
കൊച്ചി: ബാങ്കിംഗ് രംഗത്തെ പ്രമുഖരായ സൗത്ത് ഇന്ത്യന്‍ ബാങ്ക് 2025-26 സാമ്പത്തികവര്‍ഷത്തില്‍ 1455.14 കോടി രൂപ അറ്റാദായം നേടി. ബാങ്ക് ഇതുവരെ നേടിയതില്‍ ഏറ്റവും ഉയര്‍ന്ന അറ്റാദായമാണിത്. 2024 - 25 സാമ്പത്തിക വര്‍ഷത്തില്‍ നേടിയ അറ്റാദായമായ 1302.88 കോടി രൂപയേക്കാള്‍ 11.69 ശതമാനം വളര്‍ച്ചയാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ നേടിയിരിക്കുന്നത്. എസ്.ഐ.ബിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ബിസിനസായ 2,23,620 കോടി രൂപയുടെ ഇടപാടുകളാണ് ഈ സാമ്പത്തിക വര്‍ഷം നടത്തിയിരിക്കുന്നത്. ബാങ്കിന്റെ എക്കാലത്തേയും മികച്ച ഉയര്‍ന്ന പ്രവര്‍ത്തന ലാഭമായ 2,373 കോടി രൂപയും ഈ സാമ്പത്തിക വര്‍ഷം നേടാനായി. ബാങ്കിന്റെ ഏറ്റവും മികച്ച പലിശേതര വരുമാനമായി 2,009 കോടി രൂപ ഈ സാമ്പത്തിക വര്‍ഷം നേടിയെടുക്കാനും കഴിഞ്ഞു.
എഴുതിത്തള്ളിയത് ഉള്‍പ്പെടെയുള്ള കിട്ടാക്കടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം (പി.സി.ആര്‍), മുന്‍വര്‍ഷത്തെ 85.03 ശതമാനത്തില്‍ നിന്ന് 907 ബേസിസ് പോയിന്റുകള്‍ വര്‍ധിച്ച് 94.10 ശതമാനമായി. എഴുതിത്തള്ളിയത് ഒഴികെയുള്ള പി.സി.ആര്‍ കഴിഞ്ഞ വര്‍ഷത്തെ 71.77 ശതമാനത്തില്‍ നിന്ന് 810 ബേസിസ് പോയിന്റുകള്‍ ഉയര്‍ന്ന് 79.87 ശതമാനമായി. മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 3.20 ശതമാനത്തില്‍ നിന്ന് 177 ബേസിസ് പോയിന്റ് കുറഞ്ഞ് 1.43 ശതമാനമായി. അറ്റ നിഷ്‌ക്രിയ ആസ്തികള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 63 ബേസിസ് പോയിന്റ് കുറഞ്ഞ് 0.92 ശതമാനത്തില്‍ നിന്ന് 0.29 ശതമാനമായി. ഈ വര്‍ഷത്തെ പ്രവര്‍ത്തന ലാഭം 2025 സാമ്പത്തിക വര്‍ഷത്തിലെ 2,270 കോടി രൂപയില്‍ നിന്ന് 4.55 ശതമാനം വര്‍ദ്ധിച്ച് 2026 സാമ്പത്തിക വര്‍ഷത്തില്‍ 2,373 കോടി രൂപയായി. വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി ഡയറക്ടര്‍ ബോര്‍ഡ് 45 ശതമാനം ലാഭവിഹിതം ശുപാര്‍ശ ചെയ്തിരുന്നു.
റീട്ടെയില്‍ നിക്ഷേപം 15,366 കോടി രൂപ വര്‍ധിച്ച് 1,04,750 കോടി രൂപയില്‍ നിന്ന് 1,20,116 കോടി രൂപയായി ഉയര്‍ന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 14.67 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇതില്‍ ഉണ്ടായിരിക്കുന്നത്. എന്‍.ആര്‍.ഐ നിക്ഷേപം 3,769 കോടി രൂപ വര്‍ധിച്ച് 31,602 കോടി രൂപയില്‍ നിന്ന് 35,371 കോടി രൂപയായി, വാര്‍ഷികാടിസ്ഥാനത്തില്‍ 11.92 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. സേവിംഗ്‌സ് ബാങ്ക് വാര്‍ഷികാടിസ്ഥാനത്തില്‍ 17.24 ശതമാനം വളര്‍ച്ച നേടി 27,699 കോടി രൂപയില്‍ നിന്ന് 32,475 കോടി രൂപയായി.
