
കർണാടകം: വർഗീയ സംഘർഷങ്ങളാൽ കലുഷിതമാണ് കേരളത്തിലെ കാസർഗോഡ് ജില്ലയോട് തൊട്ടുകിടക്കുന്ന ദക്ഷിണ കന്നഡജില്ല. മംഗളുരു നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം. തടർച്ചയായുള്ള സംഘട്ടനങ്ങളും ക്രൂരമായ കൊലപാതകങ്ങളും മൂലം ഈ ജില്ലയിലെ പല പ്രദേശങ്ങളിലെയും സാമൂഹ്യാവസ്ഥ വഷളായിട്ടുണ്ട്. സ്വൈര്യജീവിതം അസാധ്യമായി തീർന്നിട്ടുണ്ട്. മംഗളുരു നഗരത്തിലും സമീപപ്രദേശങ്ങളിലും ധാരാളം മലയാളികളുണ്ട്. ഹിന്ദുത്വ തീവ്രവാദവും ഇസ്ലാമിക തീവ്രവാദവും ശക്തമാണിവിടെ. ഏറ്റുമുട്ടലുകൾ ഇടയ്ക്കിടെ ഉണ്ടാകുന്നു. വർഗീയ നിറമുള്ള രാഷ്ട്രീയസംഘട്ടനങ്ങൾ പലപ്പോഴും കൊലപാതകങ്ങളിൽ ചെന്നെത്തുന്നു. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ സംഘർഷം നിയന്ത്രിക്കാനാണ്ആഭ്യന്തര വകുപ്പിന്റെ കീഴിൽ വർഗീയ വിരുദ്ധസേന രൂപീകരിച്ചിട്ടുള്ളത്. ഭരണ പ്രതിപക്ഷനേതാക്കൾ തമ്മിൽ സൗഹൃദമില്ലാത്തതും സ്ഥിതിഗതികൾ മോശമാകാനുള്ള കാരണമാണ്. ആരോഗ്യ- കുടുംബക്ഷേമ മന്ത്രി ദിനേഷ് ഗുണ്ടുറാവുവിനാണ് ജില്ലയുടെ ചുമതല. നല്ല പ്രതിഛായയും ദീർഘകാലത്തെ പ്രവർത്തന പരിചയവുമുള്ള ദിനേഷ് മുൻമുഖ്യമന്ത്രി ഗുണ്ടുറാവുവിന്റെ മകനാണ്. എല്ലാവിഭാഗങ്ങളെയും ഒന്നിച്ചുകൊണ്ടുപോകാനും ശാന്തമായ സാമൂഹ്യാന്തരീക്ഷം പുനസ്ഥാപിക്കാനും ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ട് അദ്ദേഹം. ദക്ഷിണ കന്നഡ ജില്ലയിൽ സ്വതന്ത്രമായി ഇടപെടാൻ മന്ത്രിക്ക് കഴിയുന്നില്ലെന്ന് വാർത്തയുണ്ടായിരുന്നു. അതിനിടയിലാണ് അദ്ദേഹം ദക്ഷിണ കന്നഡ ജില്ലയുടെ ചുമതലയിൽ നിന്ന് ഒഴിയുകയാണെന്ന വാർത്തയും പുറത്തുവന്നത്. പക്ഷെ മന്ത്രി അത് നിഷേധിച്ചു. "അങ്ങനെയൊരു ആവശ്യം ഞാൻ മുന്നോട്ടുവെച്ചിട്ടില്ല. ആരെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് ഞാൻ ഉത്തരവാദിയല്ല.ദക്ഷിണ കന്നഡ ജില്ലയിൽ സമാധാനം പുനസ്ഥാപിക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണ്. രാഷ്ട്രീയ സമുദായിക നേതാക്കളുമായി ചർച്ച നടത്തുന്നുണ്ട് " രണ്ടു ദിവസത്തെ മംഗളുരു സന്ദർശനത്തിന് ശേഷം ബംഗളുരുവിൽ മടങ്ങിയെത്തിയ ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. ആഭ്യന്തരമന്ത്രി ഡോക്ടർ ജി പരമേശ്വരയുടെ ഒരു പരാമർശമാണ് തെറ്റിധാരണയ്ക്ക് ഇടയാക്കിയത്. "രണ്ടു വിഭാഗങ്ങളിലും കുഴപ്പമുണ്ട്. തീവ്രനിലപാടുകളുള്ള ചില ഹിന്ദു- മുസ്ലിം സംഘടനകളാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. അവർ സമുദായങ്ങളെ തമ്മിലടിപ്പിക്കുന്നു. പക്ഷം പിടിക്കാതെ, മുഖം നോക്കാതെ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ജനങ്ങളിൽ 95 ശതമാനവും സമാധാനം ആഗ്രഹിക്കുന്നവരാണ്. പ്രശ്നക്കാരെ കർശനമായി നേരിടാനായി പുതിയ നിയമം കൊണ്ടുവരാൻ ഗവണ്മെന്റ് ആലോചിക്കുന്നുണ്ട് " മന്ത്രി വിശദമാക്കി. ദക്ഷിണ കന്നഡ ജില്ലയിലെ പല പ്രദേശങ്ങളിലും സംഘർഷാവസ്ഥ തുടരുകയാണ്.











