
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു സമീപം പ്രവർത്തിച്ചിരുന്ന സ്പാ മേയർ വി.വി. രാജേഷിന്റെ നിർദേശപ്രകാരം അടച്ചുപൂട്ടിയ നടപടി തിരുവനന്തപുരം ജില്ലയിലെ ബി.ജെ.പി.യിൽ വൻ പൊട്ടിത്തെറിക്ക് വഴിയൊരുക്കുന്നു. ബിജെപിയിലെ പടലപ്പിണക്കത്തിന്റെ ഭാഗമായാണ് ബിജെപി ന്യൂനപക്ഷ മോർച്ച നേതാവിന്റെ പിതാവിന്റെ പേരിലുള്ള സ്പാ പൂട്ടിച്ചത് എന്ന ആരോപണമാണ് ഉയരുന്നത്. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന ഷൈൻ ലാലിന്റെ പിതാവ് എസ്. മനോഹരന്റെ പേരിലാണ് സ്പായുടെ ലൈസൻസ്. നിലവിൽ ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ഷൈൻ ലാൽ.
സ്പായിൽ അനധികൃത പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ലെന്നും, പരാതിക്കാരിയുടെ ഭാഗത്തുനിന്നുള്ള തെറ്റിദ്ധാരണയാണ് പ്രശ്‌നങ്ങൾക്ക് കാരണമായതെന്നുമാണ് ഷൈൻ ലാൽ പറയുന്നത്. ലൈസൻസ് പിതാവിന്റെ പേരിലാണെങ്കിലും, സ്പാ നടത്തിപ്പിന് ചുമതല മറ്റൊരാളാണെന്നും അദ്ദേഹം വ്യക്തമാക്കി. ജോലി തേടി എത്തിയ യുവതിയോട് ആധാർ കാർഡ്, ഫോട്ടോ എന്നിവ ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടതേയുള്ളുവെന്നും, രേഖകൾ നൽകാൻ തയ്യാറാകാത്തതിനാലാണ് ജോലി നൽകാതിരുന്നതെന്നും ഷൈൻ ലാൽ പറഞ്ഞു. സ്പായിലെ ജീവനക്കാരനോട് യുവതിയാണ് അപമര്യാദയായി പെരുമാറിയതെന്നും, ഇതുവരെ യുവതി പൊലീസിൽ പരാതി നൽകിയിട്ടില്ലാത്തതിനാൽ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതോടെയാണ് സ്പാ അടച്ചുപൂട്ടലിന് പിന്നിൽ ബി.ജെ.പിയിലെ ആഭ്യന്തര ഗ്രൂപ്പ് പോരാണ് കാരണമെന്ന ആരോപണം ശക്തമാകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലും തുടർന്ന് നടന്ന മേയർ തിരഞ്ഞെടുപ്പിലും പാർട്ടിക്കുള്ളിൽ രൂപപ്പെട്ട വിഭാഗീയതയുടെ പ്രതിഫലനമായാണ് സംഭവത്തെ ചിലർ വിലയിരുത്തുന്നത്. സ്പായിൽ അഭിമുഖത്തിന് എത്തിയ യുവതി മേയർ വി.വി. രാജേഷിനെ നേരിട്ട് വിളിച്ച് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കോർപറേഷൻ ഉദ്യോഗസ്ഥർ ഉടൻ പരിശോധന നടത്തി നടപടി സ്വീകരിച്ചതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
പരിശോധനയിൽ സ്പായുടെ പ്രീമിയം വിഭാഗം ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അടച്ചുപൂട്ടൽ നടന്നത്. ഈ നടപടിക്ക് പിന്നാലെ നഗരത്തിലെ മറ്റ് സ്പാ കേന്ദ്രങ്ങളിലും വ്യാപക പരിശോധന നടത്തി. കോർപറേഷൻ നടത്തിയ പരിശോധനയിൽ നഗരപരിധിയിലുള്ള 137 സ്പാ, മസാജ് കേന്ദ്രങ്ങളിൽ 17 എണ്ണം ആവശ്യമായ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.










