08:29pm 16 October 2026
NEWS
സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ സർവകാല റെക്കോർഡ് അറ്റാദായം നേടി സൗത്ത് ഇന്ത്യൻ ബാങ്ക് 426.13 കോടി രൂപ രേഖപ്പെടുത്തി
16/10/2026  06:13 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ സർവകാല റെക്കോർഡ് അറ്റാദായം നേടി സൗത്ത് ഇന്ത്യൻ ബാങ്ക് 426.13 കോടി രൂപ രേഖപ്പെടുത്തി

കൊച്ചി: സാമ്പത്തിക വർഷത്തിലെ (2026-27) രണ്ടാം പാദത്തിൽ എക്കാലത്തെയും ഉയർന്ന അറ്റാദായമായ 426.13 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി സൗത്ത് ഇന്ത്യൻ ബാങ്ക്. മുൻവർഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 21.28 ശതമാനമാണ് വർധനവ്. മുൻവർഷം ഇത് 351.31 കോടി രൂപയായിരുന്നു. 

37.95 ശതമാനം വാർഷിക വളർച്ചയോടെ, 1,116 കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന അറ്റ ​​പലിശ വരുമാനമാണ് ബാങ്ക് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രവർത്തന ലാഭം 37 ശതമാനം വർധിച്ച് 732 കോടി രൂപയായി. മുൻ വർഷത്തെ അപേക്ഷിച്ച് അറ്റ ​​പലിശ മാർജിൻ 2.80 ശതമാനത്തിൽ നിന്ന് 3.33 ശതമാനമായി വർധിച്ചു. മൊത്ത നിഷ്ക്രിയ ആസ്തികൾ മുൻ വർഷത്തെ 2.93 ശതമാനത്തിൽ നിന്നും 169 ബേസിസ് പോയിന്റുകൾ കുറച്ച് 1.24 ശതമാനത്തിലെത്തി. അറ്റ നിഷ്ക്രിയ ആസ്തികൾ മുൻവർഷത്തെ 0.56 ശതമാനത്തിൽ നിന്നും 47 പോയിന്റുകൾ കുറച്ച് 0.09 ശതമാനത്തിലെത്തി. കിട്ടാക്കടങ്ങളുടെ നീക്കിയിരിപ്പ് അനുപാതം 760 പോയിന്റുകൾ വർധിച്ച് 97.84 ശതമാനമായി. മുൻവർഷം ഇത് 90.25 ശതമാനമായിരുന്നു.

റീട്ടെയിൽ നിക്ഷേപം 1,12,625 കോടി രൂപയിൽ നിന്ന് 1,29,353 കോടി രൂപയായി വർധിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് 14.85 ശതമാനം ഉയർച്ചയിൽ 16,728 കോടി രൂപയാണ് ഈ വർഷം വർധിച്ചിരിക്കുന്നത്. പ്രവാസി (എൻ.ആർ.ഐ) നിക്ഷേപം 15.09 ശതമാനം വർധിച്ച് 38,203 കോടി രൂപയിലെത്തി. മുൻ വർഷം ഈ കാലയളവിൽ 33,195 കോടി രൂപയായിരുന്നു എൻ.ആർ.ഐ നിക്ഷേപം. 5,008 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കറന്റ് അക്കൗണ്ട്, സേവിങ്ങ്സ് അക്കൗണ്ടുകളിലെ (കാസ) നിക്ഷേപത്തിൽ 17.56 ശതമാനം വളർച്ചയുണ്ടായി. സേവിങ്ങ്സ് ബാങ്കിൽ 14.34 ശതമാനവും കറണ്ട് അക്കൗണ്ടിൽ 31.19 ശതമാനവും വളർച്ചയുണ്ടായി.

