
കൊച്ചി: ഓപ്പറേഷൻ സിന്ദൂറിൽ ശത്രുവിനെ നേരിടുന്നതിൽ നാവികസേന നിർണ്ണായക പങ്ക് വഹിച്ചതായി ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്മിറൽ സമീർ സക്സേണ. ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് നടന്ന റിപ്പബ്ളിക് ദിനാഘോഷ പരേഡിൽ അഭിവാദ്യം സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കടൽമാർഗമുള്ള ശത്രുവിൻ്റെ നീക്കങ്ങൾക്ക് തടയിടാൻ നാവികസേനയുടെ സമുദ്രാധിപത്യം സഹായകമായി. നാവികസേനയുടെ ഓപ്പറേഷണൽ ശേഷിയും വിശ്വാസ്യതയും ഒപ്പറേഷൻ സിന്ദൂറിൽ മാറ്റുരയ്ക്കപ്പെട്ടു. കര, വ്യോമസേനകൾക്കൊപ്പം സംയുക്തമായും ഒറ്റയ്ക്കും നാവികസേന കരുത്ത് തെളിയിച്ചതായും അദ്ദേഹം പറഞ്ഞു.
റിപ്പബ്ലിക് ദിനം സതേൺ നേവൽ കമാൻഡിൽ പരമ്പരാഗതവും വർണാഭവുമായ ചടങ്ങുകളോടെയാണ് ആഘോഷിച്ചത്. രാവിലെ നേവൽ കമാൻഡ് ആസ്ഥാനത്തെ യുദ്ധസ്മാരകത്തിൽ ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്മിറൽ സമീർ സക്സേണ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് കമാൻഡർ ദീപക്ക് സുഹാഗിൻ്റെ നേതൃത്വത്തിൽ നടന്ന പരേഡിൽ അഭിവാദ്യം സ്വീകരിച്ചു. സീ കേഡറ്റ് കോർപ്സ്, എൻ.സി.സി പ്ലാറ്റൂണുകളിൽ നിന്നുള്ള 850 സേനാംഗങ്ങളും കേഡറ്റുകളും പരേഡിൽ അണിനിരന്നു.
രാജ്യത്തിൻ്റെ അഖണ്ഡത കാത്തു സൂക്ഷിക്കാൻ രാജ്യത്തെ സേനാ വിഭാഗങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് സമീർ സക്സേണ പറഞ്ഞു. ഇന്ത്യയുടെ തന്ത്രപ്രധാന സുരക്ഷാ കാഴ്ചപ്പാടിൽ തീരസുരക്ഷ പ്രധാന ഘടകമായി മാറി. ഇന്ത്യൻ ഓഷ്യൻ റീജ്യയണിൽ വിശ്വാസ്യതയും രാജ്യങ്ങൾക്ക് ആശ്രയിക്കാവുന്നതുമായ സേനയായി ഇന്ത്യൻ നാവിക സേന മാറിയിരിക്കുന്നു. മേഖലയുടെ സുസ്ഥിരതയ്ക്ക് വലിയൊരു അളവോളം സംഭാവന നൽകാൻ നാവികസേനയുടെ സാന്നിധ്യം സഹായകമാകുന്നു. കഴിഞ്ഞ ഒരു വർഷക്കാലയളവിൽ 12 യുദ്ധക്കപ്പലുകൾ നാവികസേന കമ്മീഷൻ ചെയ്തു. ഇതര രാജ്യങ്ങളിൽ നിന്ന് യുദ്ധക്കപ്പലുകൾ വാങ്ങുന്ന രാജ്യം എന്ന നിലയിൽ നിന്നും സ്വന്തമായി സൈനിക ആവശ്യങ്ങൾക്ക് കപ്പലുകളും ഉപകരണങ്ങളും നിർമ്മിക്കുന്ന രാജ്യമായി ഇന്ത്യ വളർന്നതായും ദക്ഷിണ നാവിക സേനാ മേധാവി പറഞ്ഞു .
Photo Courtesy - Google








