02:10am 17 June 2026
NEWS
കരുത്തരായ സ്പെയ്നിനെ പിടിച്ചുകെട്ടി കന്നിക്കാരായ കേപ് വെർഡെ; ഗോൾരഹിത സമനിലയിൽ ഗ്രൂപ്പ് എച്ചിന് തുടക്കം
16/06/2026  06:15 AM IST
nila
കരുത്തരായ സ്പെയ്നിനെ പിടിച്ചുകെട്ടി കന്നിക്കാരായ കേപ് വെർഡെ; ഗോൾരഹിത സമനിലയിൽ ഗ്രൂപ്പ് എച്ചിന് തുടക്കം

ബോസ്റ്റൺ: ഗ്രൂപ്പ് എച്ചിലെ ഉദ്ഘാടന മത്സരത്തിൽ ലോകകപ്പ് കിരീടസാധ്യതകളിൽ മുന്നിൽ കണക്കാക്കപ്പെടുന്ന സ്പെയ്നിനെ ഗോൾരഹിത സമനിലയിൽ തളച്ച് കേപ് വെർഡെ. മത്സരമൊട്ടാകെ അച്ചടക്കത്തോടെയുള്ള പ്രതിരോധം കാഴ്ചവെച്ച കേപ് വെർഡെ, സ്പാനിഷ് ആക്രമണങ്ങളെ ഫലപ്രദമായി ചെറുത്തുനിന്നു. ലോകകപ്പിൽ ആദ്യമായാണ് കേപ് വെർഡെ മത്സരിക്കുന്നത്. 

പന്തടക്കത്തിലും ആക്രമണങ്ങളിലും വ്യക്തമായ ആധിപത്യം പുലർത്തിയെങ്കിലും ആദ്യ പകുതിയിൽ സ്പെയ്നിന് തങ്ങളുടെ പതിവ് താളം കണ്ടെത്താനായില്ല. ഗോൾമുഖത്തേക്ക് എത്തിയ അവസരങ്ങളിലൊന്നും ഫിനിഷിങ് മികവ് പ്രകടിപ്പിക്കാനാകാതെ പോയപ്പോൾ, കേപ് വെർഡെ ഗോൾകീപ്പർ വൊസിഞ്ഞയുടെ മികച്ച സേവുകളും സ്പെയ്നിന് തിരിച്ചടിയായി. വലതുവിങ്ങിൽ കളിച്ച ഫെറാൻ ടോറസിനും ഇടതുവശത്ത് ഇറങ്ങിയ ഗാവിക്കും പ്രതീക്ഷിച്ച സ്വാധീനം ചെലുത്താനായില്ല.

രണ്ടാം പകുതിയിൽ ലമീൻ യമാൽ, ഡാനി ഓൾമോ, നിക്കോ വില്യംസ് എന്നിവരെ ഇറക്കി ആക്രമണം ശക്തമാക്കാൻ സ്പെയിൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കൂടുതൽ പിന്നിലേക്ക് വലിഞ്ഞ് പ്രതിരോധം തീർത്ത കേപ് വെർഡെയെ മറികടക്കാൻ സ്പാനിഷ് താരങ്ങൾക്ക് കഴിഞ്ഞില്ല. ഗോൾകീപ്പർ വൊസിഞ്ഞയുടെ മിന്നും പ്രകടനവും പ്രതിരോധനിരയുടെ ഉറച്ച നിലപാടും മത്സരഫലം നിർണയിച്ചു.

കിരീട ഫേവറിറ്റുകളിലൊന്നായി ടൂർണമെന്റിലെത്തിയ സ്പെയ്നിന് മുന്നേറ്റനിരയിലെ ഒയർസബാലിന്റെ നിറംമങ്ങിയ പ്രകടനവും പെഡ്രിയെ ഉൾപ്പെടെയുള്ള മധ്യനിരയുടെ താളപ്പിഴയും തിരിച്ചടിയായി. അവസാന നിമിഷങ്ങളിൽ സമ്മർദം വർധിപ്പിച്ചെങ്കിലും വിജയഗോൾ കണ്ടെത്താനാകാതെ സ്പെയിൻ നിരാശയോടെ സമനില സമ്മതിക്കേണ്ടിവന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img