനയിൽ നിർത്തിയാണ് പ്രക്ഷോഭകർ മുന്നേറുന്നത്.
തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടതാണെന്നും വ്യാജ ബിരുദമുള്ളവരെ കുറിച്ചാണ് താൻ സംസാരിച്ചതെന്നും ചീഫ് ജസ്റ്റിസ് പിന്നീട് വ്യക്തമാക്കിയെങ്കിലും പ്രതിഷേധം തണുത്തിട്ടില്ല. സമരക്കാർക്കെതിരെയുള്ള പൊലീസിന്റെ കടുത്ത നടപടിയെക്കുറിച്ച് അഭിഭാഷകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ 'കോടതിയുടെ സമയം പാഴാക്കരുത്' എന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചത് യുവാക്കളുടെ രോഷം ഇരട്ടിയാക്കിയിരിക്കുകയാണ്.











