04:56am 08 July 2026
NEWS
​ഗോൾ വഴങ്ങാത്ത 609 മിനിറ്റുകൾ; ലോകകപ്പിൽ സ്‌പെയിന്റെ ചരിത്രനേട്ടം
07/07/2026  06:36 AM IST
nila
​ഗോൾ വഴങ്ങാത്ത 609 മിനിറ്റുകൾ; ലോകകപ്പിൽ സ്‌പെയിന്റെ ചരിത്രനേട്ടം

ഡാലസ്: പോർച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്തിയ സ്‌പെയിൻ മറ്റൊരു ചരിത്രനേട്ടവും സ്വന്തമാക്കി. ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഗോൾ വഴങ്ങാതെ മുന്നേറിയ ടീമെന്ന പുതിയ ലോക റെക്കോഡാണ് സ്പാനിഷ് സംഘം കുറിച്ചത്.

പോർച്ചുഗലിനെതിരായ പ്രീക്വാർട്ടർ വിജയത്തോടെ തുടർച്ചയായ ആറാം ലോകകപ്പ് മത്സരത്തിലും സ്‌പെയിൻ ക്ലീൻ ഷീറ്റ് നിലനിർത്തി. ഇതോടെ 1990-ൽ ഇറ്റലിയും 2006 മുതൽ 2010 വരെയുള്ള കാലയളവിൽ സ്വിറ്റ്‌സർലൻഡും സ്വന്തമാക്കിയിരുന്ന തുടർച്ചയായ അഞ്ച് ക്ലീൻ ഷീറ്റുകളുടെ റെക്കോഡ് സ്‌പെയിൻ മറികടന്നു.

സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോണിനെതിരെ കഴിഞ്ഞ 609 മിനിറ്റായി ഒരു എതിരാളിക്കും ഗോൾ നേടാനായിട്ടില്ലെന്നതും ഈ നേട്ടത്തിന്റെ പ്രത്യേകതയാണ്.

2022 ലോകകപ്പിൽ മൊറോക്കോയ്ക്കെതിരായ പ്രീക്വാർട്ടർ പോരാട്ടത്തിലാണ് ഈ അപൂർവ റെക്കോഡിന്റെ തുടക്കം. നിശ്ചിത സമയവും അധികസമയവും ഗോൾരഹിത സമനിലയിൽ അവസാനിച്ച ആ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് സ്‌പെയിൻ പുറത്തായത്. ഷൂട്ടൗട്ടിലെ ഗോൾ മത്സരഫലത്തിൽ ഉൾപ്പെടാത്തതിനാൽ ആ മത്സരവും ക്ലീൻ ഷീറ്റായി കണക്കാക്കപ്പെടുന്നു.

2026 ലോകകപ്പിൽ കേപ് വെർദെയുമായി ഗോൾരഹിത സമനില വഴങ്ങിയതോടെയാണ് സ്‌പെയിന്റെ പുതിയ കുതിപ്പ് ആരംഭിച്ചത്. തുടർന്ന് സൗദി അറേബ്യയെ 4-0നും ഉറുഗ്വായെ 1-0നും തോൽപ്പിച്ച സ്പാനിഷ് സംഘം, റൗണ്ട് ഓഫ് 32-ൽ ഓസ്ട്രിയയെ 3-0ന് പരാജയപ്പെടുത്തി അഞ്ചാം ക്ലീൻ ഷീറ്റ് സ്വന്തമാക്കി. പിന്നീട് പോർച്ചുഗലിനെതിരായ വിജയത്തോടെ ആറാം ക്ലീൻ ഷീറ്റും ലോക റെക്കോഡും സ്‌പെയിൻ സ്വന്തമാക്കി.

ഇതോടൊപ്പം, ലോകകപ്പിന്റെ ആദ്യ അഞ്ച് മത്സരങ്ങളിലും എതിരാളികൾക്ക് ഗോൾ അനുവദിക്കാതെ മുന്നേറുന്ന ആദ്യ പുരുഷ ടീം എന്ന നേട്ടവും സ്‌പെയിന്റെ പേരിലായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img