
സോവിയറ്റ് യൂണിയൻ ശുക്രനിലേക്ക് വിക്ഷേപിച്ച പേടകം 53 വർഷത്തിന് ശേഷം തിരിച്ചെത്തി. ശുക്രനിൽ ഇറങ്ങാൻ രൂപകൽപ്പന ചെയ്ത കോസ്മോസ് 482 പേടകമാണ് ഇന്തോനേഷ്യയിലെ ജക്കാർത്തയ്ക്ക് പടിഞ്ഞാറ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചത്. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസാണ് ഇക്കാര്യം അറിയിച്ചത്. നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ലാൻഡർ ഒറ്റ കഷണമായി സമുദ്രത്തിലെത്തിയോ എന്നസ കാര്യത്തിലും വ്യക്തതയില്ല.
"കോസ്മോസ്-482 ബഹിരാകാശ പേടകം നിലവിലില്ല, ഭ്രമണപഥം വിട്ട് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് വീണു," റോസ്കോസ്മോസ് സമൂഹ മാധ്യമത്തിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.
ശുക്രനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച സോവിയറ്റ് യൂണിയന്റെ വെനീറ പ്രോഗ്രാമിന്റെ ഭാഗമാകാൻ ഉദ്ദേശിച്ചുള്ളതായിരുന്നു കോസ്മോസ് 482. 1972 ലാണ് കോസ്മോസ് 482 വിക്ഷേപിച്ചത്. ഇപ്പോൾ, കസാക്കിസ്ഥാന്റെ ഭാഗമായ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്നായിരുന്നു വിക്ഷേപണം.എന്നാൽ, പേടകത്തെ ആകാശത്തേക്ക് ഉയർത്തിയ സോയൂസ് റോക്കറ്റ് ബൂസ്റ്ററിന്റെ മുകളിലെ ഘട്ടത്തിലെ ഒരു തകരാർ അതിന്റെ ദൗത്യം തടസ്സപ്പെടുത്തി. ഭൂമിക്ക് ചുറ്റുമുള്ള ഒരു ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ പേടകം ഉപേക്ഷിക്കപ്പെടുകയായിരുന്നു.
സോവിയറ്റ് യൂണിയൻ മുമ്പ് ശുക്രനിലേക്ക് വിക്ഷേപിച്ച വെനീറ 8 ന്റെ ഒരു സഹോദര പേടകമായിട്ടാണ് കോസ്മോസ് 482 നിർമ്മിച്ചത്. ശുക്രനിൽ ഇറങ്ങുന്ന രണ്ടാമത്തെ പേടകമായിരുന്നു വെനീറ 8. ആദ്യമായി ശുക്രനിലിറങ്ങിയത് വെനീറ 7 ആണ്. വെനീറ 8 ശുക്രഗ്രഹത്തിന്റെ നരകതുല്യമായ ഉപരിതലത്തിൽ ഇറങ്ങി ഒരു മണിക്കൂറോളം അവിടുത്തെ കാലാവസ്ഥയെ അതിജീവിച്ചിരുന്നു. കടുത്ത ചൂടിൽ ഉരുകിയൊലിച്ച് തീരും മുമ്പ് 50 മിനിറ്റിലധികം വിവരശേഖരണം നടത്തുകയും ഭൂമിയിലേക്ക് അയക്കുകയും ചെയ്തിരുന്നു.











