
ഒമ്പത് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിലേക്ക് തിരികെ എത്തിക്കാൻ വഴിയൊരുങ്ങുന്നു. ഇരുവരെയും തിരികെ എത്തിക്കാനുള്ള സ്പേസ് എക്സിന്റെ ക്രൂ-10 വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ഇന്നു പുലർച്ചെ ഇന്ത്യൻ സമയം 4.33നായിരുന്നു ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നും ഫാൽക്കൺ – 9 റോക്കറ്റിൽ ക്രൂ -10 വിക്ഷേപിച്ചത്.
നാസയും സ്പേസ്എക്സും ചേർന്നാണ് ഈ ദൗത്യത്തിന് നേതൃത്വം നൽകുന്നത്. നാല് പുതിയ ബഹിരാകാശ സഞ്ചാരികളുമായാണ് ക്രൂ-10 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. നാസയുടെ തന്നെ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജാപ്പനീസ് ബഹിരാകാശ ഏജൻസിയായ ജാക്സയിലെ തകുയ ഒനിഷി, റഷ്യൻ റോസ്കോസ്മോസിന്റെ കിറിൽ പെസ്കോവ് എന്നിവരാണ് പേടകത്തിലുള്ളത്. ഇവരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിച്ച ശേഷം സുനിത വില്യംസ്, നിക്ക് ഹേഗ്, ബുച്ച് വിൽമോർ, റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികൻ അലക്സാണ്ടർ ഗോർബുനോവ് എന്നിവരുൾപ്പെടെയുള്ള അവിടെ നിന്നും ഭൂമിയിലേക്ക് തിരികെ എത്തിക്കുന്നതാണ് ദൗത്യം.
കഴിഞ്ഞ വർഷം ജൂണിലാണ് സുനിതയും ബുച്ച് വിൽമോറും ഐഎസ്‌എസിൽ കുടുങ്ങിയത്. ക്രൂ ഫ്ലൈറ്റിന്റെ ബോയിങ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിലെ പ്രൊപ്പൽഷനിൽ തകരാർ സംഭവിച്ചിരുന്നു. ഇതോടെ ഇവരുടെ ഭൂമിയിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായി. ഫാൽക്കൺ 9 റോക്കറ്റിന്റെ ആദ്യ വിക്ഷേപണം സാങ്കേതിക പ്രശ്‌നം കാരണം നേരത്തെ മാറ്റിവച്ചിരുന്നു.