മൊത്ത വായ്പകള്‍ 12,695 കോടി രൂപ വര്‍ധിച്ച് 87,579 കോടി രൂപയില്‍ നിന്ന് 1,00,274 കോടി രൂപയായി, വാര്‍ഷികാടിസ്ഥാനത്തില്‍ 14.50 ശതമാനം വര്‍ധനവാണ് ബാങ്ക് നേടിയെടുത്തത്. കോര്‍പ്പറേറ്റ് വിഭാഗം 2,472 കോടി രൂപ വര്‍ധിച്ച് 36,198 കോടി രൂപയില്‍ നിന്ന് 38,670 കോടി രൂപയായി, നല്ല റേറ്റിംഗുള്ള വായ്പക്കാരുടെ അക്കൗണ്ടുകളില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 6.83 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. വലിയ കോര്‍പ്പറേറ്റ് വിഭാഗത്തില്‍ എ അല്ലെങ്കിൽ അതിനു മുകളിൽ റേറ്റ് ചെയ്ത അക്കൗണ്ടുകളുടെ വിഹിതം 99.10 ശതമാനമായി. സ്വര്‍ണ്ണ വായ്പാ പോര്‍ട്ട്‌ഫോളിയോ 16,982 കോടി രൂപയില്‍ നിന്ന് 7,747 കോടി രൂപ വര്‍ധിച്ച് 24,729 കോടി രൂപയായി, വാര്‍ഷികാടിസ്ഥാനത്തില്‍ 45.62 ശതമാനം വര്‍ധനവുണ്ടായി. വാഹന വായ്പ 21.39 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1,987 കോടി രൂപയില്‍ നിന്ന് 2,412 കോടി രൂപയായി. ബിസിനസ് വിഭാഗം 1,092 കോടി രൂപ വര്‍ധിച്ച് 12,686 കോടി രൂപയില്‍ നിന്ന് 13,778 കോടി രൂപയായി, വാര്‍ഷികാടിസ്ഥാനത്തില്‍ 8.61 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. മോര്‍ട്ട്‌ഗേജ് വായ്പ 1,621 കോടി രൂപ വര്‍ധിച്ച് 3,814 കോടി രൂപയില്‍ നിന്ന് 5,435 കോടി രൂപയായി, വാര്‍ഷികാടിസ്ഥാനത്തില്‍ 42.50 ശതമാനം വര്‍ധനവുണ്ടായി.
സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍, സുസ്ഥിരമായ ലാഭക്ഷമത, മികച്ച ആസ്തി നിലവാരം, മികച്ച വായ്പാ പുസ്തകം, ശക്തമായ റീട്ടെയില്‍ ബാധ്യതാ പോര്‍ട്ട്‌ഫോളിയോ എന്നിവയില്‍ കേന്ദ്രീകരിച്ചാണ് ഞങ്ങളുടെ നയതന്ത്രം തുടരുന്നതെന്ന് പറയുന്നതില്‍ സന്തോഷമുണ്ടെന്ന് എസ്.ഐ.ബി എം.ഡിയും സി.ഇ.ഒയുമായ പി.ആര്‍ ശേഷാദ്രി പറഞ്ഞു. മുന്നോട്ടുള്ള യാത്രയില്‍ ബിസ്‌നസ് ലക്ഷ്യങ്ങള്‍ ഫലപ്രദമായി നേടിയെടുക്കാന്‍ സ്ഥാപനത്തിന്റെ ഘടന മെച്ചപ്പെടുത്തുകയും ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയും ചെയ്യും. റിപ്പോര്‍ട്ടിംഗ് കാലയളവില്‍, ലക്ഷ്യമിട്ട എല്ലാ വിഭാഗങ്ങളിലും ബാങ്ക് സുസ്ഥിരമായ വളര്‍ച്ച കൈവരിച്ചു. കോര്‍പ്പറേറ്റ് വായ്പ, എം.