10:22pm 03 November 2026
NEWS
മത്സരത്തിനിടെ എതിർ താരവുമായി കൂട്ടിയിടിച്ച് ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം
03/11/2026  07:48 PM IST
nila
മത്സരത്തിനിടെ എതിർ താരവുമായി കൂട്ടിയിടിച്ച് ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം

മഡ്രിഡ്: ഫുട്ബോൾ മൈതാനത്ത് എതിർതാരവുമായുണ്ടായ കൂട്ടിയിടിക്കു പിന്നാലെ ഗുരുതരമായി പരിക്കേറ്റ സ്പാനിഷ് താരം ജെസ്യൂസ് ഡി മിഗ്വേൽ മരിച്ചു. സ്പാനിഷ് രണ്ടാം ഡിവിഷൻ മത്സരത്തിനിടെയായിരുന്നു ദാരുണ സംഭവം. സിഡി ടെനറിഫെയുടെ മുന്നേറ്റനിര താരമായിരുന്ന മിഗ്വേലിന്റെ മരണവിവരം ക്ലബ് ചൊവ്വാഴ്ച ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു.

സിഡി ടെനറിഫെയും എഫ്‌സി അൻഡോറയും തമ്മിലുള്ള മത്സരത്തിനിടെയാണ് അപകടം സംഭവിച്ചത്. പന്തിനായി നടത്തിയ പോരാട്ടത്തിനിടെ മിഗ്വേൽ അൻഡോറയുടെ ഗോൾകീപ്പർ ജെസ്യൂസ് ഒവോനോയുമായി ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൈതാനത്ത് വീണ താരത്തിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂട്ടിയിടിക്കു പിന്നാലെ ഹൃദയാഘാതമുണ്ടായതായാണ് റിപ്പോർട്ടുകൾ.

സംഭവത്തിനു പിന്നാലെ ഗോൾകീപ്പർ ഒവോനോയ്ക്ക് റഫറി ചുവപ്പ് കാർഡ് നൽകി. എന്നാൽ താരത്തിന്റെ ആരോഗ്യനില ഗുരുതരമായതോടെ മത്സരം ഉപേക്ഷിച്ചു. മിഗ്വേലിന്റെ അപ്രതീക്ഷിത വിയോഗത്തിൽ സിഡി ടെനറിഫെയും എഫ്‌സി അൻഡോറയും അനുശോചനം രേഖപ്പെടുത്തി.

താരത്തിന്റെ മരണം ഫുട്ബോൾ ലോകത്തെ വലിയ ദുഃഖത്തിലാഴ്ത്തിയെന്ന് ലാലിഗ പ്രസിഡന്റ് ഹാവിയർ ടെബസ് പ്രതികരിച്ചു. നികത്താനാകാത്ത നഷ്ടമാണ് മിഗ്വേലിന്റെ വിയോഗമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ തുടർന്ന് ലീഗിൽ ചൊവ്വാഴ്ച നടക്കേണ്ട മത്സരങ്ങളും മാറ്റിവെച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img