
ഇലോൺ മസ്‌കിന്റെ സ്പേസ് എക്സ് കമ്പനിയുടെ സ്റ്റാർഷിപ്പ് പരീക്ഷണം പരാജയപ്പെട്ടു. തുടർച്ചയായ രണ്ടാം തവണയാണ് സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് പരീക്ഷണ പറക്കൽ പരാജയപ്പെടുന്നത്. വ്യാഴാഴ്ച പ്രാദേശിക സമയം5.30 ഓടെയായിരുന്നു ടെക്‌സാസിൽ നിന്നും സ്റ്റാർഷിപ്പ് വിക്ഷേപിച്ചത്. എന്നാൽ, വിക്ഷേപണത്തിന് പിന്നാലെ തന്നെ പേടകം പൊട്ടിത്തെറിക്കുകയായിരുന്നു.
വിക്ഷേപിച്ച് മിനിറ്റുകൾക്ക് ശേഷം സ്പേസ് എക്സിന് സ്റ്റാർഷിപ്പിന്റെ നിയന്ത്രണം നഷ്ടമായിരുന്നു. തുടർന്ന് എഞ്ചിനുകൾ ഓഫായി. പിന്നാലെ ബഹിരാകാശ പേടകം പൊട്ടിത്തെറിക്കുകയായിരുന്നു. റോക്കറ്റ് കുതിച്ചുപൊങ്ങിയ ശേഷമുള്ള രണ്ടാം ഘട്ടത്തിലെ പരാജയമാണ് സ്ഫോടനത്തിന് കാരണമെന്ന് കമ്പനി അറിയിച്ചു. സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചതിന് പിന്നാലെ തെക്കൻ ഫ്‌ളോറിഡയ്ക്കും ബഹാമാസിനും സമീപമുള്ള ആകാശത്ത് തീജ്വാലകൾ പ്രത്യക്ഷപ്പെടുന്ന വീഡിയോകൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുകയാണ്.
പൊട്ടിത്തെറിയെത്തുടർന്ന് ഫ്ളോറിഡയിലെ വിമാനത്താവളങ്ങളിലെ സർവീസുകൾ നിർത്തിവച്ചു. സ്‌പേസ് എക്സ് കമ്പനിയുടെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ എട്ടാമത്തെ പരീക്ഷണ വിക്ഷേപണമായിരുന്നു ഇത്. ഏഴാം പരീക്ഷണ വിക്ഷേപണത്തിലും സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചിരുന്നു.