മൊത്ത വായ്പാ വിതരണം 18.67 ശതമാനം വളർച്ച കൈവരിച്ച് 92,286 കോടി രൂപയിൽ നിന്നും 1,09,517 കോടി രൂപയായി ഉയർന്നു. 17,231 കോടി രൂപയുടെ വർധനവുണ്ടായി. കോർപ്പറേറ്റ് വിഭാഗത്തിൽ, വായ്പാ തുക 37,008 കോടി രൂപയിൽ നിന്ന് 43,164 കോടി രൂപയായി വർധിച്ചു. മുൻവർഷത്തെ അപേക്ഷിച്ച്  16.63 ശതമാനത്തിന്റെ വളർച്ചയോടെ 6156 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സ്വർണ വായ്പകൾ 18,845 കോടി രൂപയിൽ നിന്ന് 26,603 കോടി രൂപയായി. 41.17 ശതമാനമാണ് വാർഷിക വളർച്ച. 7,758 കോടി രൂപയുടെ വളർച്ചയാണ് ഉണ്ടായത്. ബിസിനസ് വിഭാഗത്തിൽ 13,424 കോടി രൂപയിൽ നിന്ന് 2,066 കോടി രൂപയുടെ വർധനവുണ്ടായി 15,490 കോടി രൂപയായി. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 15.39 ശതമാനം വർധനവാണ് കാണിക്കുന്നത്. മോർട്ട്ഗേജ് വായ്പ 3,929 കോടി രൂപയിൽ നിന്ന് 1,215 കോടി രൂപ വർധിച്ച് 5,144 കോടി രൂപയായി. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 30.92 ശതമാനത്തിന്റെ വർധനവുണ്ടായി. വാഹന വായ്പ 2,288 കോടി രൂപയിൽ നിന്ന് 360 കോടി രൂപ വർധിച്ച് 2,648 കോടി രൂപയായി. മുൻ വർഷത്തെ അപേക്ഷിച്ച് 15.73 ശതമാനം വർധനവാണ് ഉണ്ടായത്. വലിയ കോർപ്പറേറ്റ് വിഭാഗങ്ങളിൽ 99.10 ശതമാനവും 'എ' യോ അതിനുമുകളിലോ റേറ്റിങ് ഉള്ള വിഭാഗത്തിൽ പെടുന്നവയാണ്.

സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിക്കുമ്പോൾ, സുസ്ഥിരമായ ലാഭക്ഷമത, മികച്ച ആസ്തി ഗുണനിലവാരം, കരുത്തുറ്റ വായ്പാ പോർട്ട്‌ഫോളിയോ, ശക്തമായ റീട്ടെയിൽ ലയബിലിറ്റി പോർട്ട്‌ഫോളിയോ എന്നിവയിൽ കേന്ദ്രീകരിച്ചുള്ള ഞങ്ങളുടെ ബിസ്നസ് തന്ത്രം തുടർന്നും മുന്നോട്ട് പോകുന്നുവെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ മഹേഷ് മുരളീധർ പൈ പറഞ്ഞു. ഞങ്ങളുടെ ബിസിനസ്സ് ലക്ഷ്യങ്ങൾ ഫലപ്രദമായി കൈവരിക്കുന്നതിനായി, സ്ഥാപനത്തിന്റെ ഘടന മെച്ചപ്പെടുത്തുകയും ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഈ റിപ്പോർട്ടിംഗ് കാലയളവിൽ, കോർപ്പറേറ്റ് വായ്പകൾ, എം.എസ്.എം.ഇ വായ്പകൾ, ഭവന വായ്പകൾ, വാഹന വായ്പകൾ, സ്വർണ്ണ വായ്പകൾ തുടങ്ങിയ മേഖലകളിൽ മികച്ച ഗുണനിലവാരമുള്ള ആസ്തികൾ നേടുന്നതിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ലക്ഷ്യമിട്ട എല്ലാ വിഭാഗങ്ങളിലും ബാങ്ക് സ്ഥിരമായ വളർച്ച കൈവരിച്ചു. സജീവമായ ഉപഭോക്തൃ ഇടപെടലുകളിലൂടെയും ഗുണനിലവാരമുള്ള നിക്ഷേപങ്ങൾ ആകർഷിക്കുന്നതിലൂടെയും ബാങ്കിന്റെ നിക്ഷേപ അടിത്തറയും കൂടുതൽ ശക്തിപ്പെടുത്തിവരികയാണ്. 'ഗുണമേന്മയുള്ള വായ്പാ വളർച്ചയിലൂടെ ലാഭക്ഷമത' എന്ന ഞങ്ങളുടെ തന്ത്രപരമായ ലക്ഷ്യത്തിന് അനുസൃതമായി, കുറഞ്ഞ റിസ്ക് സ്വഭാവമുള്ള പുതിയ വായ്പകൾ വിജയകരമായി ഉൾപ്പെടുത്തിക്കൊണ്ട് സന്തുലിതവും ആരോഗ്യകരവുമായ ഒരു വായ്പാ പോർട്ട്‌ഫോളിയോ ഞങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബാങ്കിന്റെ പൂർണ ഉടമസ്ഥതയിലുള്ള എസ്.ഐ.ബി.ഒ.എസ്.എൽന്റെ ഫലങ്ങൾ കൂടി ഉൾപ്പെട്ടതാണ് ബാങ്കിന്റെ ഈ സാമ്പത്തിക ഫലങ്ങൾ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img