08:10pm 03 September 2026
NEWS
ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നെന്ന പേരിൽ ഡീപ്‌സീക്കിന് നിരോധനം ഏർപ്പെടുത്തി ​ദക്ഷിണ കൊറിയ
17/02/2025  05:04 PM IST
nila
ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നെന്ന പേരിൽ  ഡീപ്‌സീക്കിന് നിരോധനം ഏർപ്പെടുത്തി ​ദക്ഷിണ കൊറിയ

ചൈനീസ് നിർമ്മിത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ചാറ്റ്ബോട്ടായ ഡീപ്‌സീക്കിന് ദക്ഷിണ കൊറിയയിൽ വിലക്ക്. ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നു എന്നാരോപിച്ചാണ് നടപടി. ഡാറ്റാ സംരക്ഷണ നിയമങ്ങൾ പാലിക്കാത്തതിനാൽ ഡീപ്‌സീക്കിന്റെ പുതിയ ഡൗൺലോഡുകൾക്ക് വിലക്കേർപ്പെടുത്തുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ഡീപ്‌സീക്ക് ഡാറ്റാ സംരക്ഷണ നിയമങ്ങൾ പാലിക്കുന്നില്ല എന്നാണ് ദക്ഷിണ കൊറിയയുടെ ആരോപണം. 

ഉപയോക്താക്കളുടെ വിവരങ്ങൾ ഡീപ്‌സീക്ക് എഐ ശേഖരിക്കുന്നുണ്ടെന്ന കാര്യം മുമ്പ് തന്നെ ​ദക്ഷിണ കൊറിയ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന ചോ​ദ്യത്തിന് പക്ഷേ ആപ്പ് അധികൃതർ കൃത്യമായ ഉത്തരം നൽകാതെ വന്നതോടെയാണ് വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ രാജ്യത്തിന്റെ സ്വകാര്യത സംരക്ഷണ നിയമം അനുസരിച്ച് ഡീപ്‌സീക്ക് പ്രവർത്തിച്ചാൽ വിലക്ക് നീക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം, ദക്ഷിണ കൊറിയയുടെ ഈ നടപടിയെക്കുറിച്ച് ഡീപ്‌സീക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ചൈന സ്വകാര്യതയ്ക്കും ഡാറ്റാ സംരക്ഷണത്തിനും പ്രാധാന്യം നൽകുന്നുണ്ടെന്നും നിയമവിരുദ്ധമായി വിവരങ്ങൾ ശേഖരിക്കില്ലെന്നും ചൈനീസ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നേരത്തെ ഡീപ്‌സീക്ക് ആപ്ലിക്കേഷനുകളിൽ നിന്ന് വിവരങ്ങൾ ചോർന്നതായി സൈബർ സുരക്ഷാ കമ്പനിയായ വിസ്സൺ വെളിപ്പെടുത്തിയിരുന്നു. ഇത് വലിയ ആശങ്കയ്ക്ക് കാരണമായിരുന്നു.

ഓപ്പൺ എഐയുടെ ചാറ്റ് ജിപിടിക്ക് ഭീഷണിയായി ചൈനയിൽ നിന്നുള്ള ഒരു എഐ ചാറ്റ്ബോട്ടാണ് ഡീപ്‌സീക്ക്. കുറഞ്ഞ മുതൽമുടക്കിൽ വികസിപ്പിച്ച ‘ഡീപ്‌സീക്ക് ആർ 1’ എന്ന എഐ ടൂൾ വഴി ആഗോള ശ്രദ്ധ നേടാൻ ഡീപ്‌സീക്കിന് കഴിഞ്ഞിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img