എസ്.എം.ഇ, വാഹന വായ്പകള്‍, മോര്‍ട്ട്‌ഗേജ് വായ്പകള്‍, സ്വര്‍ണ്ണ വായ്പകള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഗുണനിലവാരമുള്ള ആസ്തികള്‍ നേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിഞ്ഞു. 'ഗുണനിലവാരമുള്ള ക്രെഡിറ്റ് വളര്‍ച്ചയിലൂടെ ലാഭം' എന്ന ഞങ്ങളുടെ തന്ത്രപരമായ ലക്ഷ്യവുമായി യോജിപ്പിച്ച്, നഷ്ടസാധ്യത കുറഞ്ഞ പ്രൊഫൈലുകളുള്ള പുതിയ മുന്നേറ്റങ്ങള്‍ ഞങ്ങള്‍ വിജയകരമായി സ്വീകരിച്ചു, ഇത് നല്ല സന്തുലിതവും ആരോഗ്യകരവുമായ ക്രെഡിറ്റ് പോര്‍ട്ട്ഫോളിയോ ഉറപ്പാക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാങ്കിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള 'എസ്‌ഐബിഒഎസ്എല്‍' ന്റെ സാമ്പത്തിക ഫലങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണ് ബാങ്കിന്റെ ഈ സാമ്പത്തിക ഫലങ്ങള്‍.
ഈ വര്‍ഷത്തെ ഐബിഎ ബാങ്കിങ്ങ് ടെക്‌നോളജി അവാര്‍ഡുകളില്‍ (IBA Banking Technology Awards) സൗത്ത് ഇന്ത്യന്‍ ബാങ്ക് വീണ്ടും ശ്രദ്ധേയമായ ആറ്
അവാര്‍ഡുകള്‍ നേടി. മികച്ച സാങ്കേതിക പ്രതിഭയും സ്ഥാപനവും (വിജയി), മികച്ച എഐ - എം.എല്‍ അഡോപ്ഷന്‍ (റണ്ണര്‍ അപ്), മികച്ച ടെക് ബാങ്ക് (റണ്ണര്‍-അപ്പ്), മികച്ച ഡിജിറ്റല്‍ സെയില്‍സ് (റണ്ണര്‍-അപ്പ്), മികച്ച ഫിന്‍ടെക് ആന്‍ഡ് ഡിജിറ്റല്‍ പേയ്മെന്റ് ഇന്‍ഡെക്‌സ് അഡോപ്ഷന്‍ (പ്രത്യേക പരാമര്‍ശം), മികച്ച ഐടി ആന്‍ഡ് റിസ്‌ക് മാനേജ്‌മെന്റ് (പ്രത്യേക പരാമര്‍ശം) എന്നിവയാണ് അവാര്‍ഡുകള്‍. ഐ.ബി.ഇ.എക്‌സ് ബി.എഫ്.എസ്.ഐ ടെക് അവാര്‍ഡില്‍ (IBEX BFSI Tech Awards) എഐ വാന്‍ഗാര്‍ഡ് വിഭാഗത്തില്‍ വെള്ളി അവാര്‍ഡും എസ്.ഐ.ബി നേടി. ഇടി ബ്രാന്‍ഡ് ഇക്വിറ്റിയുടെ (ET Brand Equity) പ്രോട്ടീന്‍ ഡിജിറ്റല്‍ ഡിസ്‌റപ്‌റ്റേഴ്സ് 2026 ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് നല്‍കിയതും ഈ സാമ്പത്തികവര്‍ഷമാണ്. ബാങ്കിംഗ് സാങ്കേതികവിദ്യയിൽ മുന്നേറാനുള്ള ബാങ്കിന്റെ പ്രതിബദ്ധതയെ അടിവരയിടുന്നതും, സൗത്ത് ഇന്ത്യൻ ബാങ്ക് വികസിപ്പിച്ചെടുത്ത ഡിജിറ്റൽ വൈദഗ്ധ്യത്തെ പ്രകടമാക്കുന്നതുമാണ് ഈ അവാർഡുകൾ സ്ഥിരമായി ലഭിക്കുന്നത് വഴി വ്യക്തമാകുന്നത്.










