
എറണാകുളം - ബെംഗളുരു വന്ദേഭാരതിൽ സ്കൂൾ വിദ്യാർത്ഥികൾ പാടിയ ആർ എസ് എസ് ഗണഗീതം വീണ്ടും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് റയിൽവെ. വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന യാത്രയിലാണ് എളമക്കര സരസ്വതി വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ‘പരമപവിത്രമതാമീ മണ്ണിൽ ഭാരതാംബിയെ പൂജിക്കാൻ…’ എന്ന് തുടങ്ങുന്ന ആർഎസ്എസ് ഗണഗീതം പാടിയത്. ഇതിന്റെ വീഡിയോ ദക്ഷിണ റയിൽവെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വിവാദം ഉയർന്നിരുന്നു. ഇതിനു പിന്നാലെ റയിൽവെ സമൂഹ മാധ്യമങ്ങളിൽ നിന്നും വീഡിയോ പിൻവലിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് വീണ്ടും ഇതേ വീഡിയോ ദക്ഷിണ റയിൽവെയുടെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
ആക്ഷേപങ്ങൾ ഉയർന്നതിനെ തുടർന്ന് നേരത്തെ വീഡിയോ നീക്കം ചെയ്തിരുന്നെങ്കിലും, വിശദീകരണം ലഭിച്ചതിന് ശേഷമാണ് അതേ വീഡിയോ വീണ്ടും പോസ്റ്റ് ചെയ്തത് എന്നാണ് റയിൽവെ അധികൃതർ വ്യക്തമാക്കുന്നത്. ഇംഗ്ലീഷ് പരിഭാഷയോടു കൂടിയാണ് വീഡിയോ വീണ്ടും പങ്കുവെച്ചിരിക്കുന്നത്. “എളമക്കര സരസ്വതി വിദ്യാലയത്തിലെ വിദ്യാർത്ഥികൾ പാടിയ ദേശഭക്തിഗാനം” എന്ന കുറിപ്പും റെയിൽവേയുടെ പോസ്റ്റിൽ ചേർത്തിട്ടുണ്ട്.
പാട്ട് സ്കൂൾ അസംബ്ലിയുടെ ഭാഗമാണെന്നും ദിവസേന പാടുന്ന പതിവ് ദേശഗാനമാണെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കിയതിനെ തുടർന്നാണ് റെയിൽവേയുടെ തീരുമാനം മാറ്റിയത്. വീഡിയോ വീണ്ടും പ്രസിദ്ധീകരിച്ചതിന് നന്ദി രേഖപ്പെടുത്തി സ്കൂളിന്റെ പ്രിൻസിപ്പൽ പ്രതികരിച്ചു. “വന്ദേഭാരതിന്റെ ഉദ്ഘാടനയാത്രയിൽ പങ്കെടുപ്പിച്ച റെയിൽവേ മന്ത്രിക്കും പ്രധാനമന്ത്രിക്കും നന്ദി. ‘പലനിറമെങ്കിലും ഒറ്റമനസ്സായ് വിടർന്നു നിൽക്കുന്ന മുകുളങ്ങൾ’ എന്ന വരികൾ ഇന്ത്യയുടെ ഐക്യത്തിന്റെ ആത്മാവാണ് പ്രതിഫലിപ്പിക്കുന്നത്,” — അവർ പറഞ്ഞു.











